മാഡ്രിഡ്: ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സേമയുടെ ഇരട്ട ഗോളില്‍ റയല്‍ മാഡ്രിഡിന് അനായാസ വിജയം. ലാ ലിഗയില്‍ അവര്‍ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വലന്‍സിയയെ തോല്‍പ്പിച്ചു. ലാ ലിഗ പുനരാരംഭിച്ച ശേഷം റയലിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. ആദ്യ മത്സരത്തില്‍ അവര്‍ ഐബറിനെ പരാജയപ്പെടുത്തിയിരുന്നു.
61, 86 മിനിറ്റുകളില്‍ സ്‌കോര്‍ ചെയ്താണ് ബെന്‍സേമ ഡബിള്‍ തികച്ചത്. പരിക്ക് ഭേദമായി കളിക്കളത്തിലേക്ക് തിരിച്ചുവന്ന മാര്‍ക്കാ അസന്‍സിയോ ഒരു ഗോള്‍ നേടി. ഈ വിജയത്തോടെ റയല്‍ ബാഴ്‌ലോണയ്‌ക്ക് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 29 മത്സരങ്ങളില്‍ റയലിന് അറുപത്തിരണ്ട് പോയിന്റാണുള്ളത്. ബാഴ്‌സലോണ റയലിനെക്കാള്‍ രണ്ട് പോയിന്റിന് മുന്നിലാണ്. അവര്‍ക്ക് 29 മത്സരങ്ങളില്‍ 64 പോയിന്റുണ്ട്.
മത്സരത്തിന്റെ തുടക്കം മുതല്‍ ഇരു ടീമുകളും തകര്‍ത്തുകളിച്ചതോടെ മത്സരം ആവേശഭരിതമായി. ആദ്യ പകുതിയില്‍ വലന്‍സിയ ഗോള്‍ നേടിയതാണ്. എന്നാല്‍ വാര്‍ ഗോള്‍ അനുവദിച്ചില്ല. രണ്ടാം പകുതിയില്‍ റയലിനായിരുന്നു ആധിപത്യം. അറുപത്തിയൊന്നാം മിനിറ്റില്‍ അവര്‍ ഗോളടി തുടങ്ങി. ബെന്‍സേമയാണ് അക്കൗണ്ട് തുറന്നത്. എഡന്‍ ഹസാര്‍ഡിന്റെ പാസാണ് ബെന്‍സേമ ഗോളിലേക്ക് തിരിച്ചുവിട്ടത്.
പകരക്കാരനായി ഇറങ്ങിയ മാര്‍ക്കോ അസന്‍സിയോ 74-ാം മിനിറ്റില്‍ റയലിന്റെ രണ്ടാം ഗോളും കുറിച്ചു. കളിയവസാനിക്കാന്‍ നാലു മിനിറ്റുള്ളപ്പോള്‍ ബെന്‍സേമ വീണ്ടും വലന്‍സിയയുടെ വലകുലുക്കി ഡബിള്‍ തികച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: