ബെംഗളൂരു: തമിഴ്നാട് സ്വദേശികളായ അന്തര്‍സംസ്ഥാന ബൈക്ക് മോഷ്ടാക്കള്‍ ബെംഗളൂരു പോലീസിന്റെ പിടിയില്‍. കെടിഎം ഡ്യൂക്ക്, റോയല്‍ എന്‍ഫീല്‍ഡ് തുടങ്ങി വിലകൂടിയ ബൈക്കുകള്‍ മാത്രമാണ് ഇവര്‍ മോഷ്ടിച്ചിരുന്നത്.
തമിഴ്നാട്ടിലെ ഹൊസൂര്‍ നിവാസികളായ പെരിസ്വാമി (ബോയ്-20), ഹരീഷ് (മാരി-21) എന്നിവരെയാണ് ബൊമ്മനഹള്ളി പോലീസ് അറസ്റ്റ് ചെയതത്. ബെംഗളൂരു ബിടിഎം ലേഔട്ടിലും ബൊമ്മനഹള്ളിയിലുമുള്ള അപാര്‍ട്ട്മെന്റുകളിലും വീടുകളില്‍ പാര്‍ക്കിംഗ് സൗകര്യങ്ങളില്ലാത്തതിനാല്‍ റോഡ് സൈഡില്‍ പാര്‍ക്ക് ബൈക്കുകളാണ് ഇരുവരും മോഷ്ടിച്ചിരുന്നത്. പ്രതികളുടെ പക്കല്‍ നിന്ന് അഞ്ച് ബൈക്കുകള്‍ പോലീസ് കണ്ടെടുത്തു. നഗരത്തില്‍ ബൈക്ക് മോഷണത്തിനു പേരുകേട്ട എട്ടംഗ സംഘത്തിലെ അംഗങ്ങളാണ് ഇരുവരുമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
വിലകൂടിയ ബൈക്കുകള്‍ ഇരുവരുടേയും ശ്രദ്ധയില്‍പ്പെട്ടാല്‍ കൃത്യമായി നിരീക്ഷിച്ച ശേഷം വാഹന ഉടമയുടെ നീക്കങ്ങള്‍ ശ്രദ്ധിക്കും. ആരും ശ്രദ്ധിക്കാത്ത സമയം നോക്കി ബൈക്കുകളുടെ ഹാന്ഡ്ലോക് തകര്‍ത്ത് പാര്‍ക്കിങ് സ്ഥലത്തു നിന്ന് തള്ളിനീക്കും.
ഇതിനു താക്കോല്‍ പഴുതിലൂടെ വയര്‍ കടത്തി ബൈക്ക് സ്റ്റാര്‍ട്ടാക്കി ഹൊസൂരിലേക്ക് രക്ഷപെടുന്നതാണ് സംഘത്തിന്റെ രീതി.
എളുപ്പത്തില്‍ പണം സമ്പാദിക്കാന്‍ വേണ്ടിയാണ് ഇരുവരും മോഷണം ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. അതിര്‍ത്തിയില്‍ എത്തുന്നതിനു മുന്‍പ് ബൈക്കിന്റെ നമ്പര്‍ മാറ്റി പുതിയ നമ്പര്‍ സ്ഥാപിക്കും. ഈ നമ്പരില്‍ തയ്യാറാക്കിയ വ്യാജ രേഖകള്‍ ചെക്ക് പോസ്റ്റില്‍ കാണിച്ച് അതിര്‍ത്തി കടക്കും.
കെടിഎം ബൈക്കുകള്‍, എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍, യമഹ ആര് എക്സ് ബൈക്കുകള്‍ തുടങ്ങിയവയാണ് ഇരുവരും ലക്ഷ്യം വെക്കുന്നതെന്നും പോലീസ് പറഞ്ഞു.
മോഷ്ടിച്ച ബൈക്കുകള്‍ കുറച്ച് ദിവസം വ്യാജ നമ്പര്‍ പ്ലെയിറ്റ് ഉപയോഗിച്ച് ഓടിച്ച ശേഷം കുറഞ്ഞ വിലയ്ക്ക് ഇരുവരും വില്‍ക്കാറാണ് പതിവ്. ബൊമ്മനഹള്ളിക്കു പുറമെ മൈക്കോ ലേഔട്ട് പോലീസ് സ്റ്റേഷനില്‍ ഇരുവര്‍ക്കുമെതിരെ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: