നാദാപുരം: ഇനി ഒരുശക്തമായ കാറ്റും മഴയും ഉണ്ടാവരുതേ എന്ന പ്രാര്‍ത്ഥനയുമായി കഴിയുകയാണ് വിനോദനും കുടുംബവും. നാദാപുരം അരയാക്കൂല്‍താഴ കണ്ണച്ചാണ്ടിയില് വിനോദന്റെ കുടുംബം താമസിക്കുന്നത് താര്പോളിന് ഷീറ്റുകൊണ്ട് മറച്ച കൂരയിലാണ്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ പുളിക്കൂല്‍ തോടിനോട് ചേര്‍ന്ന ഒറ്റ മുറിയുള്ള കൂര തകര്‍ന്നതോടെ സമീപത്ത് തന്നെ വീട് നിര്‍മാണം തുടങ്ങിയെങ്കിലും സാമ്പത്തിക പ്രാരാബ്ദ്ധമായതോടെ വീട് പണി എങ്ങുമെത്താതെ നിലക്കുകയായിരുന്നു.
ബന്ധുക്കളുടെ സഹായത്തോടെ പുതുതായി നിര്‍മിക്കുന്ന വീടിനു മുകളില്‍ പ്ലാസ്റ്റിക്ക് ഷീറ്റ് കോണ്ട് കെട്ടിയ കൂരയ്ക്ക് താഴെയാണ് പാചകവും ഉറക്കവും. 2018ല്‍ നാദാപുരം പഞ്ചായത്ത് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ ഒഴിവായി പോവുകയായിരുന്നു. 2019 ല്‍ റേഷന്‍ കാര്‍ഡ് ലഭിച്ചെങ്കിലും ലൈഫ് പദ്ധതിക്ക് അപേക്ഷ നല്കിയപ്പോഴേക്കും കിട്ടിയ റേഷന്‍ കാര്‍ഡ് എപിഎല്‍. ഇതോടെ ഈ വര്‍ഷത്തെ ഫണ്ടും കിട്ടിയില്ല.
ഇതോടെ വീട് എന്ന സ്വപ്നം അസ്തമിക്കുകയായിരുന്നു. സമീപത്തെ തോട്ടില്‍ നിന്ന് പാമ്പും മറ്റ് ഇഴജന്തുക്കളും കുടിലില്‍ കയറുന്നതിനാല്‍ രാത്രി ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയാെണന്ന് ഈ കുടുംബം പറയന്നു. കൂലിവേല ചെയ്ത് ജീവിതം മുന്നോട്ട് നയിക്കുന്ന വിനോദന്‍ ഭാര്യയും രണ്ട് പെണ്‍മക്കളുമാണുള്ളത്. എല്ലാ വര്‍ഷവും മഴക്കാലത്ത് പുളിക്കൂല്‍ തോട് കരകവിഞ്ഞ് ഒഴുകി വെള്ളം കയറുമ്പോള്‍ വിനോദനും കുടുംബവും ബന്ധുവീട്ടിലേക്ക് താമസം മാറ്റുകയാണ് പതിവ്. കഴിഞ്ഞ മഴക്കാലത്ത് തോട്ടില്‍ വെള്ളം ഉയര്‍ന്നതോടെ ഇവരുടെ കുടിലിലും വെള്ളം കയറി ഫയര്‍ഫോഴ്സ് എത്തിയാണ് നാലുപേരേയും രക്ഷിച്ചത്. ഈ മഴക്കാലം എങ്ങനെ കഴിച്ചുകൂട്ടാം എന്ന ചിന്തയിലാണ് വിനോദന്‍. വടകരയിലെ സ്വകാര്യ കോളേജില്‍ പഠിക്കുന്ന മൂത്തമകളും ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന രണ്ടാമത്തെ മകളും ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയതോടെ ടിവിയോ സ്മാര്‍ട്ട്ഫോണോ ഇല്ലാത്തതിനാല്‍ ബന്ധുവീട്ടില്‍ നിന്നാണ് ക്ലാസ് കാണാറ്. കഴിഞ്ഞ വര്‍ഷത്തെ പ്രളയദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ പോലും തന്റെ കുടുംബത്തിന് ലഭിച്ചിട്ടില്ലെന്ന് വിനോദന്‍ പറയുന്നു. ഒരു വര്‍ഷമായി ഓഫീസുകളില്‍ കയറി അന്വേഷിക്കുമ്പോള്‍ ഉടന്‍ അക്കൗണ്ടില്‍ എത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നതായും ഇദ്ദേഹം പറയുന്നു. ഇനി പ്രായപൂര്‍ത്തിയായ രണ്ട് പെണ്മക്കളെയും കോണ്ട് അടച്ചുറപ്പുള്ള വീടില് താമസിക്കണമെങ്കില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നോ സുമനസ്സുകളുടെ സഹായമോ ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഈ നാലംഗ കുടുബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: