ന്യൂദല്‍ഹി: ഗല്‍വാന്‍വാലിയിലെ ചൈനീസ് അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ ചൈനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഭാരതത്തെ അക്രമിക്കാന്‍ ശ്രമിച്ച ചൈന ജനാധിപത്യ രാജ്യമേയല്ല. ഏകാധിപത്യമാണ് അവിടെ. അവര്‍ക്ക് തോന്നുന്നത് പോലെ അവര്‍ ചെയ്യും. മറിച്ച് നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇന്ത്യ വിജയിക്കും. ചൈന തോല്‍ക്കും. ഐക്യത്തോടെ പ്രവര്‍ത്തിക്കുകയും ചിന്തിക്കുകയും ചെയ്യേണ്ട സമയമാണ് ഇത്. ഈ ഘട്ടത്തില്‍ പ്രധാനമന്ത്രിക്കും സര്‍ക്കാരിനും ഐക്യാദാര്‍ഢ്യം പ്രകടിപ്പിക്കുന്നുവെന്ന് മമത പറഞ്ഞു.
എന്നാല്‍, പതിറ്റാണ്ടുകളായി ബംഗാള്‍ ഭരിച്ച ഇടതുപാര്‍ട്ടികള്‍ ചൈന അനുകൂല നിലപാടാണ് യോഗത്തില്‍ സ്വീകരിച്ചത്. മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചൈനയ്ക്കെതിരെ പരസ്യ നിലപാടെടുത്തപ്പോള്‍ സിപിഎമ്മും സിപിഐയും മൗനം പാലിച്ചു.
യാതൊരു കാരണവശാലും ഇന്ത്യ അമേരിക്കയുടെ സഖ്യത്തിന്റെ ഭാഗമാവരുതെന്ന് സിപിഐ യോഗത്തില്‍ ശക്തമായി ആവശ്യപ്പെട്ടു. ഇന്ത്യയെ സഖ്യത്തിലേക്ക് വലിച്ചിടാനാണ് അമേരിക്കയുടെ ശ്രമമെന്നും അതിനെ എതിര്‍ക്കുമെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ പറഞ്ഞു. പഞ്ചശീത തത്വങ്ങള്‍ പാലിക്കണമെന്ന് സിപിഎമ്മും സര്‍വ്വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയ ചൈനീസ് സൈന്യത്തിന്റെ നടപടിക്കെതിരെ ഒരുവാക്ക് പോലും ഇരുപാര്‍ട്ടികളും മിണ്ടിയില്ല.
ലോക് കല്യാണ്‍ മാര്‍ഗ്ഗിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ പ്രധാനമന്ത്രിക്കൊപ്പം കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ്സിങ്, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍, ധനമന്ത്രി നിര്‍മ്മലാ സീതാരാമന് എന്നിവര്‍ പങ്കെടുത്തു. സര്‍വ്വകക്ഷി യോഗത്തില്‍ ഇരുപത് പാര്‍ട്ടികളുടെ നേതാക്കളാണ് പങ്കെടുത്തത്. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു, ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന് എന്നിവരും സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: