തൊടുപുഴ: അന്താരാഷ്‌ട്ര യോഗാ ദിനത്തിൽ ജീവിതം യോഗയ്‌ക്കായ് സമർപ്പിച്ച രാഹുൽ യുവജനങ്ങൾക്ക്മാ തൃകയാകുന്നു. മുതലക്കോടം പുത്തൻപറമ്പിൽ രാഹുലിന് ഉപജീവനത്തിന് ബ്യൂട്ടി പാർലർ ആണ് ആശ്രയമെങ്കിലും യോഗയാണ് എല്ലാം. വളരെ ചെറുപ്പത്തിലേ യോഗയിലേക്ക് ആകൃഷ്ടനായ ഈ യുവാവ് ഭാരതീയ അനുഷ്ഠാന മുറയായ യോഗയിൽ കാൽ നൂറ്റാണ്ടായി നിറസാന്നിധ്യമാണ്.
യോഗയുടെ പ്രചരണത്തിനായി ഇദ്ദേഹം ഭൂട്ടാൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. വിദേശികൾ ഉൾപ്പെടെ യോഗ പഠിക്കാൻ ഈ യുവാവിനെ തേടിയെത്തുന്നു. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന രാഹുൽ പ്രകൃതിയുടെ മനോഹാരിതയിൽ നടത്തുന്ന യോഗാ പ്രദർശനങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
യോഗവിദ്യയും ധ്യാനവും ശരീരത്തേയും മനസിനേയും ആരോഗ്യമുള്ളതാക്കുന്നതായി രാഹുൽ പറയുന്നു. വ്യക്തിയെ കർമ്മ കുശലനാക്കുവാൻ ഉത്തമമാണ് യോഗ. ഭാരതം ലോകത്തിന് നൽകിയ ഈ വരദാനത്തിലൂടെ ലോകം ഭാരത പാരമ്പര്യത്തിലേക്ക് ചുരുങ്ങുകയാണ്. സാധാരണ യുവാക്കൾ സ്ഥിരപ്രഞ്ജരായി നിൽക്കാത്ത മേഖലയിലാണ് രാഹുൽ കാലങ്ങളായി നിറഞ്ഞ് നിൽക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ രാഹുലിന്റെ കഴിവിനെ തിരിച്ചറിഞ്ഞവർ ഈ യുവാവിന്റെ ശിഷ്യത്വം സ്വീകരിക്കുന്നുണ്ട്. സംഘർഷ ഭരിതമായ ഇന്നത്തെ ജീവിത സാഹചര്യത്തിൽ ഏറ്റവും അനുയോജ്യമായ വ്യായാമമുറയാണ് യോഗ. യുവത്വം മദം പൊട്ടിടുമ്പോൾ തളയ്‌ക്കാനും വയോവൃദ്ധന് ഊന്നായി ഉറപ്പുള്ളതാങ്ങായി പിടിച്ചൊന്നു നിൽക്കാനും യോഗയിലൂടെ കഴിയും എന്നാണ് രാഹുലിന്റെ അഭിപ്രായം. യോഗക്കൊപ്പം കുങ്ഫു, എഫ്എംഎ കാളി, തായ്ഛീ എന്നീ ആയോധനകലയിലും പ്രാവിണ്യം നേടിയിട്ടുണ്ട്.
തൊടുപുഴ മണക്കാട് ജങ്ഷനിൽ ഹലോ ഹെൽത്ത് ആൻ്റ് ബ്യൂട്ടി എന്ന പേരിൽ ജെൻസ് ബ്യൂട്ടി പാർലർ നടത്തുകയാണ് ഈ യുവാവ്. ആഡംബര ഭ്രമത്തിൽ ജീവിത ലക്ഷ്യം മറന്ന് പായുന്ന യുവതയ്‌ക്ക് മാതൃകയാക്കാം രാഹുലിനെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: