ബാലുശ്ശേരി: കോവിഡ് 19 പ്രോട്ടോക്കോള്‍ ലംഘിച്ച് ഇരുന്നൂറിലധികം പേര് പങ്കെടുത്ത് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ബസ് ടെര്‍മിനല്‍ ഉദ്ഘാടനം. മന്ത്രി ടി.പി. രാമകൃഷ്ണനാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ചടങ്ങ് ആരംഭിച്ച് നിമിഷങ്ങള്‍ക്കകം മന്ത്രി വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.
നാലരയ്ക്ക് എത്തിയ മന്ത്രി നാട മുറിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ച് കെട്ടിടം നോക്കി കണ്ട ശേഷമാണ് വേദിയില്‍ എത്തിയത്. നിരവധി ഭരണകക്ഷി നേതാക്കള്‍ക്കൊപ്പം വേദിയിലിരുന്ന മന്ത്രി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപ ലേഖ കൊമ്പിലാട് സ്വാഗതം പറഞ്ഞു തീരും മുമ്പെ വേദിയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. എംഎല്‍എ പുരുഷന് കടലുണ്ടിയുടെ അദ്ധ്യക്ഷതയില്‍ ചടങ്ങ് തുടരുമ്പോഴും മന്ത്രി ബസ് സ്റ്റാന്റിനു മുന്നില്‍ നില്‍ക്കുകയായിരുന്നു.
സാമൂഹിക അകലം പാലിക്കാതെ അപ്പോഴും നിരവധി പേര് മന്ത്രിക്കൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാന്‍ വേണ്ടി മാസങ്ങള്‍ക്ക് മുമ്പ് വിപുലമായ സ്വാഗതസംഘം രൂപീകരിക്കുകയും ചെയ്തിരുന്നു. കെട്ടിട നിര്‍മ്മാണത്തിലെ അശാസ്ത്രീയത സിപിഎമ്മിലെ ഒരു വിഭാഗം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് ടി.പി. രാമകൃഷ്ണന് ഉദ്ഘാടക നാകുന്നത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും ടൗണ്‍ നവീകരണം ഇഴഞ്ഞുനീങ്ങുന്നതും ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു.
മൂന്നേമുക്കാല്‍ കോടിയോളം രൂപ ചെലവിട്ട ബസ് സ്റ്റാന്റ് കെട്ടിടം നിര്‍മ്മിച്ചത് അശാസ്ത്രീയമായാണെന്നും അഴിമതി നടന്നിട്ടുണ്ടെന്നും ആരോപിച്ച് ബിജെപി, കോണ്‍ഗ്രസ്, ലീഗ് തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. ഉദ്ഘാടന സ്ഥലത്ത് പ്രതിഷേധം ഉണ്ടാകുമെന്ന് സിപിഎം നേരത്തെ പ്രചാരണം നടത്തിയതോടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സംഘടിതരായി എത്തിയതാണ് ആള്‍ക്കൂട്ടത്തിന് കാരണമായതെന്നാണ് പറയുന്നത്. കോണ്‍ഗ്രസിന്റെ വാര്‍ഡ് അംഗവും ചടങ്ങില്‍ നിന്ന് വിട്ടുനിന്നതോടെ പരിപാടി പൂര്‍ണ്ണമായും ഇടതുപക്ഷത്തിന്റേതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: