ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ വെടിവെപ്പ് ഉണ്ടാകില്ലെന്ന ഇന്ത്യ- ചൈന കരാറില്‍ നിന്നും ഇന്ത്യ പിന്മാറി. ലഡാക്ക് ഗല്‍വാനില്‍ കഴിഞ്ഞ ദിവസം ചൈനീസ് സൈന്യം അതിക്രമിച്ച് കടന്നു കയറിയതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.
ഇതോടെ അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം ഉണ്ടായാല്‍ ഇന്‍സാസ് യന്ത്രത്തോക്കുകള്‍ ഉള്‍പ്പെടെ കൈവശമുള്ള ഏത് ആയുധമുപയോഗിച്ചും നേരിടാനുള്ള അനുമതി കരസേന കമാന്‍ഡര്‍മാര്‍ക്കു നല്കി. കടന്നുകയറ്റ നീക്കങ്ങളില്‍ നിന്നു ചൈന പിന്മാറും വരെ ഈ നയം തുടരും. സമാധാനം പുനഃസ്ഥാപിച്ചാല്‍ മുന്‍ രീതിയിലേക്കു മടങ്ങും. രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതലാണ്. അതിര്‍ത്തിയില്‍ ഇതുവരെ നിലനിന്നിരുന്ന മര്യാദകള്‍ ഇനിയില്ലെന്നും ചൈനയുടെ ഏതു പ്രകോപനത്തെയും അതേ രീതിയില്‍ നേരിടുമെന്നും നയതന്ത്ര ചര്‍ച്ചകള്‍ക്കിടെ ഇന്ത്യയും വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ ഒരു ഡിവിഷനില്‍ 15,000 സൈനികര്‍ ഉണ്ടായിരുന്ന കിഴക്കന്‍ ലഡാക്കിലേക്ക് ഇന്ത്യ 2 ഡിവിഷന് (30,000) സൈനികരെക്കൂടി എത്തിച്ചു. പാങ്ങോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകളില്‍ 500 മീറ്റര്‍ അകലത്തില്‍ ഇരു സേനകളും ടെന്റുകളടക്കം സ്ഥാപിച്ച് നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്. വിഷയത്തില്‍ ഇരു രാജ്യങ്ങളുടേയും മേജര്‍ ജനറല്‍ മാര്‍ ശനിയാഴ്ചയും ചര്‍ച്ച നടത്തി.
അതേസമയം രണ്ടു ഡിവിഷന് കൂടി എത്തിയതോടെ ഗല്‍വാന്‍ ഹോട് സ്പ്രിങ്സ് പാംഗോങ് പ്രദേത്തെ 110 കിലോമീറ്ററില്‍ കാവലിന് 45,000 സേനാംഗങ്ങളായി. ഗല്‍വാന്‍ താഴ്വര, പാങ്ങോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകള്‍, ഹോട് സ്പ്രിങ്സ് എന്നിവിടങ്ങളില്‍ വന്‍ സന്നാഹമൊരുക്കി ചൈന പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ അനിവാര്യമാണെന്നാണു സേനയുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: