പാശ്ചാത്യസയന്സില് ഒരേയൊരു ലോകമെ ഉള്ളു. അത് ഇന്ദ്രിയപ്രത്യക്ഷലോകമാണ്. പരികല്പനകള് മറ്റൊരു ലോകത്തല്ല, അതേ ലോകത്തെ വ്യത്യസ്ത മാതൃകകള്‍ മാത്രം. അവിടെയുള്ള ദ്രവ്യപിണ്ഡങ്ങള്‍ കണങ്ങളുടെ സംഘാതങ്ങളാകുന്നു. കണങ്ങളും ദ്രവ്യങ്ങള്‍തന്നെ, അവയ്ക്കും ദ്രവ്യമാനമുണ്ട്. കണങ്ങള്‍ ചെറിയവയെന്നും ദ്രവ്യപിണ്ഡങ്ങള്‍ വലിയവയുമെന്ന വ്യത്യാസമെ അവിടെയുള്ളു.
ദ്രവ്യപിണ്ഡങ്ങളെ കാണുന്നപോലെതന്നെ കണങ്ങളെയും ഉപകരണങ്ങള്‍കൊണ്ട് കാണാമെന്നും കാണുന്നുണ്ടെന്നും പാശ്ചാത്യര്‍ കരുതുന്നു. അവര്‍ക്ക് കണങ്ങളുടെ നിയമവ്യവസ്ഥയാണു ശരി. ദ്രവ്യപിണ്ഡങ്ങളും അവയുടെ ന്യൂട്ടോണിയന്‍ നിയമവ്യവസ്ഥയും സുമാറുകള്‍ മാത്രം.
ശരിതെറ്റുകള്‍ വേര്തിരിച്ചുകാണിക്കാന്വേണ്ടി മാത്രമാണ് ചെറിയലോകമെന്നും വലിയലോകമെന്നും ഇന്നത്തെ ഭൗതികശാസ്ത്രത്തില്‍ ചിലപ്പോഴെങ്കിലും വ്യവഹരിക്കാറുള്ളത്. പാശ്ചാത്യസയന്സിന് ഒരേയൊരു ഇന്ദ്രിയപ്രത്യക്ഷലോകവും, അവര്‍ ലക്ഷ്യമാക്കുന്നത് ഒരേയൊരു നിയമവ്യവസ്ഥയും ആണെന്ന് പ്രത്യേകം ആവര്‍ത്തിച്ചു പറയേണ്ടിയിരിക്കുന്നു.
ന്യൂട്ടന്റെ പരീക്ഷണശാലയിലെ ശാസ്ത്രജ്ഞന് നമ്മളെല്ലാം ചെയ്യുന്നപോലെ ദ്രവ്യപിണ്ഡങ്ങളെയും അവയുടെ ചലനങ്ങളെയും മാത്രമാണ് നോക്കിക്കാണുകയും (അറിയുകയും), തുലാസുകൊണ്ട് തൂക്കുകയും മാംസപേശികൊണ്ട് നിയന്ത്രിക്കുകയും ചെയ്യുന്നത് (നിറങ്ങളെ തല്ക്കാലം മാറ്റിനിര്‍ത്തുന്നു).
ഇലക്ട്രോണ്‍ തുടങ്ങിയ കണങ്ങളുടെ എല്ലാംതന്നെ സ്വാഭാവികമാണ്. കണങ്ങളെ ആരും കണ്ടിട്ടില്ല, തുലാസില്‍ തൂക്കിയെടുത്തിട്ടില്ല, ആര്‍ക്കും നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല, വൈദ്യുതിചാര്ജ്ജുകള് അളന്നിട്ടില്ല (അളന്നത് എണ്ണത്തുള്ളികളുടെ ചാര്‍ജ്ജാണ്, മറ്റു പരീക്ഷണങ്ങളിലും അതു
പോലെതന്നെ). അതിന്റെ അരിശം തീര്‍ക്കാനാണ് പാശ്ചാത്യശാസ്ത്രജ്ഞന് പ്രകൃതിയില്‍ അനിശ്ചിതത്വം ആരോപിക്കുന്നത്. പ്രകൃതി നിശ്ചയിക്കുന്നതാണ് നിശ്ചയമെന്ന് ഏതു പാമരനുമറിയാം.
അനിശ്ചിതത്വം എണ്ണലിലാണ്. ഒന്നുവിട്ടാല്‍ രണ്ട്, രണ്ടുവിട്ടാല് മൂന്ന്, പത്തുവിട്ടാല് പതിനൊന്ന്, നൂറുവിട്ടാല് നൂറ്റൊന്ന്, അങ്ങനെയങ്ങനെ. എഞ്ചുവടി പഠിച്ച ഏതു കുട്ടിക്കും ഈ അറിവുണ്ട്. കാര്യം നിസ്സാരം. ഇടയില്‍ വരുന്ന ഒന്നാണ് ആധുനികശാസ്ത്രത്തിലെ അനിശ്ചിതത്വം!
ചെറിയ സംഖ്യകളില്‍ ഒന്നിന്റെ അനിശ്ചിതത്വം വലുതാണ്. സംഖ്യ വലുതാകുന്തോറും ഒന്നിന്റെ അനിശ്ചിതത്വം ശതമാനക്കണക്കില്‍ കുറഞ്ഞുകൊണ്ടേവരും. ശാസ്ത്രജ്ഞന്മാര് ഇതു ശ്രദ്ധിച്ചത് 19-ാം നൂറ്റാണ്ടില്‍ തരംഗങ്ങളെ എണ്ണുമ്പോള്‍ മാത്രമാണ്. 20-ാം നൂറ്റാണ്ടില്‍ ആ തത്വം ഹൈസന്‍ബെര്‍ഗിന്റെ അനിശ്ചിതതത്വമായി. ആ പേരില്‍ അത്യന്താധുനികശാസ്ത്രത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്നു. ഏതു ഭ്രമകല്പനകള്ക്കും മുടന്തന്‍ന്യായമായി ഉപയോഗിക്കപ്പെടുന്നു.
ശാസ്ത്രത്തെയും ശാസ്ത്രജ്ഞരെയും ബഹുമാനിക്കുമ്പോള്‍തന്നെ നാം നമ്മുടെ സാമാന്യബുദ്ധിയെക്കൂടി ബഹുമാനിക്കേണ്ടതുണ്ട്. കുഞ്ഞുങ്ങള്‍ കൈവിരലുകളും മാങ്ങയും ചക്കക്കുരുവും എണ്ണുമ്പോള്‍ മഹാശാസ്ത്രജ്ഞന്മാര് തിരയെണ്ണുന്നു. നിസ്സാരങ്ങളെ പെരുപ്പിച്ചുകാണുന്നു.
ഭാരതീയചിന്തയില്‍ മേല്പറഞ്ഞതുപോലെയുള്ള അവിവേകങ്ങള്‍ക്കു സ്ഥാനമില്ല. ദ്രവ്യലോകത്തെ കാണുന്നത് വിഷ്ണു (വിരാട് പുരുഷന്). അദ്ദേഹത്തിന്റെ അനുഗ്രഹം കൊണ്ട് മനുഷ്യന് മാംസചക്ഷുസ്സുകള്‍ കൊണ്ട് കാണാനും കര്മ്മേന്ദ്രിയങ്ങള് കൊണ്ട് ഇടപെടാനും സാധിക്കുന്നു. ഇതാണ് ഇന്ദ്രിയപ്രത്യക്ഷലോകം.
കണങ്ങളെ കാണുന്നത് ബ്രഹ്മദേവന്. അവിടെ മനുഷ്യന്റേതുള്പ്പെടെയുള്ള ജന്തുശരീരങ്ങള്‍ ഇല്ല. അവ കണങ്ങളുടെ ലോകത്തെ ബ്രഹ്മദേവന്റെ സങ്കല്പസൃഷ്ടികള് മാത്രം. അദ്ദേഹത്തിന്റെ അനുഗ്രഹം കൊണ്ട് മനുഷ്യന് കണങ്ങളുടെ ലോകം വിഭാവനം ചെയ്യാന്‍ സാധിക്കുന്നു. ഇതാണ് മനഃപ്രത്യക്ഷലോകം. ശിവപ്പെരുമാളുടെ അനുഗ്രഹമുണ്ടെങ്കില്‍ എല്ലാ സംശയങ്ങളും നീങ്ങി നമുക്ക് എല്ലാത്തിനും കാരണമായി നിലനില്‍ക്കുന്ന അദ്ദേഹത്തിന്റെ കാരണലോകത്തെത്താം. ശിവനും താന്‍തന്നെ എന്ന പരമാനന്ദപ്രാപ്തിക്കും, ശിവലോകവും ശിവനും രണ്ടല്ല എന്ന പരമപദപ്രാപ്തിക്കും ആ പരമേശ്വരന്റെ അനുഗ്രഹംതന്നെ വേണം. സംശയങ്ങള്‍ തീര്‍ക്കാനുള്ള ഒരു വഴി (സാധന) മാത്രമാണ് ആധുനിക ശാസ്ത്രാന്വേഷണം എന്നറിയുക. ആധുനികശാസ്ത്രത്തെ ഭൗതികവും ദൈവീകവും അദ്വയവുമായാണ് നാം കാണേണ്ടത്.
അര്ക്കാനലാദിവെളിവൊക്കെഗ്രഹിക്കു
മൊരു കണ്ണിന്നുകണ്ണുമനമാകുന്നകണ്ണതിന്
കണ്ണായിരുന്നപൊരുള്‍ താനെന്നുറയ്ക്കുമള-
വാനന്ദമെന്തു ഹരി നാരായാണായ നമഃ
(ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ (മുംബൈ) ശാസ്ത്രജ്ഞനായിരുന്നു ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: