പെരിയ: പെരിയ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കോവിഡ് സ്രവശേഖരണ യൂണിറ്റ് തൊട്ടടുത്തുള്ള വയോജന പകല്‍ വിശ്രമകേന്ദ്രത്തിലേക്ക് മാറ്റിയതോടെ ആശങ്കയിലായിരിക്കുകയാണ് പെരിയയിലെ ജനങ്ങള്‍. ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് കാര്‍ഷികസേവന കേന്ദ്രവും വയോജന പകല്‍വിശ്രമ കേന്ദ്രവും പ്രവര്‍ത്തിക്കുന്നത്. രണ്ടും തമ്മില്‍ മീറ്ററുകളുടെ അകലം മാത്രം.
കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന നിരവധിപേരാണ് സ്രവം നല്‍കാനായി ഇവിടെ എത്തുന്നത്. കാര്‍ഷികസേവന കേന്ദ്രത്തിലാകട്ടെ വിത്ത്, ചെടി, കമ്പോസ്റ്റ് എന്നിവയ്‌ക്കായി ദിനംപ്രതി നൂറുകണക്കിന് കര്‍ഷകരാണ് വന്നുപോകുന്നത്. രണ്ടിടത്തേക്കും ഒരേ പ്രവേശനകവാടമായതിനാല്‍ നിരീക്ഷണത്തില്‍ കഴിയുന്നവരും കാര്‍ഷികസേവന കേന്ദ്രത്തിലെത്തുന്നവരും തമ്മില്‍ സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ സാധ്യത കൂടുതലാണ്. രണ്ടിടങ്ങളും തമ്മില്‍ വേര്‍തിരിക്കാന്‍ പ്ലാസ്റ്റിക് കയര്‍ മാത്രമാണ് ഉപയോഗിച്ചത്. എന്നാല്‍ ഇപ്പോള്‍ കയര്‍ താഴ്‌ത്തിക്കെട്ടി അവിടെ ആംബുലന്‍സും മറ്റ് വാഹനങ്ങളും പാര്‍ക്ക് ചെയ്യാന്‍ ഉപയോഗിക്കുകയാണ്.
സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ കിടത്തിച്ചികിത്സ ആരംഭിക്കേണ്ടതിനാലാണ് സ്രവശേഖരണ യൂണിറ്റ് വയോജന പകല്‍വിശ്രമ കേന്ദ്രത്തിലേക്ക് മാറ്റിയത്. കാര്‍ഷികസേവന കേന്ദ്രം കൂടാതെ ദിവസേന നിരവധി ആള്‍ക്കാര്‍ വന്നുപോകുന്ന വില്ലേജ് ഓഫീസ്, കൃഷി ഓഫീസ്, കാന്റീന്‍ തുടങ്ങിയ കെട്ടിടങ്ങളാണ് പകല്‍വിശ്രമ കേന്ദ്രത്തിന് ചുറ്റും. ലോക്ക് ഡൗണിന് ശേഷം ധാരാളം ഇളവുകള്‍ ലഭിച്ചതോടെ ജാഗ്രതക്കുറവ് ജനങ്ങളിലും പ്രകടമാകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരിടത്ത് സ്രവശേഖരണം നടക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച സ്ഥലത്താണിത്.
ആശുപത്രിയില്‍ നിന്ന് മീറ്ററുകള്‍ മാത്രം അകലെ ആയതിനാല്‍ ശേഖരിച്ച സ്രവങ്ങള്‍ ആശുപത്രിയിലെത്തിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും വളരെ എളുപ്പമാണെന്ന് പെരിയ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ടി.എ. രാജ്‌മോഹന്‍ പറഞ്ഞു. ഇപ്പോള്‍ സ്രവശേഖരണം നടക്കുന്ന വിശ്രമകേന്ദ്രത്തില്‍നിന്ന് രണ്ട് കിലോമീറ്റര്‍ മാറി ഗവ. പോളിടെക്‌നിക് കോളേജ് പോലുള്ള സൗകര്യമേറെയുള്ള സ്ഥാപനങ്ങളുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: