തിരുവനന്തപുരം: സര്‍വ്വര്‍ തകരാറു മൂലം ഇപോസ് മെഷീന് പണിമുടക്കുന്നത് തുടരുന്നതിനാല്‍ സംസ്ഥാനത്ത് ഇന്നലെയും വിവിധ ജില്ലകളില്‍ റേഷന്‍ വിതരണം മുടങ്ങി. കുറച്ചു ദിവസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് ഇപോസ് മെഷീന് വീണ്ടും പണിമുടക്കി തുടങ്ങിയത്. സെര്‍വറിലെ തകരാര്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ഓള് കേരള റേഷന്‍ റീട്ടേയ്ല് ഡീലേഴ്സ് അസോസിയേഷന് തിങ്കളാഴ്ച സംസ്ഥാനത്തൊട്ടാകെ ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അസോസിയേഷന് പ്രസിഡന്റ് ജോണി നെല്ലൂര്‍ ജന്മഭൂമിയോട് പറഞ്ഞു. പ്രശ്നം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് റേഷന്‍ കടകള്‍ അടച്ചിടുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍വര്‍ തകരാറു കാരണം ഇപോസ് മെഷീന് ഇടയ്ക്കിടെ പണിമുടക്കുന്നതു കാരണം ആഴ്ചകളായി കൃത്യമായി റേഷന്‍ വിതരണം നടത്താന്‍ കഴിയുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഒരു ഗുണഭോക്താവിന് റേഷന്‍ നല്കാന് അര മണിക്കൂര്‍ കാത്തിരിക്കേണ്ട അവസ്ഥയാണെന്ന് വ്യാപാരികള്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ ഇപോസ് മെഷീന് പൂര്‍ണമായും പ്രവര്‍ത്തിക്കാത്ത അവസ്ഥയാണ്. ഇതൊന്നുമറിയാതെ റേഷന്‍ വാങ്ങാനെത്തുന്നവര്‍ കടയുടമയുമായി തര്‍ക്കിച്ച് സംഘട്ടനത്തിന്റെ വക്കില്‍ എത്തുന്നതായും വ്യാപാരികള്‍ പറയുന്നു. ഇന്നലെയും നിരവധിപേരാണ് ഇപോസ് മെഷീന്റെ തകരാര്‍ അറിയാതെ റേഷന്‍ കടകളില്‍ എത്തിയത്. ഒടുവില്‍ സാധനങ്ങള്‍ കിട്ടാതെ ഗുണഭോക്താക്കള്‍ നിരാശയോടെ മണിക്കൂറുകള്‍ കാത്തുനിന്ന് മടങ്ങി.
കഴിഞ്ഞ നാല് ദിവസമായി പലയിടങ്ങളിലും പൂര്‍ണ്ണമായും റേഷന്‍ വിതരണം തടസപ്പെട്ടിരിക്കുകയാണ്. പ്രശ്നപരിഹാരത്തിനായി ഭക്ഷ്യമന്ത്രി പി.തിലോത്തമന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ബുധനാഴ്ച യോഗം ചേര്‍ന്നെങ്കിലും പരിഹാരമായില്ല. നഗര പ്രദേശങ്ങളെക്കാള്‍ ഗ്രാമ പ്രദേശങ്ങളിലെ റേഷന്‍ കടകളിലാണ് ഇപോസ് മെഷീന് തകരാര്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്യുന്നത്.
2017 നവംബര്‍ അവസാനത്തോടെയാണ് ഇപോസ് മെഷീന് സംസ്ഥാനത്ത് നടപ്പാക്കിയത്. ആദ്യ ദിവസങ്ങളിലും ഇത്തരത്തില്‍ മെഷീന് പണിമുടക്കിയെങ്കിലും പിന്നീട് പ്രവര്‍ത്തിക്കുകയാണ്. പിന്നെ ഇപ്പോഴാണ് തുടര്‍ച്ചയായി മെഷീന് പണിമുടക്കുന്നത്. ഇപോസ് മെഷീനുണ്ടായിരുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചെന്നും ഇപ്പോള്‍ എല്ലായിടത്തും മെഷീന് ക്യത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ ജന്മഭൂമിയോട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: