കണ്ണൂര്‍: കണ്ണൂരില്‍ കോവിഡ് സമൂഹവ്യാപനമില്ലെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും സ്ഥിതി അതീവ ഗുരുതരമെന്ന് സൂചന. സമ്പര്ക്കത്തില്ക്കൂടിയുള്ള രോഗവ്യാപനത്തിന്റെ സ്രോതസ്സുകള്‍ കണ്ടെത്താന്‍ സാധിക്കാത്തതാണ് അധികൃതരെയും ആശങ്കയിലാഴ്ത്തുന്നത്. തലശ്ശേരി ധര്‍മ്മടത്ത് മരിച്ച ആയിഷ, കണ്ണൂര്‍ സബ്ബ് ജയിലിലെ രണ്ട് റിമാന്റ് പ്രതികള്‍, അയ്യന്‍കുന്നിലെ ആദിവാസി യുവതി, കഴിഞ്ഞദിവസം മരിച്ച എക്സൈസ് ഉദ്യോഗസ്ഥന് സുനില്‍, രോഗം സ്ഥിരീകരിച്ച പതിനാലുകാരന് തുടങ്ങിയവരുടെ രോഗപകര്‍ച്ചയുടെ ഉറവിടമാണ് ഇതുവരെ കണ്ടെത്താന്‍ സാധിക്കാത്തത്. അന്വഷേണത്തില്‍ രോഗം പകര്ന്നതിലുള്ള സാധ്യതയല്ലാതെ കൃത്യമായ സ്രോതസ്സ് കണ്ടെത്താനായിട്ടില്ല.
കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരിച്ച ബ്ലാത്തൂര്‍ സ്വദേശിയായ എക്സൈസ് ഉദ്യോഗസ്ഥന് എവിടെ നിന്ന് രോഗം ബാധിച്ചുവെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. പൂര്‍ണ്ണ ആരോഗ്യവാനായ സുനില്‍ കോവിഡ് ബാധിച്ച് ദിവസങ്ങള്‍ക്കകം മരണപ്പെടുകയായിരുന്നു. ഇതും ആശങ്കയുണ്ടാക്കുന്നുണ്ട്. സുനിലിന്റെ സമ്പര്‍ക്കപ്പട്ടിക വലിയതായതിനാല്‍ ഇരിക്കൂര്‍ മേഖലയിലെ വിവിധ പ്രദേശങ്ങള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുകയാണ്.
കണ്ണൂരില്‍ 14 കാരന് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ കോര്പറേഷന് പരിധിയിലെ 11 ഡിവിഷനുകള്‍ പൂര്‍ണ്ണമായും അടച്ചു. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ മറ്റൊന്നും തുറക്കാന്‍ അനുവാദമില്ല. ഇട റോഡുകളെല്ലാം ബാരിക്കേഡ് സ്ഥാപിച്ച് ഗതാഗതം നിരോധിച്ചു. ആളുകള്‍ക്ക് പുറത്തിറങ്ങാനും അനുവാദമില്ല. ദീര്‍ഘദൂര ബസ്സുകള്‍ ഒഴികെ നഗരത്തില്‍ പ്രവേശിക്കുന്ന മറ്റ് ബസ്സുകള്‍ക്കും നിയന്ത്രണമുണ്ട്. കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ നാല്പത് പേര് ഇപ്പോള്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ ഇതുവരെ 332 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 225 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. മരിച്ച എക്സൈസ് ഉദ്യോഗസ്ഥന്റെ സമ്പര്‍ക്കപ്പട്ടിക വിപുലമായതിനാല്‍ സ്ഥിതി ഗുരുതരമാണെന്നും ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നുമാണ് മന്ത്രി ഇ.പി. ജയാജന്‍ പ്രതികരിച്ചത്. സമൂഹവ്യാപനമില്ലെന്ന് അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നതും ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ മുന്‍കരുതലായി അടച്ചിടുന്നതും ജനങ്ങളെ പരിഭ്രാന്തരാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: