ന്യൂദല്‍ഹി: സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന വളച്ചൊടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍. യഥാര്‍ഥ നിയന്ത്രണരേഖ ലംഘിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ഇന്ത്യ ശക്തമായി നേരിടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും ഇത് മറച്ചുവച്ചാണ് ചിലര്‍ വ്യാജപ്രചാരണം നടത്തുന്നതെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
ഗല്‍വാന്‍വാലിയില്‍ നടന്നതിന് സമാനമായ വെല്ലുവിളികള്‍ മുന്‍പുണ്ടായിട്ടുണ്ട്. അന്ന് വീഴ്ചകളുമുണ്ടായി. എന്നാല്‍, അത്തരം വീഴ്ചകള്‍ അനുവദിക്കില്ലെന്നും നിയന്ത്രണരേഖ ലംഘിച്ചാല്‍ ഇന്ത്യന്‍ സൈന്യം ശക്തമായി നേരിടുമെന്നുമാണ് പ്രധാനമന്ത്രി യോഗത്തില്‍ വ്യക്തമാക്കിയത്, കേന്ദ്രം വിശദീകരിച്ചു.
യഥാര്‍ഥ നിയന്ത്രണരേഖ(എല്‍എസി)യില്‍ വലിയതോതില്‍ ചൈനീസ് സൈന്യം എത്തിയെന്നും ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിച്ചുവെന്നും സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി അറിയിച്ചിരുന്നു. യഥാര്‍ഥ നിയന്ത്രണരേഖയില്‍ ചില നിര്‍മാണങ്ങള്‍ നടത്താന്‍ ചൈന ശ്രമിച്ചുവെന്നും മോദി യോഗത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ നിന്ന് ചൈന പിന്തിരിയാന് തയാറായില്ല. അതാണ് ജൂണ്‍ 15ല്‍ ഗല്‍വാനില്‍ അക്രമം ഉണ്ടായതിന്റെ കാരണമെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
യഥാര്‍ഥ നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ ഭാഗത്ത് ചൈനീസ് സാന്നിദ്ധ്യം ഉണ്ടായിരുന്നില്ലെന്ന പ്രധാനമന്ത്രിയുടെ നിരീക്ഷണം നമ്മുടെ സായുധസേന കാണിച്ച ധീരതയുടെ ഫലമായുണ്ടായ സാഹചര്യത്തെക്കുറിച്ചായിരുന്നു. ബീഹാര്‍ റെജിമെന്റിലെ സൈനികരുടെ ത്യാഗം ചൈനയുടെ ശ്രമങ്ങള്‍ പരാജയപ്പെടുത്തി, എല്‍എസി ലംഘിക്കാനുള്ള ശ്രമം തടഞ്ഞു. ”നമ്മുടെ ഭൂമിയില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുന്നവരെ ശരിയായ പാഠം പഠിപ്പിക്കുമെന്ന” പ്രധാനമന്ത്രിയുടെ വാക്കുകള്‍ നമ്മുടെ സായുധസേനയുടെ ധാര്‍മികതയും മൂല്യവും കൃത്യമായി വിവരിക്കുന്നതാണ്. നമ്മുടെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതില്‍ നമ്മുടെ സായുധസേനകള്‍ ഒരു അമാന്തവും വരുത്തില്ലെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി.
ഇന്ത്യയുടെ ഭൂപ്രദേശം ഏതാണെന്ന് നമ്മുടെ ഭൂപടത്തില്‍ വ്യക്തം. അവിടെ ഇതിന് മുമ്പ് നിയമം ലംഘിച്ചുള്ള കൈയേറ്റങ്ങളുണ്ടായിരുന്നു. 60 വര്‍ഷം കൊണ്ട് 43,000 ചതുരശ്ര കിലോമീറ്റര്‍ ഏത് സാഹചര്യത്തിലാണ് ചൈനയ്ക്ക് അടിയറവച്ചതെന്ന് രാജ്യത്തിന് വ്യക്തമായ ബോധ്യമുണ്ടെന്നും മോദി വിവരിച്ചു. യഥാര്‍ഥ നിയന്ത്രണരേഖയില്‍ ഏകപക്ഷീയമായ മാറ്റത്തിന് കേന്ദ്ര സര്‍ക്കാര്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നമ്മുടെ ധീര സൈനികര്‍ രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുന്ന ഈ സമയത്ത് അവരുടെ മനോനില തകര്‍ക്കാന്‍ ഇത്തരം വിവാദമുണ്ടാക്കിയത് നിര്‍ഭാഗ്യകരമാണെന്നും കേന്ദ്രം പറഞ്ഞു. വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: