ശ്രീനഗര്‍: രണ്ടായിരത്തി പതിനാറിലെ സര്‍ജിക്കല്‍ സ്ട്രൈക്കിന് മുന്‍പും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം നിലവിലേതിന് സമാനമായിരുന്നുവെന്ന ഓര്‍മപ്പെടുത്തലുമായി ലഡാക്ക് എംപി ജംയാങ് സെരിങ് നംഗ്യാല്‍. അതിര്‍ത്തിയിലുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷത്തെ കുറിച്ച് ദേശീയ മാധ്യമത്തോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ എങ്ങനെയാണോ മോദി ചൈനയോട് പ്രതികരിക്കുന്നത് ഉറി ആക്രമണത്തിന് ശേഷവും ഇതേ രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 1962ലെ സര്‍ക്കാരല്ല നിലവിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്താണോ പറയുന്നത് അത് ചെയ്യുക തന്നെ ചെയ്യും. ജവാന്മാരുടെ ജീവത്യാഗം വെറുതെയാവില്ലെന്ന് സര്‍ജിക്കല്‍ സ്ട്രൈക്കിന് മുന്‍പും അദ്ദേഹം പറഞ്ഞിരുന്നു. ഇത് തന്നെയാണ് കഴിഞ്ഞ ദിവസവും അദ്ദേഹം ആവര്‍ത്തിച്ചത്. സമര്‍ഥമായ സര്‍ക്കാരാണ് ഇതെന്ന ഉറപ്പാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ നല്‍കുന്നതെന്നും നംഗ്യാല്‍ പറഞ്ഞു.
കേന്ദ്രം എന്ത് തീരുമാനമെടുത്താലും ലഡാക്കിലെ ജനങ്ങള്‍ സൈന്യത്തോടൊപ്പമുണ്ടാകും. കേണലുള്‍പ്പെടെ ഇരുപത് സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ ഒറ്റത്തവണത്തെ പരിഹാരമാണ് ആവശ്യം. ലഡാക്കിലെ മാത്രമല്ല രാജ്യത്തുള്ളവര്‍ മുഴുവനും അതാണ് ആവശ്യപ്പെടുന്നതെന്നും നംഗ്യാല്‍ പറഞ്ഞു.
ഈ പ്രദേശം തിരിച്ച് പിടിച്ചുകൂടെ എന്ന് പലരും ചോദിക്കുന്നു. അതത്ര എളുപ്പമല്ലെന്ന് അറിയാം. പക്ഷേ, അതിലെ സാധ്യതയെ തള്ളിക്കളയുന്നില്ല. ഇപ്പോഴത്തെ ജവാന്മാരുടെ ജീവത്യാഗം അതിനുള്ള സമയം ഇതാണെന്ന സൂചനയാണെന്നാണ് താന്‍ ചിന്തിക്കുന്നതെന്നും നംഗ്യാല്‍ പറഞ്ഞു. 1962ലെ യുദ്ധത്തില്‍ ചൈന പിടിച്ചെടുത്ത രാജ്യത്തിന്റെ ഭാഗം ഇന്ത്യന്‍ സൈനികര്‍ തിരിച്ചു പിടിക്കുമെന്നും നംഗ്യാല്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: