ന്യൂദല്‍ഹി: ദക്ഷിണേഷ്യന്‍ മേഖലയില്‍ ഇന്ത്യയുമായി നയതന്ത്ര തലത്തിലും വ്യാപാരത്തിലും മറ്റടിസ്ഥാന സൗകര്യ വികസനരംഗങ്ങളിലും അഭേദ്യമായ ബന്ധമുള്ള രാജ്യമാണ് മാലിദ്വീപ.വിദ്യാഭ്യാസം, ആതുരശുശ്രൂഷ തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളുടെയും സഹകരണത്തിന് പരമ്പരാഗതമായ ബന്ധമുണ്ട്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാലിദ്വീപില്‍ ജോലി ചെയ്തിരുന്ന പതിനായിരക്കണക്കിന് ഇന്ത്യക്കാരായ പ്രവാസികളുടെ കൈകുഞ്ഞുങ്ങളുള്പ്പടെയുള്ളവരുടെ ആശ്രിത വിസ നിര്‍ത്തലാക്കികൊണ്ട് വിചിത്രവും ക്രൂരവുമായ ഒരു നിര്‍ദ്ദേശം അതീവരഹസ്യമായി നയതന്ത്ര തലത്തില്‍ പ്രസിഡന്റ് അബ്ദുള്ള യാമീന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി. കൈകുഞ്ഞുങ്ങളോടൊപ്പം കഴിഞ്ഞിരുന്ന പലരും വേദനയോടെ വേര്‍പിരിഞ്ഞ നാളുകള്‍. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രത്തെ അരാജകത്വത്തിലേക്ക് തള്ളിവിട്ട ദിനങ്ങള്‍. രാഷ്ട്രീയ അടിയന്തരാവസ്ഥയുടെ തീഷ്ണതയില്‍ രാജ്യത്തെ പ്രതിപക്ഷ നേതാക്കളെയും മാധ്യമങ്ങളെയും ജയിലിലടച്ച് നിശ്ശബ്ദരാക്കപ്പെട്ട സാഹചര്യം. സ്വന്തം അര്‍ദ്ധ സഹോദരനും മുപ്പത് വര്‍ഷത്തോളം മാലിദ്വീപിന്റെ പ്രസിഡന്റ് പദവുമലങ്കരിച്ചിരുന്ന മൗമൂന്‍ അബ്ദുല്‍ ഗയൂമിനെ പോലും ജയിലിലടച്ച രാഷ്ട്രീയ ഭീകരത. ആതുര ശുശ്രൂഷാ രംഗത്ത് സേവനമൊരുക്കുന്നതിന് ഇന്ത്യ നല്‍കിയിരുന്ന 2 സൈനീക ഹെലികോപ്റ്ററുകള്‍ പോലും മാലിദ്വീപ് തിരിച്ചു നല്കി.
യുവതയില്‍ അടിച്ചേല്‍പ്പിച്ച തീവ്രമതബോധവും ചൈനീസ് വിധേയത്വത്തിലൂടെ ആസൂത്രിതമായി സൃഷ്ടിക്കപ്പെട്ട ഇന്ത്യ വിരുദ്ധതയും പ്രചരിപ്പിച്ചിരുന്ന ആ പഴയ ഏകാധിപതി അബ്ദുള്ള യാമീന് ഇന്ന് മാലിയിലെ ജയിലഴിക്കുള്ളിലാണ്. രാജ്യതാല്പര്യവും മാലിദ്വീപിലെ ജനവികാരവുമെന്തെന്ന് മനസ്സിലാക്കാന്‍ കഴിയാതെ പോയ, ചൈനയുടെ ആജ്ഞാനുവര്‍ത്തിയായി മാറിയ ഒരു ഭരണാധികാരിയുടെ ആസന്നമായ ദുരന്തം.
എസ്.ഒ.എഫ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി വഴിയും മറ്റും നടത്തിയ 6.5 മില്യണ്‍ ഡോളര്‍ അഴിമതി കേസില്‍ 2019 നവംബറില്‍ ശിക്ഷിക്കപ്പെട്ട് അകത്തായ യാമീന് മേല്‍ കോടികളുടെ അഴിമതി കഥകള്‍ ഒന്നിന് മുകളില്‍ മറ്റൊന്നായി പുറത്തു വരുന്നു, തുടര്‍ന്ന് വര്‍ഷങ്ങള്‍ നീളുന്ന ജയില്‍വാസത്തിന് കളമൊരുങ്ങി. മുപ്പത്തിയഞ്ച് വര്‍ഷം മാലിദ്വീപ് ഭരിച്ച മൗമൂണ്‍ അബ്ദുള്‍ ഗയൂമില് തുടങ്ങി, രാജ്യ തലസ്ഥാനത്ത് തലയുയര്‍ത്തി നില്ക്കുന്ന ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ആശുപത്രിയുടെ ചരിത്രം മുതല്‍, ഇന്ത്യന്‍ ആര്‍മിയുടെ ഓപ്പറേഷന് കാക്റ്റസ് മുതല്‍, മാലിദ്വീപ് ജനതയെ ജനാതിപത്യത്തിന്റെ ബാല്യവും കൗമാരവും കൈ പിടിച്ച് നടത്തിയ നിലവിലെ പാര്‍ലമെന്റ് സ്പീക്കറുമായ മൊഹമ്മദ് നഷീദ് വരെ നീളും മാലിദ്വീപിലെ ഇന്ത്യാ ചരിത്രം.
ഇന്ന് മതപരമായും രാഷ്ട്രീയപരമായും ഇന്ത്യയോടൊപ്പം ഒ.ഐ.സിയിലുള്‍പ്പടെ സൗഹൃദാന്തരീക്ഷം നിലനിര്‍ത്തുന്ന ദ്വീപ് രാഷ്ട്രത്തെ പഴയ ഏകാതിപതിയുടെ വിദേശകാര്യ നയതന്ത്രം ഓര്‍ക്കാനുണ്ടായ സാഹചര്യമാണ് നിലവില്‍ നേപ്പാളില്‍ സംജാതമായിരിക്കുന്നത്. ഇന്ത്യന്‍ സംസ്ഥാനങ്ങളായ ഉത്താരാഖണ്ഡും യു.പിയും, ബീഹാറും, പശ്ചിമ ബംഗാളും സിക്കിമുമായും അതിര്‍ത്തി പങ്കിടുന്ന നേപ്പാള്‍ ഭരിക്കുന്ന നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ന് ചൈനയുടെ കൈയ്യിലെ കളിപ്പാവയാണ്, ഒരു കാലത്ത് മാലിദ്വീപില്‍ യാമീനിലൂടെ അനുവര്‍ത്തിച്ച ചൈനീസ് കടന്നുകയറ്റം ഇന്ന് നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ആവര്‍ത്തിക്കുന്നതില്‍ പ്രത്യേകിച്ച് അത്ഭുതമൊന്നും പറയാനില്ല. അവരത് ചെയ്തില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ,
പക്ഷേ മാലിദ്വീപിനേക്കാള്‍ ഭൂമിശാസ്ത്രപരമായും പാരമ്പര്യങ്ങളുടെ വൈവാഹിക ബന്ധങ്ങളിലും ഇഴചേര്‍ന്നു നില്ക്കുന്ന ഇന്ത്യയ്ക്കും നേപ്പാളിനുമിടയിലെ പൗരത്വ നിയമത്തില്‍ മാറ്റം വരുത്തി നേപ്പാളിനെ ഇന്ത്യയില്‍ നിന്ന് അടര്‍ത്തി മാറ്റാനുള്ള ചൈനീസ് ഇടപെടലും ഉത്തരാഖണ്ഡിലെ ലിപുലേഖ്, കാലാപാനി, ലിംപയധുര എന്നീ പ്രദേശങ്ങളെ തങ്ങളുടേതായി പുതിയ ഭൂപടത്തില്‍ അടയാളപ്പെടുത്തിയ ആസൂത്രിതമായ നീക്കങ്ങളും ഇതിനകം പ്രധാനമന്ത്രി കെ.പി ശര്‍മ ഒലിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ രാജ്യത്തുടനീളം വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന അഴിമതിയിലും കോവിഡ് വ്യാപനം തടയുന്നതിലെ വീഴ്ചയില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ഒലി സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് പ്രഖ്യാപിച്ചു കൊണ്ട് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ കാഠ്മണ്ഡുവിലും ഡാര്ചുലയിലും പ്രതിഷേധിച്ചു.
നേപ്പാളി പൗരന്മാരെ വിവാഹം കഴിക്കുന്ന ഇന്ത്യന്‍ പെണ്‍കുട്ടികളുടെ പൗരത്വവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കെതിരെ നേപ്പാള്‍ ഉയര്‍ത്തിയ വിദേശകാര്യ നയതന്ത്ര നിയമം മാലിദ്വീപിലെ യാമീന്റെ ചൈനീസ് നയങ്ങളെ അനുസ്മരിപ്പിക്കുന്നു. പ്രാദേശിക ജനവികാരം മറന്ന് അഴിമതി കഥകള്‍ മറച്ചുവയ്ക്കാനുള്ള ഉപാധിയായി അതിര്‍ത്തി പ്രശ്നങ്ങളെ മാറ്റാനുള്ള കെ.പി ഒലിയുടെ സമീപനത്തെ മാലിദ്വീപില്‍ അനുവര്‍ത്തിച്ച അതേ സമീപനത്തോടെ തന്നെയാണ് ഇന്ത്യ നേപ്പാളിലും നോക്കി കാണുന്നത്. യാമീന്റെ നടക്കാതെ പോയ സ്വപ്നവും ഒലിയിലൂടെ നടപ്പാക്കാം എന്നാഗ്രഹിക്കുന്ന ചൈനീസ് ലക്ഷ്യവും ഒന്നാണ് ‘സാര്‍ക്കിലെ ചൈനീസ് ഇടപെടല്‍’, ചെറുരാജ്യങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികളെ ദത്തെടുത്ത്, പാലൂട്ടി തങ്ങള്‍ക്ക് വിധേയരാക്കുന്ന മൃഗീയമായ കമ്മ്യുണിസ്റ്റ് സമീപനം, അത് തന്നെയാണ് കഴിഞ്ഞ കാലങ്ങളില്‍ ദക്ഷിണേഷ്യ കണ്ടത്. അതു കൊണ്ടു തന്നെ മാലിദ്വീപില്‍ പുശ്ചിച്ചു തള്ളിയ യാമീന്റെ രണ്ടാം പതിപ്പായ ഒലിയെയും നേരിടുന്നതില്‍ ഇന്ത്യയ്ക്ക് വ്യക്തമായ ധാരണയും കരുതലുമുണ്ട്, വളരെ സൂക്ഷ്മതയോടെയാണ് ഇന്ത്യ ഈ വിഷയത്തില്‍ ഇടപെടുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: