തൃശൂര്‍: ഉള്ളില്‍ നന്മയുടെ കനലെരിയുമ്പോഴും ഒന്നും ക്ഷമിക്കാനാവുന്നില്ല അയാള്‍ക്ക്. വലിയ ദുരന്തങ്ങളിലേക്ക് വഴി തുറക്കുമെന്നറിഞ്ഞിട്ടും പിന്മാറാനുള്ള മനസുമില്ല. സച്ചിയുടെ ഏതാണ്ടെല്ലാ കഥാപാത്രങ്ങളും നന്മ തിന്മകളുടെ നിഴലും വെളിച്ചവും പടര്‍ന്നവയാണ്. സര്‍വഗുണ സമ്പന്നനായ നായകനോ ദുഷ്ടതയുടെ ആള്‍രൂപമായ വില്ലനോ അല്ല ആ കഥാപാത്രം.
ഉള്ളില്‍ ചുരമാന്തിക്കൊണ്ടിരിക്കുന്ന, നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന ഈഗോയാണ് സച്ചിയുടെ പല ശ്രദ്ധേയ കഥാപാത്രങ്ങളെയും അടയാളപ്പെടുത്തുന്നത്. അവിടെ നായകനെന്നോ വില്ലനെന്നോ തരംതിരിവില്ല. അയ്യപ്പനും കോശിയും ആ ഈഗോയുടെ നിറഞ്ഞാട്ടമാണ്. ക്ഷമിക്കാനും വിട്ടുവീഴ്ച്ചയ്ക്കും തയാറാകുന്ന രണ്ടാളുകള്‍ പോലും ഈഗോയുടെ ഇരകളായിത്തീരുന്നതെങ്ങനെയെന്ന് പറയുകയായിരുന്നു സച്ചി.
അതിനു മുന്‍പ് ഇറങ്ങിയ ഡ്രൈവിങ് ലൈസന്‍സിലും ഈഗോയുടെ നിറഞ്ഞാട്ടം തന്നെ. അതിരുവിട്ട കളിയാണെന്നറിഞ്ഞുകൊണ്ടുതന്നെ പലതും ചെയ്യുന്നവര്‍. കൈവിട്ട് പോകുന്നത് പ്രിയപ്പെട്ട എല്ലാമെന്നറിയുമ്പോഴും തിരുത്താനല്ല, വാശിയോടെ എതിരാളിയെ കീഴടക്കാനാണ് അപ്പോഴുമവരുടെ ത്വര.
പത്മരാജനും ഭരതനും ലോഹിതദാസും പറയാന്‍ ബാക്കി വച്ചിടത്ത് നിന്നായിരുന്നു സച്ചി ഇത്തരം കഥകള്‍ പറഞ്ഞത്. ആദ്യകാല തിരക്കഥകള്‍ പലതും ഗൗരവം കുറഞ്ഞതായിരുന്നെങ്കിലും അയ്യപ്പനും കോശിയും നിസംശയം അടയാളപ്പെടുത്തുന്നത് ഇയാളില്‍ നിന്ന് ഇനിയുമേറെ പ്രതീക്ഷിക്കാനുണ്ട് എന്ന് തന്നെയായിരുന്നു. പക്ഷേ വിധി എതിരായി.
മനുഷ്യ മനസ്സിന്റെ വന്യതകളും കാമനകളും അത്ഭുതകരമാം വണ്ണം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച പത്മരാജന് വിടവാങ്ങിയത് നാല്പത്തിയഞ്ച് വയസിലാണ്. ഭരതന് അമ്പത്തിരണ്ടിലും, ലോഹിതദാസ് 54ലും. ഇപ്പോഴിതാ നാല്പത്തിയെട്ടാം വയസില്‍ സച്ചിയും. കഥ പറയാനുള്ള കഴിവായിരുന്നു ഇവരുടെ പ്രത്യേകത. സങ്കീര്‍ണമായ സാങ്കേതിക കൗശലം ആവശ്യമുള്ള മാധ്യമം എന്നതിലുപരി മനസിന്റെ വന്യഭാവനകളില് വിരിഞ്ഞ ചലച്ചിത്രങ്ങളായതുകൊണ്ടാണ് ഇവരുടെ പല സിനിമകളും നമ്മള് ഇഷ്ടപ്പെട്ടത്.
ഒരുകല എന്നതിലുപരി സിനിമ വാണിജ്യ ഉല്‍പ്പന്നമായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് കച്ചവട വിജയങ്ങളുടെ മസാലച്ചേരുവകള്ക്കപ്പുറം ഇത്തരം പരീക്ഷണങ്ങള്‍ നടത്താന്‍ കെല്പുള്ള കലാകാരന്മാര് കുറവാണ്. യഥാര്‍ഥത്തില്‍ കലാരൂപം എന്ന നിലയില്‍ സിനിമയുടെ ആത്മാവിനെ നിലനിര്‍ത്തുന്നത് ഇത്തരമാള്ക്കാരാണ്.
താരതമ്യേന ചെറുതാണെങ്കില്‍ പോലും നൂറുകണക്കിന് ചിത്രങ്ങള്‍ പ്രതിവര്‍ഷം പുറത്തിറങ്ങുന്ന മലയാള സിനിമാലോകത്ത് കാണികളുടെ മനസിനെ സ്പര്‍ശിക്കുന്ന ചിത്രങ്ങള്‍ വിരലിലെണ്ണാവുന്നത് മാത്രം. വാണിജ്യവിജയത്തിനപ്പുറം കലാരൂപമെന്ന നിലയിലുള്ള ചിത്രത്തിന്റെ വിജയം കൂടിയാണത്. അത്തരം നല്ല ചിത്രങ്ങളൊരുക്കാന്‍ കെല്‍പ്പുള്ള സംവിധായകനായിരുന്നു സച്ചി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: