അതിര്‍ത്തികളില്‍ വഴിയും പാലവും നിറഞ്ഞു
അതിര്‍ത്തി പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതടക്കം ഇന്ത്യ നടത്തുന്ന പ്രതിരോധ സജ്ജീകരണങ്ങളില്‍ ചൈനയ്ക്കുള്ള വെപ്രാളമാണ് ലഡാക്കിലെ അവരുടെ കടന്നു കയറ്റത്തിനു കാരണം. മയക്കം വിട്ടുണര്‍ന്ന് അനുദിനം കരുത്താര്‍ജ്ജിക്കുന്ന ഇന്ത്യന്‍ സൈനിക ശക്തി ചൈനീസ് വ്യാളിയെ ശരിക്കും ഭയപ്പെടുത്തിക്കളഞ്ഞു.
2008 മുതല്‍ 2014 വരെ നാം 7270 മീറ്റര്‍ പാലങ്ങളാണ് പണിതതെങ്കില്‍ 2014 മുതല്‍ 2020 രെയായി(മോദി സര്‍ക്കാര്‍ വന്നശേഷം) 14,450 മീറ്റര്‍ പാലമാണ് പണിതത്. 2008 മുതല്‍ 2014 വരെ 3610 കി.മി റോഡാണ് പണിതത്. 2014 മുതല്‍ 2020 വരെയായി 4764 കി.മി റോഡാണ് നാം നിര്‍മ്മിച്ചത്.
നിയന്ത്രണ രേഖ ലംഘിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നാണ് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് അത്തരമൊരു പ്രതികരണം ചൈനയ്ക്കു പുതിയ അനുഭവമാണ്. മുന്‍പെല്ലാം, വെല്ലുവിളികളെ നാം അവഗണിക്കുകയായിരുന്നുവെന്നും ഇനി ശക്തമായി തന്നെ നേരിടുമെന്നും മോദി പറഞ്ഞു.
നിയന്ത്രണ രേഖയില്‍ നമുക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ളതിനാല്‍ നാം കൂടുതല്‍ പട്രോളിങ്ങ് നടത്തും, അതിനാല്‍ കൂടുതല്‍ വെല്ലുവിളികളെ നേരിടേണ്ടിവരും, കൂടുതല്‍ ഏറ്റുമുട്ടലുകള്‍ നടത്തേണ്ടിയും വരും. ഏതാനും വര്‍ഷങ്ങളായി കിഴക്കന്‍ ലഡാക്കിലെ ചില തന്ത്രപ്രധാന മേഖലകളില്‍ ഇടയ്ക്കിടയ്ക്ക് സൈന്യങ്ങള്‍ മുഖാമുഖം വന്നിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതിനാല്‍ കൂടുതല്‍ പട്രോളിങ്ങ് നടത്തിയതിന്റെ നേരിട്ടുള്ള ഫലമായിരുന്നു അത്.
അത് ദൗര്‍ബ്ബല്യമല്ല. ബന്ധം വഷളാകുന്നതുകൊണ്ടുമല്ല. നിരീക്ഷിക്കാനും കണ്ടുപിടിക്കാനും ചൈനയുടെ’- പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പട്രോളിങ്ങിനോട് പ്രതികരിക്കാനും ഇന്ത്യയുടെ കരസേനയ്ക്ക് കൂടുതല്‍ കരുത്തു ലഭിച്ചുവെന്നതിന്റെ സൂചനയാണ്. അടിസ്ഥാന സൗകര്യം മെച്ചെപ്പെട്ടുവരുമ്പോള് ഈ സാധ്യതയും വര്‍ദ്ധിക്കും. ചൈനയുമായുള്ള ഇന്ത്യയുടെ ഇടപെടലിന് നീണ്ട ചരിത്രമുണ്ട്. മിക്ക തിരിച്ചടികളും നാം നേരിട്ടത് പഴയ ഭരണകാലത്ത്, പ്രത്യേകിച്ച് കോണ്‍ഗ്രസ് ഭരണകാലത്താണ്.
1952ല്‍ ടിബറ്റ്, ചൈന പിടിച്ചെടുത്തതോടെ തുടങ്ങിയതാണ്. അത് ഇന്ത്യ മിണ്ടാതെയങ്ങ് സ്വീകരിച്ചു. 1962ല്‍ വലിയൊരു ഭാഗം ഭൂമി തന്നെ നഷ്ടപ്പെട്ടു. അവിടെയൊരു പുല്‍നാമ്പു പോലും വളരില്ലെന്നാണ് അന്നത്തെ പ്രധാനമന്ത്രി അതിനെ വ്യാഖ്യാനിച്ചത്. അതിര്‍ത്തി പ്രശ്നങ്ങളോടുള്ള സമീപനം അതില്‍ നിന്ന് വ്യക്തമായിരുന്നു. 80 കളിലും 90 കളിലും സാമ്പത്തികമായും സൈനികമായും അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിലും ചൈന ഇന്ത്യയെ മറികടന്നപ്പോള്‍ പ്രതികരിക്കാനോ അതേ അളവിലെങ്കിലും വളരാനോ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. 90 കളില്‍ അതിര്ത്തിക്കാരാറുകളില്, പ്രത്യേകിച്ച് 93ലെ കരാര്‍, ഒപ്പിട്ടതോടെ ഇന്ത്യയുടെ തന്ത്രപരമായ കഴിവുകള്‍ വീണ്ടും പരിമിതപ്പെടുത്തേണ്ടിവന്നു.
അതിര്‍ത്തി ലംഘനങ്ങള്‍ അനുവദിച്ചു
യുപിഎ കാലത്ത്( 2004 മുതല്‍ 2014 വരെ), ചൈന അനുവര്‍ത്തിച്ചുവന്നിരുന്ന, വഞ്ചനാപരമായ, കുറേശെക്കുറേശെയുള്ള കടന്നു കയറ്റങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ അനുവദിച്ചു. 2008 മുതല്‍ 2012 വരെയായി ലഡാക്കിലെ ഡെംചോക്ക് മേഖലയിലെ ഭൂമി അങ്ങനെ നമുക്ക് നഷ്ടമായി.
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതു സംബന്ധിച്ച്, ചൈനയുമായുള്ള ഓട്ടത്തില്‍ നാം തോറ്റതായി അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആന്റണി പാര്‍ലമെന്റില്‍ സമ്മതിച്ചിട്ടുണ്ട്. ഈ കാലത്താണ് തന്ത്രപ്രധാനമായ ആയുധങ്ങളുടെ വലിയ കുറവ് ഇന്ത്യയ്ക്ക് ഉണ്ടെന്നും ശത്രുക്കളെ നേരിടാന്‍ അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങളല്‍ കുറവാണെന്നും കരസേനാ മേധാവിമാര്‍ ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയത്.
2014ല്‍ അധികാരമാറ്റമുണ്ടാവുകയും നരേന്ദ്ര മോദി അധികാരത്തില്‍ വരികയും ചെയ്തതോടെ നയങ്ങളിലെ തളര്‍ച്ച മാറി. പതിറ്റാണ്ടുകള്‍ പിന്തുടര്ന്നിരുന്ന, ചൈനാ അനുകൂലമായ നയം മാറ്റി. റോഡുകളും പാലങ്ങളും അതിവേഗം നിര്‍മ്മിച്ച് അതിര്‍ത്തി മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകള്‍ നികത്തി.
പല തലങ്ങളില്‍ മോദി ചൈനയെ വെല്ലുവിളിച്ചു. ധോക്ലാമിലെ കൈയേറ്റം തടഞ്ഞു, ആര്‍സിഇപി കരാര്‍ തടഞ്ഞു. ചൈനയുടെ സ്വപ്നപദ്ധതിയായ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയെ എതിര്‍ത്തു.
മോദി വന്നു; ചൈനയ്ക്ക് അസ്വസ്ഥത
തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളുടെ വേഗത്തിലുള്ള നിര്‍മ്മാണം 2014ല്‍ മോദി സര്‍ക്കാര്‍ വന്നതോടെയാണ് തുടങ്ങിയത്. നിയന്ത്രണ രേഖയില്‍ നിന്ന് നൂറു കി.മി വരെ ആകാശ ദൂരമുള്ള സ്ഥലങ്ങളില്‍ റോഡ് ശൃംഖല സൃഷ്ടിക്കാന്‍ 2014 ജൂലൈയില്‍ മോദി സര്‍ക്കാര്‍ ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന് അനുമതി നല്കി. ഇവ പണിയാന്‍ കേന്ദ്രത്തിന്റെ അനുമതിയും ഉദ്യോഗസ്ഥ തലത്തിലുള്ള നടപടികളും വേണമെന്ന വ്യവസ്ഥ മോദി സര്‍ക്കാര്‍ എടുത്തു കളഞ്ഞു. ഈ ഇളവ് അതിര്‍ത്തി സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും ബാധകമാക്കി. ബോര്‍ഡര്‍ ഔട്ട് പോസ്റ്റുകള്‍, ഫ്ളഡ് ലൈറ്റുകള്‍, വേലി നിര്‍മ്മാണം എന്നിവയ്ക്കും, ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള കേന്ദ്ര അര്‍ദ്ധ സൈനിക സംഘടനകള്‍ നിര്‍വ്വഹിക്കുന്ന നിര്‍മ്മാണങ്ങള്‍ക്കും ഈ ഇളവ് ലഭ്യമാക്കി.
ഇതിന് കടകവിരുദ്ധമായി വളരെ തന്ത്രപ്രധാനമായ പദ്ധതികള്‍ പല കാരണങ്ങള്‍ പറഞ്ഞ് തടസപ്പെടുത്തുകയായിരുന്നു യുപിഎ സര്‍ക്കാരിന്റെ കാലത്തെ നടപടി. പരിസ്ഥിതി അനുമതിയുടെ പേരിലായിരുന്നു പല അടിസ്ഥാന സൗകര്യ വികസന പദ്ധതികളും വൈകിപ്പിച്ചിരുന്നത്.
അധികാരം താഴെത്തട്ടിലേക്ക്മോദി സര്‍ക്കാര്‍ അധികാരം ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്റെ( ബിആര്‍ഒ) ഡയറക്ടര്‍ ജനറലിലേക്ക് കൈമാറി. ഇതോടെ ഇന്ത്യാ ചൈന അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ 66 റോഡുകളുടെ നിര്‍മ്മാണത്തിന് വഴിയൊരുങ്ങി. മുന്‍പ് ഒരോ അനുമതിയും പ്രതിരോധവകുപ്പില്‍ നിന്ന് ലഭിക്കണമായിരുന്നു. അനുമതി നല്‍കാനുള്ള അധികാരം ബിആര്‍ഒയിലെ ചീഫ് എന്‍ജിനിയര്‍ വരെയുള്ളവര്‍ക്ക് നല്കി.
ഇതിനു പുറമേ 2017 – 2020 കാലത്ത് വന്‍തോതിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനമാണ് കേന്ദ്രം ഏറ്റെടുത്തത്. ഇത് നിര്‍ണ്ണായക നടപടിയായിരുന്നു. 2017 മുതല്‍ നിര്‍മ്മാണ വസ്തുക്കളും ഉപകരണങ്ങളും വ്യോമമാര്‍ഗം എത്തിക്കാനുള്ള നടപടികളും വര്‍ദ്ധിപ്പിച്ചു. പലപ്പോഴും ചിനൂക്ക് ഹെലിക്കോപ്ടറുകളും ഇതിന് ഉപയോഗിച്ചു. നയരൂപീകരണത്തിലെ സജീവമായ ഈ മാറ്റം വന്‍തോതിലുള്ള അടിസ്ഥാനപരമായ സൗകര്യ വര്‍ദ്ധനയ്ക്ക് ഉപകരിച്ചു.
ബിആര്‍ഒയുടെ കണക്കു പ്രകാരം 2008 മുതല്‍ 2017വരെ ചൈന ഇന്ത്യ അതിര്‍ത്തിയിലെ 230 കി.മി റോഡാണ് പ്രതിവര്‍ഷം വെട്ടിയിരുന്നത്. 2017നും 2020നും ഇടയ്ക്ക് ഇത് 470 കിലോമീറ്ററായി. റോഡ് ടാറിങ്ങ് 2008നും 2017നും ഇടയ്ക്ക് പ്രതിവര്‍ഷം 170 കി.മിയായിരുന്നു. ഇത് 2017 – 2020 ന് ഇടയ്ക്ക് 380 കി.മിയായി. 2008നും 2014നും ഇടയ്ക്ക് ഒരൊറ്റ തുരങ്കം മാത്രമാണ് നിര്‍മ്മിച്ചത്. എന്നാല്‍ 2014 നും 2020 നും ഇടയ്ക്ക് ആറു തുരങ്കങ്ങള്‍ നിര്‍മ്മിച്ചു. 19 എണ്ണം നിര്‍മ്മാണത്തിലാണ്.
1962ലെ യുദ്ധത്തിനു ശേഷം അഞ്ച് പതിറ്റാണ്ടുകള്‍ അവഗണിക്കപ്പെട്ടിരുന്ന ഇന്ത്യാ – ചൈന അതിര്‍ത്തിയിലെ റോഡുകള്‍ക്ക് ഇപ്പോള്‍ പരിഗണന ലഭിക്കുന്നു, അവ റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കുന്നു. നിയന്ത്രണ രേഖയിലെ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കാനും ഉള്ളവ അപ്ഗ്രേഡു ചെയ്യാനും ഉള്ള ഇന്ത്യയുടെ നടപടികളാണ് ചൈനയുടെ കടന്നുകയറ്റത്തിന് പിന്നിലെന്ന് സംശയമില്ല.
അനില്‍ ധസ്മാന
റിസര്‍ച്ച് ആന്‍ഡ് അനാലിസിസ്
വിങ്ങ്(റോ)മുന്‍ സെക്രട്ടറി
പ്രതികരിക്കാൻ ഇവിടെ എഴുതുക: