ന്യൂദല്‍ഹി: മലേറിയ പ്രതിരോധ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍ (എച്ച്സിക്യു) കയറ്റുമതിക്കുള്ള നിരോധനം കേന്ദ്രസര്‍ക്കാര്‍ നീക്കി. നടപടി പ്രാബല്യത്തില്‍ വന്നു. 2020 ജൂണ്‍ 06ന് നടന്ന മന്ത്രിതല സമിതിയുടെ കൂടിയാലോചനയെ അടിസ്ഥാനമാക്കി ഉന്നതാധികാര സമിതിയും ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പുമാണ് ഹെഡ്രോക്സിക്ലോറോക്വിന്‍ (സജീവ ഘടകമായവയും,സംയുക്തങ്ങളും) കയറ്റുമതി നിരോധനം പിന്‍വലിക്കണമെന്ന് ശുപാര്‍ശ ചെയ്തത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന് ട്രേഡ് ഡി.ജി.എഫ്.റ്റി ഇന്നലെ ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു.
രാജ്യത്ത് മരുന്നുകളുടെ ലഭ്യത വിലയിരുത്തുന്നതിനായി രണ്ടാഴ്ച കൂടുമ്പോള്‍ ഒരു അന്തര്‍ മന്ത്രിതല ഉന്നതാധികാര സമിതി പതിവായി യോഗം ചേരുന്നുണ്ട്. സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. 2020 മാര്‍ച്ച് മെയ് കാലയളവില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉല്പാദക യൂണിറ്റുകളുടെ എണ്ണം രണ്ടില്‍ നിന്ന് 12 ആയി വര്‍ദ്ധിച്ചതായും രാജ്യത്തെ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉല്പാദന ശേഷി മൂന്ന് മടങ്ങ് വര്‍ദ്ധിച്ചതായും യോഗം വിലയിരുത്തി.
പ്രതിമാസം ഏകദേശം 10 കോടിഗുളികകളില് നിന്ന് പ്രതിമാസം ഏകദേശം 30 കോടി ഗുളികകള്‍ ആയാണ് വര്‍ദ്ധിച്ചത്. നിലവില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഗുളികകളുടെ ശേഖരം ഇന്ത്യയുടെ ആഭ്യന്തര ആവശ്യങ്ങള്‍ക്കുപരി നിര്‍മ്മിക്കാന്‍ സാധിക്കുന്നുണ്ട്. 12.22 കോടി ഹൈഡ്രോക്സിക്ലോറോക്വിന്‍ 200 മില്ലിഗ്രാം ഗുളികകള്‍ എച്ച്.എല്‍.എല്‍.ലൈഫ് കെയര്‍ ലിമിറ്റഡിന് നല്കി.
7.58 കോടി ഗുളികകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ജന്‍ ഔഷധി കേന്ദ്രങ്ങള്‍ക്കും വിനിയോഗിക്കാനായി നല്‍കിയിട്ടുണ്ട്.ഹൈഡ്രോക്സിക്ലോറോക്വിന്‍ 200 മില്ലിഗ്രാമിന്റെ 10.86 കോടി ഗുളികകള്‍ പ്രാദേശിക മരുന്നുകടകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ആകെ 30.66 കോടി ഹൈഡ്രോക്സിക്ലോറോക്വിന്‍ 200 മില്ലിഗ്രാം ഗുളികകള്‍ ആഭ്യന്തര വിപണിയില്‍ ലഭ്യമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: