ലണ്ടന്‍: കൗമാരക്കാരന് ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തതിന് പിന്നാലേ ബോംബുണ്ടാക്കിയതിന് അറസ്റ്റില്‍. ഇംഗ്ലണ്ടിലെ ഹാംഷെയറില്‍ ജീവിക്കുന്ന 14 കാരനെയാണ് ഭീകര പ്രവര്‍ത്തനത്തിനുള്ള തയ്യാറെടുപ്പിനിടെ ബ്രിട്ടീഷ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രായം പരിഗണിച്ച് കുറ്റാരോപിതന്റെ പേരുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല. സ്വന്തം ബെഡ്റൂമില്‍ വച്ച് സ്ഫോടക വസ്തു നിര്‍മ്മിച്ചതിനു പുറമേ മതത്തിനു വേണ്ടി രക്തസാക്ഷിത്വം വരിക്കാനുള്ള സന്നദ്ധത വെളിപ്പെടുത്തിക്കൊണ്ട് വീഡിയോയും റെക്കോര്‍ഡ് ചെയ്തതായി ഭീകര വിരുദ്ധസേന റിപ്പോര്‍ട്ട് ചെയ്തു.
ഈ വര്‍ഷമായിരുന്നു പ്രതിയുടെ ഇസ്ലാമിലേക്കുള്ള പരിവര്‍ത്തനമെങ്കിലും കഴിഞ്ഞ ഒരു മാസത്തിനുള്ളിലാണ് തീവ്രവാദ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്. ഭീകര പ്രവര്‍ത്തന കുറ്റം ചുമത്തി അറസ്റ്റിലാകുന്ന ബ്രിട്ടണിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. കുറച്ചു നാളുകളായി സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനുള്ള ഗവേഷണത്തില്‍ ഇയാള്‍ മുഴുകിയിരിക്കുകയായിരുന്നു. ബോംബു നിര്‍മ്മാണരീതികള്‍ വിശദീകരിക്കുന്ന വീഡിയോയും ചിത്രീകരിച്ചിരുന്നു. വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കപ്പെട്ട പ്രതിയില്‍ ടെററിസം ആക്ട് 2006 ന്റെ സെക്ഷന്‍ 5(1)(a) അനുസരിച്ചുള്ള കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: