തിരുവനന്തപുരം: ദിവസേന മൂവായിരത്തോളം പാവപ്പെട്ട രോഗികൾ ആശ്രയിച്ചിരുന്ന തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജ്. ഈ വിശേഷണം ചേരുന്ന ആതുരാലയമാണ് തിരുവനന്തപുരം ജനറൽ ആശുപത്രി.
ഇവിടെ 16 കൊറോണ രോഗികൾ ഇപ്പോൾ ചികിത്സയിലുണ്ട്. 27 പേർ നിരീക്ഷണത്തിലും. ഈ ഒറ്റക്കാരണത്താൽ ആയിരങ്ങൾക്ക് ചികിത്സ നിഷേധിക്കുകയാണ് ഇവിടെ.
വേദനകൊണ്ട് പുളയുന്ന രോഗികൾ കൺമുന്നിലെത്തിയാൽ നോക്കി നിൽക്കാനെ ഇവിടത്തെ ഡോക്ടർമാർക്ക് കഴിയുന്നുള്ളു. ആഴ്ചയിൽ മൂന്നുദിവസങ്ങളിലായി അൻപതോളം തിമിര ശസ്ത്രക്രിയകൾ സൗജന്യമായി നടത്തിയിരുന്ന നേത്രരോഗ വിഭാഗത്തിന്റെ പ്രവർത്തനം നിലച്ചിട്ട് നാലുമാസം. ദന്തവിഭാഗത്തിന്റെയും സ്ഥിതി വ്യത്യസ്തമല്ല. ആൻജിയോഗ്രാം ഉൾപ്പെടെ ഹൃദയസംബന്ധമായ ചികിത്സകളും നിലച്ചു.
അസ്ഥിരോഗം, ജനറൽ സർജറി, യൂറോളജി, ഇഎൻറ്റി എന്നീ വിഭാഗങ്ങളിലായി ദിവസേന അൻപതിലധികം മേജർ സർജറികൾ നടന്നിരുന്നു ജനറൽ ആശുപത്രിയിൽ. മാസങ്ങളായി ഈ ഓപ്പറേഷൻ തീയേറ്ററിന്റെ വാതിലുകൾ തുറന്നിട്ട്. വൃക്കരോഗികളുടേയും അർബുദരോഗികളുടേയും ദയനീയതകൾ പ്രതിഷേധങ്ങളായപ്പോൾ തുറന്നിട്ടത് ഡയാലിസിസ്, കീമോ വിഭാഗങ്ങൾ മാത്രം.
18 വാർഡുകളിലായി നൂറുകണക്കിന് രോഗികൾക്ക് കിടത്തി ചികിത്സ നൽകിയിരുന്ന ആശുപത്രിയിൽ ഇപ്പോൾ പ്രവർത്തിക്കുന്നത് പുരുഷന്മാർക്കും സ്ത്രീകൾക്കുമായി രണ്ട് വാർഡുകൾ. ആരോരുമില്ലാത്തവരെ പാർപ്പിച്ചിരിക്കുന്നതിനാൽ ഒൻപതാം വാർഡും അടച്ചിട്ടില്ല.
തുടർചികിത്സ വേണ്ടവർ, അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയരാകേണ്ടവർ ഒക്കെയും ഇപ്പോൾ ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെ.
കോടികൾ മുടക്കി ജനറൽ ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുള്ള അത്യാധുനിക ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാത്തതിനാൽ നശിച്ചുകൊണ്ടിരിക്കുന്നു. കൊറോണ കാലത്തിനു ശേഷം ഈ ഉപകരണങ്ങൾ ആക്രിയായി മാറുമെന്ന് ജീവനക്കാരിൽ ചിലർ തന്നെ പറയുന്നു.
തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളേജ് എന്ന പ്രഖ്യാപനത്തോടെ കഴിഞ്ഞ സർക്കാർ ഉദ്ഘാടനം നടത്തിയ ആറുനില മന്ദിരം ജനറൽ ആശുപത്രി വളപ്പിൽ തലയുയർത്തി നിൽക്കുന്നുണ്ട് ഇപ്പോഴും.
എൽഡിഎഫ് സർക്കാർ രണ്ടാം മെഡിക്കൽ കോളേജ് ആവശ്യമില്ലെന്ന നിലപാട് എടുത്തപ്പോൾ അനാഥമായ ബഹുനില മന്ദിരം. കൊറോണ രോഗികൾക്കായി ഈ മന്ദിരം തുറന്നു നൽകിയെങ്കിൽ ജനറൽ ആശുപത്രിയിലെ മറ്റു ചികിത്സകൾ നിലയ്‌ക്കില്ലായിരുന്നു.
തീരദേശത്തെയും നഗരത്തിലെ ചേരികളിലെയും ജനങ്ങൾ ഏറ്റവുമധികം ആശ്രയിക്കുന്ന ആതുരാലയം. സ്വകാര്യ ആശുപത്രികളെ വെല്ലുന്ന ചികിത്സാ മികവ്. എന്നിട്ടും…?
പ്രതികരിക്കാൻ ഇവിടെ എഴുതുക: