പാലോട്: ഇരുപതോളം പശുക്കള്‍ നിറഞ്ഞ, കണ്ണിന് അഴകായി ഗോശാല. വീടിനു ചുറ്റും വനവൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച കാവ്. ലോകത്തെ ഭീതിയിലാഴ്ത്തിയ മഹാമാരിയെ തന്റെ കഥപറയും വീട്ടില്‍ കടക്കാന്‍ അനുവദിക്കാതെ ചെറുത്തു നില്‍ക്കുകയാണ് നടനും ചിത്രകാരനും കഥാകൃത്തുമായ പാലോട് പെരിങ്ങമ്മല പള്ളിവിള വീട്ടില്‍ അസിം പള്ളിവിള.
രുദ്രാക്ഷവും കമ്പകവും കരിമരവും ഇലിപ്പയും ഈഞ്ചയുമുള്പ്പെടെ അന്യം നിന്നുപോയ നൂറോളം വനവൃക്ഷങ്ങള്‍ നിറഞ്ഞതാണ് പള്ളിവിള വീട്. പ്രമുഖരായ എഴുത്തുകാരുടെ ഓര്‍മമരങ്ങളും വച്ചു പിടിപ്പിച്ചിട്ടുണ്ട്. വയലാറിന്റെ സ്മരണയ്ക്കായി ദേവദാരു നട്ടുകൊണ്ടാണ് സാഹിത്യ സപര്യയിലെ പുതുവഴിക്ക് അസിം പള്ളിവിള തുടക്കമിട്ടത്. ഈ കലാകാരന്റെ കൊറോണ പ്രതിരോധമാണ് ഈ സമയത്തെ കാവ് നടീല്‍. വീടൊഴികെയുള്ള സ്ഥലമാകെ മരങ്ങളും മുളങ്കാടും കാട്ടുവള്ളികളും പച്ചപ്പ് നല്കുന്നു.
മരങ്ങള്‍ക്ക് കീഴിലിരുന്ന് ഒരു ഡസനോളം പുസ്തകങ്ങളെഴുതിയ അസിം അറിയപ്പെടുന്ന സീരിയല്‍ താരവുമാണ്. ലോക് ഡൗണ്‍ കഴിയുമ്പോഴേക്കും തന്റെ പുതിയ പുസ്തകം പുറത്തിറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അസിം. ആശാന് ‘വീണപൂവി’-ന് പിറവി നല്കിയ കായിക്കര വിദ്യാലയാങ്കണത്തിലെ ചെമ്പകമരത്തില്‍ നിന്ന് ഇറുത്തെടുത്ത ശിഖരം പള്ളിവിള വീടിന്റെ പ്രധാന വാതിലിനു ഇരുവശത്തുമായി തലയുയര്‍ത്തി നില്‍പ്പുണ്ട്. കോവിലന്റെ തട്ടകം വായിച്ച് ആവേശം കൊണ്ട് നട്ടുപിടിപ്പിച്ച അശോകമരം, ഖസാക്കിന്റെ ഇതിഹാസത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒ.വി. വിജയന്റെ പേരുചാര്‍ത്തിയ സര്‍വസുഗന്ധി, വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രിയപ്പെട്ട മാങ്കോസ്റ്റിന്‍ മരം, മാധവിക്കുട്ടിയുടെ നീര്‍മാതളം എന്നിവയടക്കം നൂറോളം ഓര്മമരങ്ങളാണ് വീടിനുചുറ്റുമുള്ളത്.
കാവ് പരിപാലനത്തിനൊപ്പം ഗോക്കളെ മേയ്ക്കുന്നതും അസിം തന്നെ. പശുക്കളെ കറക്കുന്നതും നൂറോളം വീടുകളില്‍ പാല് എത്തിക്കുന്നതും ഈ എഴുത്തുകാരന്റെ ദിനചര്യയില്പ്പെടുന്നു. ആന്‍സിയാണ് ഭാര്യ. ഗ്രീഷ്മ, അന്നമ്മ, റംസ എന്നിവരാണ് മക്കള്‍.
ശിവാകൈലാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: