തിരുവനന്തപുരം: കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ ഒട്ടേറെപ്പേരുമായി ഇടപഴകിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ജില്ലയില്‍ അതീവജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. രോഗലക്ഷണങ്ങള്‍ തുടങ്ങിയ ശേഷവും ഇയാള്‍ നിരവധി പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടുവെന്നാണ് വിവരം. സമ്പര്ക്കിപ്പട്ടിക തയാറാക്കുന്നത് ആരോഗ്യവകുപ്പിന് വെല്ലുവിളിയാണ്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചെന്ന് കണ്ടെത്താനായില്ല. ഉറവിടമറിയാത്ത കൊറോണ രോഗവും വിപുലമായ സമ്പര്‍ക്ക പട്ടികയും വന്നതോടെ തലസ്ഥാന നഗരം അതീവ ജാഗ്രതയിലാണ്.
ജില്ലയിലെ നിയന്ത്രണങ്ങള്‍ നഗരത്തില്‍ ശക്തമാക്കണമെന്ന നിര്‍ദ്ദേശം സ്പെഷ്യല്‍ ബ്രാഞ്ച് ആരോഗ്യ വകുപ്പിന് കൈമാറി. ഇതേ തുടര്‍ന്ന് നഗരത്തില്‍ ഇന്ന് മുതല്‍ കര്‍ശന പരിശോധന ഉണ്ടാകും. നഗരത്തിലേക്കുള്ള ചില വഴികള്‍ അടയ്ക്കുമെന്നാണ് വിവരം. കോറോണ മാനദണ്ഡം പാലിക്കാത്ത കടകള്‍ അടപ്പിക്കാനും തീരുമാനമായി. പ്രത്യേക പോലീസ് പെട്രോളിംഗ് തന്നെ ഇതിനായി ഉണ്ടാകും.
നഗരത്തില്‍ പൊതു ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഓട്ടോ ഡ്രൈവര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യം രോഗ പ്രതിരോധത്തിലും വലിയ വെല്ലുവിളിയാണ് ഉണ്ടാക്കിയിട്ടുള്ളത്. കഴിഞ്ഞ 12 മുതല്‍ ഓട്ടോ ഡ്രൈവര്‍ക്ക് രോഗ ലക്ഷണമുണ്ടായിരുന്നെന്നാണ് ആരോഗ്യവകുപ്പിന് ലഭിച്ച വിവരം. അതിന് ശേഷവും ഇദ്ദേഹം നിരവധി പേരുമായി ഇടപെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക കണ്ടെത്തുന്നത് തന്നെ വലിയ വെല്ലുവിളിയാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വിലയിരുത്തല്‍. നിയന്ത്രങ്ങള്‍ ലംഘിച്ച് സമരങ്ങള്‍ തലസ്ഥാന നഗരത്തില്‍ അനുവദിക്കില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കി. ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് പ്രകാരം ഇത്തരക്കാര്‍ക്കെതിരെ നടപടി എടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
കഴിഞ്ഞ ദിവസങ്ങളില്‍ തലസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ച മൂന്ന് പേര്‍ക്കും രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. പോത്തന്‍കോട് സ്വദേശിയായ അബ്ദുല്‍ അസീസ്, നാലാഞ്ചിറ സ്വദേശി വൈദികന് കെ.ജി വര്‍ഗ്ഗീസ്, വഞ്ചിയൂര്‍ സ്വദേശി രമേശ് എന്നിവരാണ് തലസ്ഥാന ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിലെ ആശങ്ക നിലനില്‍ക്കെയാണ് കാട്ടാക്കടയില്‍ ആശ വര്‍ക്കറിന് രോഗം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് പാപ്പനംകോട് ഡിപ്പോയിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും മണക്കാട് മൊബൈല്‍ ഷോപ്പ് നടത്തുന്ന യുവാവിനും കൊറോണ സ്ഥിരീകരിച്ചത്. ഇതിന് ശേഷമാണ് പൊതു ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഓട്ടോ ഡ്രൈവര്‍ക്ക് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചത്.
ഉറവിടം കണ്ടെത്താനാകാത്ത രോഗബാധിതരുടെ വര്‍ധന തലസ്ഥാന ജില്ലയ്ക്ക് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. സമ്പര്‍ക്ക പട്ടികളില്‍ ഉള്ളവര്‍ക്ക് രോഗം ബാധിക്കുന്നത് കുറവെങ്കിലും, ഒരു തരത്തിലുള്ള യാത്രാ ചരിത്രവും, രോഗബാധ സാധ്യത ഇല്ലാത്തവര്‍ക്കുമാണ് രോഗം സ്ഥിരീക്കുന്നതാണ് ആശങ്കയ്ക്ക് അടിസ്ഥാനം.
കഴിഞ്ഞ ദിവസം മണക്കാട് മൊബൈല്‍ കട നടത്തുന്ന യുവാവിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക ജില്ലാ ഭരണകൂടത്തിന് പൂര്‍ത്തിയാക്കാനായില്ല. റൂട്ട് മാപ്പിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത പ്രദേശങ്ങളില്‍ ഉണ്ടായിരുന്നവരും മണക്കാട്ടെ മൊബൈല്‍ ഷോപ്പില്‍ സന്ദര്‍ശനം നടത്തിയവരും സ്വമേധയാ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: