പേരാമ്പ്ര: ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം സന്ദര്‍ശിച്ച വിദഗ്ധ സംഘം നല്‍കിയത് പെയ്ഡ് റിപ്പോര്‍ട്ടെന്ന ആരോപണവുമായി സമരസമിതി. ഇവരുടെ റിപ്പോര്‍ട്ട് പൂര്‍ണമായും ക്വാറി കമ്പനിക്ക് അനുകൂലമാണ്.
സംസ്ഥാന വിദഗ്ധ വിലയിരുത്തല്‍ സമിതിയിലെ അംഗങ്ങളായ ഡോ. പി.എസ്. ഈസ, കെ. കൃഷ്ണപണിക്കര്‍ എന്നിവരാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇവരുടെ റിപ്പോര്‍ട്ട് യാഥാര്‍ത്ഥ്യവുമായി പുലബന്ധമില്ലാത്തതാണെന്നും സമരസമിതി ചൂണ്ടിക്കാണിക്കുന്നു. ക്വാറി കമ്പനി വിദഗ്ധ സംഘത്തെ സ്വാധീനിച്ചതായും ആരോപണമുണ്ട്. ഗ്രാമപഞ്ചായത്ത് അധികൃതരെ പോലും അറിയിക്കാതെ ക്വാറി മുതലാളിയുടെ കൂടെയാണ് സംഘം ചെങ്ങോടുമല സന്ദര്‍ശിച്ചത്.
കമ്പനി അധികൃതര്‍ പറയുന്നത് മാത്രം എഴുതിപ്പിടിപ്പിക്കുകയായിരുന്നു സംഘം. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നിയോഗിച്ച വിദഗ്ധ സംഘം ചെങ്ങോടുമല സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഖണ്ഡിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. എന്നാല്‍ ജില്ലാ കളക്ടര്‍ നിയോഗിച്ച വിദഗ്ധ സംഘത്തിന്റെ കണ്ടെത്തലുകള്‍ വേണ്ട വിധം ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ലെന്നും സമരസമിതി ചൂണ്ടിക്കാട്ടി.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുതല്‍ ജില്ലാ കളക്ടര്‍ വരെ നിയോഗിച്ച വിദഗ്ദസംഘമുള്പ്പെടെ ക്വാറി വന്നാല്‍ ചെങ്ങോടുമലയില്‍ വലിയ പാരിസ്ഥിതികാഘാതമുണ്ടാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനെയെല്ലാം ഗൗരവത്തിലെടുക്കാതെയുള്ളതാണ് ഈ രണ്ടംഗ സംഘത്തിന്റെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.
ചെങ്ങോടുമലയില്‍ ക്വാറിക്ക് പാരിസ്ഥിതികാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ശക്തമായ സമരത്തിനുള്ള ഒരുക്കത്തിലാണ് ആക്ഷന്‍ കൗണ്‍സില്‍. ആദ്യ ഘട്ടത്തില്‍ മുഖ്യമന്ത്രിക്ക് 10000 കത്തയക്കാനാണ് തീരുമാനം. അനിശ്ചിതകാല നിരാഹാര സമരം നടത്താനും തീരുമാനിച്ചിട്ടുണ്ട്. കോ-ഓര്‍ഡിനേഷന്‍ യോഗത്തില്‍ സുരേഷ് ചീനിക്കല്‍, ശ്രീനിവാസന് മേപ്പാടി, എം.എസ്. ബാബു, രാജന് അരമന, കല്പകശ്ശേരി ജയരാജന്, കുനിയില്‍ ബിജു, ലിനീഷ് നരയംകുളം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: