സത്യത്തെ കുറച്ചുനാള്‍ മറച്ചുവയ്ക്കാന്‍ കഴിഞ്ഞേക്കും. പക്ഷെ അത് ഒരിക്കല്‍ മറ പൊളിച്ച് പുറത്ത് വരിക തന്നെ ചെയ്യും. അഞ്ചു തവണയാണ് ഒരേ വിഷയവുമായി ബന്ധപ്പെട്ട് കത്തുകള്‍ അയച്ചത്. മറുപടി ലഭിക്കാത്തതിനാല്‍ ഭരണതന്ത്രജ്ഞരുടെ, നെഹ്റൂവിയന്‍ സൈദ്ധാന്തികരുടെ, അവരുടെ പിന്മുറക്കാരുടെ നട്ടെല്ലിന്റെ ബലം അദ്ദേഹത്തിനും നല്ല പോലെ മനസ്സിലായി.
പ്രണാബ് കുമാര്‍ ബാര്‍ബോറ, സുപരിചിതമാണ് നമുക്ക് ആ പേര്. മുകളില്‍ പറഞ്ഞത് അദ്ദേഹത്തെക്കുറിച്ചാണ്. രാഷ്ട്രത്തെ നെഞ്ചിനകത്തെ സ്പന്ദനമാക്കി രാഷ്ട്ര സംരക്ഷണം ധര്‍മ്മമാക്കി മാറ്റിയ മുന്‍ വൈസ് എയര്‍ ചീഫ് മാര്‍ഷല്‍. അദ്ദേഹമാണ് ലഡാക്കിലെ ദൗലത്ത് ബേഗ് ഓള്‍ഡി എയര്‍സ്ട്രിപ്പ് വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആന്റണിക്ക് കത്തുകളയച്ചത്.
1962ലെ പരാജയ കാരണങ്ങള്‍ നെഞ്ചിലേറ്റി ജീവിക്കുന്ന ചിലരെ ചിലപ്പോള്‍ നിങ്ങള്‍ ജീവിക്കുന്ന ചുറ്റുപാടില്‍ എവിടെയെങ്കിലും കാണാന്‍ കഴിഞ്ഞേക്കും. ചീനക്കാരന്റെ കൈയില്‍ അകപ്പെട്ടു പോയവര്‍, ചൂടാക്കിയ ബയണറ്റ് കൊണ്ട് പൊള്ളലേറ്റവര്‍, കരിഞ്ഞ അടയാളങ്ങള്‍ ശരീരത്തില്‍ പേറുന്നവര്‍… അവരോടൊന്ന് ചോദിക്കണം അരുണാചലും കടന്ന് ന്യൂ ജല്പായ് ഗുഡി വരെ ചീനപ്പട്ടാളം എങ്ങനെ എത്തിയെന്ന്?
ആട്ടിത്തുപ്പും അവര്‍… അന്നത്തെ നെഹ്റുവിന്റെ സര്‍ക്കാര്‍ സംവിധാനത്തെ. ആയുധങ്ങളുടെ, റോഡുകളുടെ, പാലങ്ങളുടെ, ഇന്ഫാസ്ട്രെക്ചറുകളുടെ കുറവുകളെ പറ്റി ഒരുപാട് പറയാനുണ്ടാകും അവര്‍ക്ക്. തോറ്റതല്ല തോറ്റു പോയതാണവര്‍. ധീരരാണവര്‍. ഇത്രയേറെ കുറവുകളോട് പൊരുതി രാഷ്ട്രത്തിനു വേണ്ടി നെഞ്ചുവിരിച്ച് നിന്നവരാണ്. നൂറ് തവണ ചൈനാ അതിര്‍ത്തിയില്‍ അടിയന്തരമായി സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും, ചൈന ഒരു യുദ്ധത്തിനു തയ്യാറെടുത്തുകൊണ്ടിരിക്കുകയാണെന്നും, നമ്മുടെ സൈന്യം അത്തരമൊന്നിനു സജ്ജരല്ലെന്നും, ആവശ്യത്തിന് ആയുധങ്ങളും സാമഗ്രികളും വേണമെന്നും പറഞ്ഞ് അന്നത്തെ പ്രതിരോധമന്ത്രി വി.കെ. കൃഷ്ണമേനോനും പ്രധാനമന്ത്രി നെഹ്റുവിനും അന്നത്തെ ജനറല്‍ കെ.എസ്. തിമ്മയ്യ കത്തുകളയച്ചു.
ഇത് കണ്ടിട്ട് ജനറലിനെ തന്നെ പുകച്ചു പുറത്തുചാടിക്കാന്‍ കള്ള പരാതികളുണ്ടാക്കി നെഹ്റുവും കൃഷ്ണമേനോനും ചേര്‍ന്ന്. അവസാനം സഹികെട്ട് ജനറല്‍ തിമ്മയ്യക്ക് രാജി പ്രഖ്യാപിക്കേണ്ടി വന്നു. രാജ്യമൊട്ടാകെ ഉയര്‍ന്ന അഭ്യര്‍ത്ഥനകളെ മാനിച്ച് രാജി പിന്‍വലിച്ചെങ്കിലും ജനറല്‍ പറഞ്ഞതൊന്നും നടപ്പില്‍ വരുത്തിയില്ല. ചൈനയെ അത്രത്തോളം വിശ്വസിച്ചിരുന്നു അന്ധരായ ആ ഭായി-ഭായിക്കാര്. അത് 62ലെ യുദ്ധത്തിന്റെ പരാജയത്തിലേക്കും നയിച്ചു.
ഇനിയും ഉണ്ടാകാനിടയുള്ള ഇത്തരത്തിലുള്ള സാധ്യതകളെ വിശകലനം ചെയ്ത് പഠിച്ചുതന്നെയാണ് എയര്‍മാര്‍ഷല്‍ ബാര്‍ബോറ എന്ന അതികായന് അന്നത്തെ കേന്ദ്ര സര്‍ക്കാരിനോട് ലഡാക്കിലെ ദൗലത്ത് ബേഗ് ഓള്‍ഡി എയര്‍സ്ട്രിപ്പ് വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് കത്തുകളയച്ചത്. ലഡാക്കിലെ ആയിരത്തി അറുനൂറ് അടിയില്‍ അധികം ഉയരത്തിലുള്ള ഈ എയര്‍സ്ട്രിപ് അഥവാ എയര്‍വേ സൈന്യത്തെ സംബന്ധിച്ച് തന്ത്രപ്രധാനമായ ഒന്നാണ്. സിയാച്ചിന്‍ ബേസ് ക്യാമ്പിലേക്കുള്ള സാധന സാമഗ്രികള്‍ എത്തിക്കല്‍, അടിയന്തര സാഹചര്യങ്ങളില്‍ സൈനികരെയും ഉപകരണങ്ങളേയും ഭക്ഷണ സാധനക്കളെത്തിക്കല്, അങ്ങനെ ഏതു തരത്തിലായാലും ഈ എയര്‍സ്ട്രിപ് സഹായകരമാകുന്ന ഒന്നാണ്.
1965ന് ശേഷം പ്രവര്‍ത്തനം നിര്‍ത്തിവച്ച ഈ എയര്‍ബേസിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് തടസങ്ങള്‍ സൃഷ്ടിച്ച അന്നത്തെ എ.കെ. ആന്റണിയുടെ പ്രതിരോധമന്ത്രാലയം സംരക്ഷിച്ചത് ആരുടെ താല്പര്യങ്ങള് ആയിരുന്നെന്ന് അറിയാന്‍ ഭാരതത്തിലെ പൗരന്മാരെന്ന നിലയില്‍ അവകാശമുണ്ട് നമുക്ക്. ഒടുവില്‍ 2008ല്‍ അന്നത്തെ ഭരണ കേന്ദ്രങ്ങള്‍ക്ക് യാതൊരു വിവരവും നല്‍കാതെ ചണ്ഡിഗഡില്‍ നിന്ന് ഒരു ആകാശ പറവ ദൗലത്ത് ബേഗ് ഓള്‍ഡിയില്‍ പറന്നിറങ്ങി. ട്രയല്‍ റണ്ണിങ്ങിന് ശേഷം മാത്രം അന്നത്തെ കേന്ദ്ര സര്‍ക്കാരും പ്രതിരോധ മന്ത്രിയും വിവരം അറിഞ്ഞു. ഒരു പക്ഷേ മുന്‍പേ അറിഞ്ഞിരുന്നെങ്കില്‍ ചരിത്രം മറ്റൊന്നായി മാറിയേനേ.
പ്രതിരോധ മന്ത്രിയുടെ ചൈനീസ് സന്ദര്‍ശനത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കേ ഇത്തരമൊരു പ്രവൃത്തിക്ക് എന്ത് ഉത്തരം നല്‍കുമെന്ന് അറിയാതെ വിഷമിച്ചു കാണും ‘ആദര്‍ശ ധീരനായ’ അന്നത്തെ പ്രതിരോധ മന്ത്രി എ.കെ. ആന്റണി. സുപ്രധാനമായ ഒരു നീക്കം നടന്നതു പോലും എല്ലാം നടന്നു കഴിഞ്ഞതിനു ശേഷം അറിയുന്ന പ്രതിരോധ വകുപ്പ്! കൊട്ടിഘോഷിക്കപ്പെട്ട അതിഗംഭീരമായ ഭരണത്തിന്റെ നേര്‍ക്കാഴ്ചകളാണിത്.
വൈസ് ചീഫ് മാര്‍ഷല്‍ പ്രണാബ് കുമാര്‍ ബാര്‍ബോറ, താങ്കള്‍ ഒരു ചരിത്രമാണ്. രാഷ്ട്രത്തേക്കാള്‍ വലുതാണ് അധികാരവും രാഷ്ട്രീയവുമെന്ന് കരുതുന്നവര്‍ക്കിടയില്‍ നിവര്‍ന്ന് നിന്ന് താങ്കള്‍ കൈക്കൊണ്ട തീരുമാനം ഭാരതത്തിന്റെ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതി വയ്ക്കുക തന്നെ വേണം. കഴിവുകേടിന്റെ പടുമരമായിരുന്നു എ.കെ. ആന്റണിയെന്ന പ്രതിരോധ മന്ത്രിയെന്നും സൈന്യത്തിന് പോലും ഭരിക്കുന്നവരില്‍ വിശ്വാസം നഷ്ടമായിരുന്നു.
അവരാണ് ഇന്ന് അതിര്‍ത്തിയില്‍ എന്ത് സംഭവിച്ചെന്ന് ചോദിക്കുന്നത്! അന്താരാഷ്ട്ര കരാറുകള്‍ പ്രകാരം ആയുധങ്ങള്‍ അനുവദിക്കാത്ത ആ അതിര്‍ത്തിയില്‍ തോക്കുകള്‍ എന്തുകൊണ്ട് കൊണ്ടുപോയില്ലെന്ന് പരസ്യമായി ചോദിക്കുന്ന വിവരം കെട്ട പ്രതിപക്ഷമാണ് ഇന്നുമുള്ളത്. ഇവരൊക്കെ ഭരണത്തിലിരുന്നെങ്കിലുള്ള അവസ്ഥ ഭീതിജനകമാണ്. ഇരുപത് വീരപുത്രന്മാരെ ഭാരതാംബയ്ക്ക് നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതിലും എത്രയോ ഇരട്ടി കനത്ത തിരിച്ചടിയാണ് ചൈനയ്ക്ക് ലഭിച്ചത്. അതിന് കഴിവുണ്ട് ഇന്ന് നമ്മുടെ സൈന്യത്തിന്. അതിനായി ആത്മവിശ്വാസം പകര്‍ന്നു നല്കാന് കെല്‍പ്പുള്ള ഭരണാധികാരികളാണ് ഭാരതത്തിന്റെ ഭരണചക്രം തിരിക്കുന്നത്.
അരുണ്‍ ബാലുശ്ശേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: