കൊച്ചി : ഒരു പോലീസുകാരന് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ സുരക്ഷാ നടപടികള്‍ ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. കളമശ്ശേരി പോലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൊറോണ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന എല്ലാവരും നിരീക്ഷണത്തിലേക്ക് മാറിയിരിക്കുകയാണ്.
കളമശ്ശേരി എആര്‍ ക്യാമ്പിലെ അടക്കം 59 പോലീസുകാരെയാണ് നിലവില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അസൗകര്യമുള്ള പോലീസുകാര്‍ക്കായി എടക്കൊച്ചിയില് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോലീസ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പോലീസുകാരെ അവിടെ തന്നെ കര്‍ശ്ശന നിയന്ത്രണം ഏര്‍പ്പെടുത്തി താമസിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. ഇവര്‍ക്കായി വീട്ട് സാധനങ്ങളും മറ്റും എത്തിച്ചു നല്‍കാമെന്ന് അറിയിച്ചെങ്കിലും പലര്‍ക്കും അത് ലഭിച്ചില്ലെന്നും ആരോപണം ഉയരുന്നുണ്ട്.
എന്നാല്‍ പോലീസ് ക്വാര്‍ട്ടേഴ്സില്‍ മറ്റ് സ്റ്റേഷനുകളിലെ പോലീസുകാരും അവരുടെ കുടുംബങ്ങളും താമസിക്കുന്നുണ്ട്. അതിനാല്‍ താസമക്കാരെ ഇത് പരിഭ്രാന്തിയില്‍ ആഴ്ത്തുന്നുണ്ട്. സ്റ്റേഷനിലെ മുഴുവന്‍ ജീവനക്കാരും ക്വാറന്റൈനില്‍ പോവേണ്ടി വന്ന സാഹചര്യം ഉണ്ടായിട്ടും പോലീസ് അസോസിയേഷന്റെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് രൂക്ഷ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
സ്റ്റേഷനില്‍ പാറാവ് നില്ക്കുന്ന ഉദ്യോഗസ്ഥന് അടിയന്തിരമായി ഫേസ്ഷീല്‍ഡ് നല്‍കണമെന്ന് പോലീസുകാര്‍ക്കിടയില്‍ നിന്നും അഭിപ്രായം ഉയര്‍ന്നെങ്കിലും നടപടി ഒന്നുമായില്ല. സ്റ്റേഷന് ഡ്യൂട്ടിയില്‍ കയറുന്നവര്‍ക്കായി മാസ്കും, ഗ്ലൗസും, സാനിറ്റൈസറും മാത്രമാണ് ഇപ്പോഴും ഉള്ളത്. ഇവരുടെ ശരീര ഉഷ്മാവ് പരിശോധിക്കുന്നതിന് സംവിധാനം സ്ഥാപിക്കണമെന്ന അവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. സ്റ്റേഷനിലെ വളരെ കുറച്ച് പോലീസുകാരുടെ സ്രവം മാത്രമാണ് നിലവില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.
പൊതു ജനങ്ങള്‍ക്ക് പാതുകാപ്പാവേണ്ട പോലീസുകാരുടെ സുരക്ഷിതത്വത്തിനാണ് അധികൃതര്‍ ഇത്തരത്തില്‍ പുല്ല് വില നല്‍കുന്നത്. അതിനിടെ രോഗം സ്ഥിരീകരിച്ച രണ്ടാമത്തെ പോലീസുകാരന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഹൈക്കോടതി ജഡ്ജി ക്വാറന്റൈനില്‍ പ്രവേശിച്ചു. ഇയാള്‍ കൊണ്ടുവന്ന റിപ്പോര്‍ട്ട് ജഡ്ജി പരിശോധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് കൂടാതെ വിജിലന്‍സ് പ്രോസിക്യൂട്ടറും ക്വാറന്റൈനിലാണ്. ഹൈക്കോടതി ബാര്‍ അസോസിയേഷനും താത്കാലിമായി അടച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: