തിരുവനന്തപുരം: ജില്ലയില്‍ കൊറോണ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ പോലീസും ആരോഗ്യവകുപ്പും പരിശോധന കര്‍ശനമാക്കിയതോടെ ഭൂരിഭാഗം പേരും ഇന്നലെ വീട്ടില്‍ തന്നെ ഇരുന്നു. അനാവശ്യമായി പുറത്തിറങ്ങിയവര്‍ പോലീസിന്റെ മുന്നില്‍പെടുകയും ചെയ്തു. ഞായറാഴ്ചത്തെ സമ്പൂര്‍ണ ലോക്ഡൗണിന് ഇന്നലെ ഇളവുണ്ടായെങ്കിലും ജനങ്ങള്‍ ആരും പുറത്തിറങ്ങിയില്ല. ഇന്നലെ രാവിലെ മുതല്‍ നഗരത്തില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. അനാവശ്യമായി പുറത്തിറങ്ങിയവരെ താക്കീത് ചെയ്യുകയും ഹെല്‍മറ്റും മാസ്കും ഇല്ലാതെ ഇരുചക്രവാഹനത്തില്‍ എത്തിയവരുടെ പേരില്‍ നിയമനടപടിയും സ്വീകരിച്ചു.
നഗരത്തിലെ കടകള്‍ ഒട്ടുമിക്കതും അടഞ്ഞുകിടന്നു. അത്യാവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാണ് ചിലയിടത്തെങ്കിലും തുറന്നത്. ഓട്ടോ ടാക്സികള്‍ നിരത്തിലിറങ്ങിയെങ്കിലും ഇവര്‍ക്ക് ഓട്ടങ്ങള്‍ കുറവായിരുന്നു. കെഎസ്ആര്‍ടിസി വളരെക്കുറച്ച് സര്‍വീസുകള്‍ മാത്രമാണ് നടത്തിയത്. അടിയന്തര സേവനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ മാത്രമാണ് അധികമായും ഇന്നലെ പുറത്തിറങ്ങിയത്.
നഗരത്തില്‍ കണ്ടെയിന്മെന്റ് സോണുകളായി പ്രഖ്യാപിച്ച കാലടി, ആറ്റുകാല്‍, മണക്കാട് ചിറമുക്ക്,ഐരാണിമുട്ടം എന്നിവിടങ്ങളില്‍ ശക്തമായ പോലീസ് നിരീക്ഷണം തുടരുന്നുണ്ട്. മെഡിക്കല്‍ സ്റ്റോറുകളും മറ്റ് അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളും ഒഴികെ എല്ലാ കടകളും ഈ സോണില്‍ അടച്ചിടണം. വാഹനങ്ങള്‍ക്കും ആളുകള്‍ക്കും കെണ്ടയിന്‍മെന്റ് സോണിലേക്ക് പ്രവേശനം അനുവദിക്കില്ല. അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കായി അകത്തേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോകുന്നതിനും ഏര്‍പ്പെടുത്തിയിട്ടുള്ള അതിര്‍ത്തിപരിശോധന കേന്ദ്രങ്ങള്‍ വഴി മാത്രമേ യാത്ര അനുവദിക്കൂ. മണക്കാട് കുലക്കട റോഡ്, മണക്കാട് മഹാറാണി ജംഗ്ഷന്, മരുതൂര്‍കടവ് പാലം, കരമന കാലടി തളിയില്‍ റോഡ് എന്നീ സ്ഥലങ്ങളാണ് അതിര്‍ത്തി പരിശോധനാ കേന്ദ്രങ്ങള്‍.
കൊറോണ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള പരിശോധനയില്‍ ഇന്നലെ തലസ്ഥാനത്ത് വിലക്ക് ലംഘനം നടത്തിയ 103 പേര്‍ക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് 2020 പ്രകാരം കേസെടുത്തു.
അഞ്ചു റോഡുകള്‍ ഇന്ന് മുതല്‍ അടയ്ക്കും
കണ്ടെയിന്മെന്റ് സോണുകളിലേക്കുള്ള ഗതാഗതം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ അഞ്ചു റോഡുകള്‍ ഇന്ന് മുതല്‍ അടയ്ക്കും. അമ്പലത്തറ-കിഴക്കേകോട്ട, മരുതൂര്‍കടവ്-കാലടി, ജഗതി-കിള്ളിപ്പാലം, കൈതമുക്ക്-ചെട്ടികുളങ്ങര, കുമരിചന്ത-അമ്പലത്തറ എന്നീ റോഡുകളാണ് അടച്ചിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: