ന്യൂദല്‍ഹി : ലഡാക്കിലെ ഗല്‍വാനില്‍ ചൈന നടത്തിയ പ്രകോപനങ്ങളുടെ അടിസ്ഥാനത്തില്‍ ആന്‍ഡമാന്‍ ദീപുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദ്ദേശം. നാവിക സേന പ്രദേശത്തെ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിച്ച് ശക്തമാക്കുകയാണ്.
ഇന്ത്യയുടെ പ്രധാന ഭൂപ്രദേശത്തില്‍ നിന്നും 700 നോട്ടിക്കല്‍ മൈല്‍ ആകലെയാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ സ്ഥിതിചെയ്യുന്നത്. ലഡാക്കിലെ സൈനിക നീക്കത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കാന്‍ നാവിക സേനാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പി നല്‍കിയതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി ഈ മേഖലയില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. കൂടാതെ ഡിസംബറില്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് തൊട്ടടുത്ത് വരെ ചൈനയുടെ മുങ്ങിക്കപ്പലുകള്‍ കണ്ടെത്തിയിരുന്നു. ദക്ഷിണ ചൈനാക്കടലില്‍ ചൈന ഇതിനകം തന്നെ കൃത്രിമ ദ്വീപുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഏതു സമയവും സൈനിക താവളങ്ങളായി മാറ്റാവുന്ന വിധത്തിലാണ് ഇവയുള്ളത്. ഇവയെല്ലാം മുന്‍ നിര്‍ത്തിയാണ് നാവിക സേന ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
2019 ജനുവരിയില്‍ ഇന്ത്യന്‍ നാവികസേന ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഒരു പുതിയ എയര്‍ബേസ് ആരംഭിച്ചിരുന്നു. സമുദ്രാതിര്‍ത്തിയില്‍ വര്‍ധിച്ചുവരുന്ന ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുകയായിരുന്നു ലക്ഷ്യം. ഈ എയര്‍ബേസ് രൂപീകരണം പിഎല്‍എ അംഗീകരിച്ചിരുന്നു.
2019 ഡിസംബറില്‍ ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറിനു സമീപം ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ച ചൈനീസ് ഗവേഷണ കപ്പലായ ഷിയാന്‍ 1 മടങ്ങാന്‍ ഇന്ത്യന്‍ നാവികസേന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഗല്‍വാനില്‍ ചൈനീസ് സൈന്യത്തിന് തിരിച്ചടിയേറ്റതിനാല്‍ ചിലപ്പോള്‍ ചൈന ആന്‍ഡമാന്‍ ദ്വീപുകളിലേക്ക് തിരിഞ്ഞേക്കാം അതിനാല്‍ ഇന്ത്യ കൂടുതല്‍ ഇവിടേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകളിലെ മുന്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ പി.കെ.ചാറ്റര്‍ജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: