കോട്ടയം: കോരിച്ചൊരിയുന്ന മഴയാണ്, ഒപ്പം രണ്ട് കുട്ടികളും. ഭാഗ്യക്കേട് മൂലം ജീവിതം പ്രതിസന്ധിയിലായ സരസ്വതി ഭാഗ്യക്കുറി വിറ്റ് ജീവിതം കരുപിടിപ്പിക്കുകയാണ്. എം.സി റോഡില്‍ തുരുത്തിയ്ക്ക് സമീപം രണ്ട് മക്കളുമായാണ് ലോട്ടറി വില്‍പ്പന. ഭര്‍ത്താവ് മരണപ്പെട്ടു. മക്കളെനോക്കാന്‍ ആരുമില്ല. ജോലിക്ക് പോകുമ്പോള്‍ മക്കളെ ഒപ്പം കൂട്ടാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് സരസ്വതി പറഞ്ഞു.
ഭര്‍ത്താവ് മരണപ്പെട്ടതോടെയാണ് സരസ്വതിയുടെ ജീവിതം താളം തെറ്റിയത്. രണ്ടാമത്തെ കുട്ടിയെ എട്ടുമാസം ഗര്‍ഭിണിയായിരിക്കെയാണ് ഭര്‍ത്താവിന്റെ അപ്രതിക്ഷിത വിയോഗം. സ്ഥലമോ വീടോ സ്വന്തമായിട്ടില്ലാത്ത സരസ്വതി മക്കളെ പോറ്റാന്‍ നന്നേ കഷ്ടപ്പെട്ടു. തെങ്കാശിയില്‍ ജോലിചെയ്താല്‍ തുച്ഛമായ വരുമാനമാണ് കിട്ടുക. ഈ പണം കൊണ്ട് രണ്ട് കുട്ടികളുടെ കാര്യങ്ങളും വീട്ടുവാടകയും മറ്റ് ചിലവുകളും നടക്കാതെ വന്നതോടെയാണ് കേരളത്തിലേക്ക് പോരാന്‍ തീരുമാനിച്ചത്.
രണ്ടരവര്‍ഷം മുമ്പാണ് സരസ്വതി രണ്ട് മക്കളുമായി തുരുത്തിയില്‍ എത്തുന്നത്. പലരുടെയും സഹായത്തിലാണ് വാടക വീട് ലഭിച്ചത്. തന്റെ വീടിന് സമീപം ധാരാളം തമിഴ്നാട്ടുകാര്‍ താമസിക്കുന്നുണ്ടെന്ന് സരസ്വതി പറഞ്ഞു. ആദ്യം തമിഴ്നാട്ടില്‍ നിന്നുള്ളവര്‍ക്ക് ഭക്ഷണം വിറ്റാണ് ജീവിച്ചിരുന്നത്. കൊറോണയും, തൊട്ട് പിന്നാലെ ലോക്ഡൗണും എത്തിയത് തങ്ങളുടെ ജീവിതത്തില്‍ വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് സരസ്വതി പറയുന്നു.
പണം ഇല്ലാത്തതിനാലാണ് നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കാഞ്ഞത്. നാട്ടുകാരുടെയും പഞ്ചായത്തിന്റെയും സഹായത്തിലാണ് ലോക്ഡൗണ്‍ കാലത്ത് കഴിഞ്ഞ് പോന്നത്. ഇപ്പോള്‍ മറ്റുമാര്‍ഗങ്ങളെല്ലാം അടഞ്ഞതിനെതുടര്ന്നാണ് ലോട്ടറി കച്ചവടം നടത്തുന്നത്. സരസ്വതിയ്ക്കൊപ്പം മക്കളായ ചന്ദ്രൂ (ഏഴ്), ഭുവനേശ് (അഞ്ച്) ഒപ്പമുണ്ട്. ഇരുവരെയും പഠനത്തിനായി തുരുത്തിയിലെ സ്കൂളില്‍ ചേര്‍ത്തതായി സരസ്വതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: