Categories: Literature

പ്രസാധകര്‍ വിഴുങ്ങിയ രചനകള്‍;പ്രസാധകരംഗത്തെ നിയന്ത്രിക്കുന്നത് ന്യൂനപക്ഷ കേന്ദ്രീകൃതമായ മതരാഷ്‌ട്രീയ ചിന്തകള്‍

ഇന്ത്യന്‍ ഫിലോസഫി, സംസ്‌ക്കാരം, വൈദിക വാങ്മയങ്ങള്‍, നോവല്‍, ഖണ്ഡകാവ്യം തുടങ്ങി ദേശീയജീവിതവുമായി ബന്ധപ്പെട്ടതിനെയെല്ലാം അവഗണിക്കുന്ന കച്ചവടതന്ത്രം കേരളത്തിലെ മുന്‍നിര പ്രസാധകര്‍ പയറ്റാന്‍ തുടങ്ങിയിട്ട് കാലമേറെയായി

Published by

പ്രസാധകര്‍ വിഴുങ്ങിയ രചനകള്‍

         കാവാലം അനില്‍

ഉള്ളിലറിഞ്ഞതിനെ വിശദമാക്കാനുള്ള പരിശ്രമമാണ് സാഹിത്യത്തില്‍ നിര്‍വഹിക്കപ്പെടുന്നത്. വ്യക്തി തന്നിലേക്കുതന്നെയും സമൂഹത്തിലേക്കും നടത്തുന്ന അന്വേഷണത്തിന്റെ ആകെത്തുകയാണത്. ഉര്‍വരമായ മനസ്സിന്റെ ധ്യാനഘട്ടങ്ങളിലെപ്പേഴോ നാമ്പിടുന്ന പരശതം ചിന്തകള്‍  എഴുത്തുകാരനെ സ്ഥലകാലബോധത്തിനപ്പുറത്തേക്കു കൊണ്ടുപോകുകയും നവമായൊരു സൃഷ്ടി സംഭവിക്കുകയും ചെയ്യുന്നു. ബോധപൂര്‍വകമായുള്ള ശ്രമമല്ലായിരിക്കും പലപ്പോഴുമത്. അതീതത്തിന്റെ കല്പനയാല്‍ വാര്‍ന്നുവീഴുന്ന ഹൃദയാക്ഷരങ്ങളാണ് ഓരോ എഴുത്തുകാരുടെയും ശാശ്വതസമ്പാദ്യം. ഒരുവനെ അനശ്വരനാക്കുന്നത് അത്തരമെഴുത്തുകളാണ്. എന്നാല്‍ അവ വെളിച്ചം കണ്ടില്ലങ്കിലോ? ഒരു പതിപ്പുമാത്രമിറക്കി പ്രസാധകര്‍ രചനയ്‌ക്ക് അപ്രഖ്യാപിത പിന്‍വലിക്കല്‍ നടത്തിയാലോ? എഴുത്തുലോകത്ത്  ഇപ്രകാരമുള്ള തരംതിരിവുകള്‍ ഉണ്ടായിട്ടുണ്ട്. മലയാളത്തെ സംബന്ധിച്ച് ചിന്തിക്കുമ്പോള്‍ മറ്റെവിടെത്തെക്കാളും വ്യത്യസ്തമായി തിരസ്‌ക്കാരങ്ങള്‍ക്ക് നിഗൂഢമായൊരു തലമുണ്ട്.  

ഇന്ത്യന്‍ ഫിലോസഫി, സംസ്‌ക്കാരം, വൈദിക വാങ്മയങ്ങള്‍,   നോവല്‍, ഖണ്ഡകാവ്യം തുടങ്ങി ദേശീയജീവിതവുമായി ബന്ധപ്പെട്ടതിനെയെല്ലാം അവഗണിക്കുന്ന കച്ചവടതന്ത്രം കേരളത്തിലെ മുന്‍നിര പ്രസാധകര്‍ പയറ്റാന്‍ തുടങ്ങിയിട്ട് കാലമേറെയായി. പല കാരണങ്ങള്‍ പറഞ്ഞ് പ്രസാധനം നീട്ടിക്കൊണ്ടുപോകുക. പ്രസിദ്ധീകരിച്ചാല്‍ത്തന്നെ കാര്യമായ പരസ്യപ്രചാരണങ്ങള്‍ നടത്താതിരിക്കുക, വില്പനശാലകളില്‍ വായനക്കാരന്‍ പെട്ടെന്നു കണ്ടുപിടിക്കാത്ത സ്ഥലത്ത് പൂഴ്‌ത്തിവെയ്‌ക്കുക, അന്വേഷണങ്ങക്ക് കൃത്യമായി മറുപടി പറയാതിരിക്കുക എന്നിങ്ങനെയുള്ള കലാപരിപാടികള്‍ നടത്താന്‍ കെല്പുള്ളവരാണ് ഇക്കൂട്ടര്‍.  ഈ മെല്ലെപ്പോക്ക് നയത്തിനിടയില്‍ രണ്ടുമൂന്നു വര്‍ഷംകൊണ്ട് ഒന്നാംപതിപ്പ് വിറ്റുതീര്‍ന്നു കഴിഞ്ഞാല്‍പിന്നെ  രണ്ടാംപതിപ്പ്  ഉണ്ടാകുകയില്ല. ഔട്ട് ഓഫ് സ്റ്റോക്കെന്ന മുദ്ര ചാര്‍ത്തുന്നതോടെ എന്നന്നേക്കുമായി പുസ്തകം മൃതിയടയുന്നു.  ഒട്ടേറെ ഉദാഹരണങ്ങള്‍ ഇക്കാര്യത്തിലുണ്ട്. സമൂഹത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരുടെ പുസ്തകങ്ങള്‍ക്കാണ് ഈ ഗതി വരുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.  ഭാരതത്തിന്റെ അഖണ്ഡതയും പ്രാചീനതയും ഹൈന്ദവീയമായ പാരമ്പര്യവും  പുസ്തകത്തില്‍ പ്രതിപാദിക്കപ്പെട്ടാല്‍ എത്ര വലിയ എഴുത്തുകാരുടെ പുസ്തകവും കേരളത്തിലെ  പ്രസാധകലോബി  വായനക്കാരിലെത്തിക്കില്ല. നമ്മുടെ പ്രസാധകരംഗത്തെ നിയന്ത്രിക്കുന്നത് ന്യൂനപക്ഷ കേന്ദ്രീകൃതമായ മതരാഷ്‌ട്രീയ ചിന്തകളാണെന്ന് പറയാതെ വയ്യ.

കുലപതി കെ.എം മുന്‍ഷിയുടെ പ്രശസ്തമായ രചനകളാണ് മഥുരാപുരി തുടങ്ങിയ നോവല്‍ ത്രയങ്ങള്‍. മാതൃഭൂമി ആഴ്ചപ്പതില്‍ ആര്‍ട്ടിസ്റ്റ് മദനന്റെ മനോഹരങ്ങളായ ചിത്രങ്ങളോടെ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ച മഥുരാപുരി, മായാമുരളി എന്നീ കൃതികള്‍ ഗ്രന്ഥരൂപത്തിലായെങ്കിലും ഇന്ന് ഈ കൃതികള്‍ വിപണിയില്‍ ലഭ്യമല്ല. ഭീമസേനന്‍, സത്യഭാമ എന്നീ കൃതികളുടെ  ഗതിയും ഇതു തന്നെ. കൃഷ്ണകഥയുടെ അതീവ ഹൃദ്യമായ ആവിഷ്‌ക്കാരമെന്ന നിലയില്‍ വായനക്കാരുടെ മനംകവര്‍ന്ന ഈ കൃതികള്‍ അപ്രത്യക്ഷമായതിനു പിന്നില്‍ നടുക്കുന്ന യാഥാര്‍ത്ഥ്യങ്ങളുണ്ട്. ഭാഗവതപാഠത്തെ ഭാവാത്മകമായി ചിത്രീകരിച്ചു എന്നുള്ളതാണ് പ്രസാധകരുടെ നെറ്റിചുളിപ്പിക്കുന്നത്. തീര്‍ച്ചയായും കൃഷ്ണസങ്കല്പത്തെ അപനിര്‍മ്മിക്കുന്ന ഒരു കൃതിയായിരുന്നു ഇതെങ്കില്‍ പുതിയ പതിപ്പുകളുമായി പുസ്തകം വിപണിയില്‍ ഉണ്ടാകുമെന്നു മാത്രമല്ല, കേരളത്തിലെ ബുദ്ധിജീവിവര്‍ഗ്ഗത്താല്‍ താലോലിക്കപ്പെടുകയും ചെയ്‌തേനെ. ഹൈന്ദവസങ്കല്പങ്ങളെ അപവ്യാഖ്യാനം ചെയ്യാന്‍ അവസരം പാര്‍ത്തിരിക്കുന്നവരുടെ മുമ്പില്‍ കുലപതി കെ.എം. മുന്‍ഷിയുടെ ഗ്രന്ഥങ്ങള്‍ കണ്ണിലെ കരടാണ്.

കേരളഗാന്ധിയെന്ന് വിളിപ്പേരുപതിഞ്ഞ കെ. കേളപ്പന്‍ രണ്ടു പ്രാവശ്യം മാതൃഭൂമിയുടെ  പത്രാധിപരായിരുന്നു. സമദര്‍ശിനിയുടെ പത്രാധിപരുമായിരുന്നു. 1968ലെ തളിയില്‍ ക്ഷേത്ര പുനരുദ്ധാരണത്തില്‍ മുന്‍കൈവഹിച്ചതും അദ്ദേഹമാണ്. തുടര്‍ന്ന് ഹൈന്ദവ നവോത്ഥാന ശ്രമങ്ങളില്‍ പങ്കാളിയായതോടുകൂടി കേരളത്തിലെ മാധ്യമലോകത്തിന് അദ്ദേഹം തൊട്ടുകൂടാത്ത ആളായി. ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള കെ. കേളപ്പന്റെ സമ്പൂര്‍ണ്ണ രചനാസമാഹാരംപോലും ഒരു പ്രസാധകനും പുറത്തിറക്കിയിട്ടില്ല. ചരിത്രത്തോടുചെയ്യുന്ന വഞ്ചനയാണിതെന്നു പറയാതെ വയ്യ. തലമുറകള്‍ക്ക് മാര്‍ഗ്ഗദീപമാകേണ്ട ഒരു സ്വാതന്ത്ര്യസമര സേനാനിയുടെ സഫലജീവിതത്തോട് കേരളീയ സമൂഹം നീതിപുലര്‍ത്തിയില്ല.

കെ.എം മുന്‍ഷി,കെ. കേളപ്പന്‍ , കുമാരനാന്‍

മലയാളികള്‍ക്ക് സുപരിചിതനാണ് മാലി എന്ന തൂലികാനാമത്തില്‍ രചന നിര്‍വഹിച്ച പി. മാധവന്‍ നായര്‍. സദന്യതിലകന്‍ ടി.കെ വേലുപ്പിള്ളയുടെ പുത്രനായ ആകാശവാണിയിലൂടെ ശ്രദ്ധേയനായ മാലി അമ്പതിലധികം പുസ്തകങ്ങളുടെ രചയിതാവാണ്.  മാലിരാമായണവും മാലിഭാരതവും മാലിഭാഗവതവും പുരാണകഥാമാലികയുമൊക്കെ വായിച്ചാണ് ഒരു തലമുറ വളര്‍ന്നത്. പക്ഷേ, മാലിയുടെ നിര്യാണശേഷം അദ്ദേഹത്തിന്റെ കൃതികള്‍ പലതും വിപണിയില്‍നിന്നും അപ്രത്യക്ഷമായി.  ഇതിന് പല കാരണങ്ങളുമുണ്ടാകും. പക്ഷേ, ആ കൃതികള്‍ ഭാവിയില്‍ പ്രചരിക്കാതിരിക്കാന്‍ ബോധപൂര്‍വമായ അലംഭാവം പ്രസാധകരുടെ ഭാഗത്തുനിന്നുണ്ടായി. ഇപ്പോള്‍ ഒന്നോ രണ്ടോ കൃതികള്‍ മാത്രം പുതിയ പതിപ്പുകള്‍ ഉണ്ടായിട്ടുണ്ട്. കേരളത്തിലെ വളര്‍ന്നുവരുന്ന ന്യൂനപക്ഷമതബോധത്തിന്റെ സ്വാധീനം നമ്മുടെ പ്രസിദ്ധീകരണശാലകളെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.  

മഹാകവി കുമാരനാശാന്റെ പ്രസിദ്ധകൃതിയാണ് ദുരവസ്ഥ. 1921ലെ മാപ്പിളലഹളയെ മുന്‍നിര്‍ത്തി ആശാനെഴുതിയ ഈ കൃതിക്കുനേരെ പ്രസിദ്ധീകരണവേളയില്‍ത്തന്നെ  പ്രതികരണങ്ങളുയര്‍ന്നിരുന്നു. ന്യൂനപക്ഷവര്‍ഗ്ഗീയതയെ പിണക്കാതിരിക്കാന്‍ ഇന്ന് പല പ്രസാധകരും ദുരവസ്ഥ പ്രസിദ്ധീകരിക്കുന്നില്ല. കുരുക്ഷേത്ര ബുക്‌സും ദേവിബുക്‌സും മാത്രമാണ് ഇതിനൊപവാദം. ഈ രണ്ടു പ്രസാധക സ്ഥാപനങ്ങള്‍ ധൈര്യപൂര്‍വം പതിപ്പുകളിറക്കി മുന്നോട്ടുപോകുന്നുണ്ട്. കുമാരനാശാന്‍ ഇന്നാണ് ദുരവസ്ഥ എഴുതിയിരുന്നെങ്കില്‍ അദ്ദേഹം വധിക്കപ്പെടുമായിരുന്നു എന്ന് ഒരു പത്രാധിപര്‍ അഭിപ്രായപ്പെട്ടതില്‍ അത്ഭുതത്തിനവകാശമില്ല. ന്യൂനപക്ഷ വര്‍ഗ്ഗീയതയുടെ ദു:ശാഠ്യത്തിനു വഴങ്ങി മലയാളത്തിലെ പ്രസിദ്ധീകരണങ്ങള്‍ സര്‍ഗ്ഗസൃഷ്ടികള്‍  സെന്‍സര്‍ ചെയ്താണ് പുറത്തിറക്കുന്നത് എന്നത്  ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന നവോത്ഥാന കേരളത്തിന് അപമാനകരമാണ്.

ഇന്ന് ജീവിച്ചിരിക്കുന്ന കന്നഡ എഴുത്തുകാരില്‍ അഗ്രഗണ്യനായി വിലയിരുത്തപ്പെടുന്ന വ്യക്തിയാണ് എസ്.എല്‍. ഭൈരപ്പ. രണ്ടായിരത്തി പതിനാറിലെ പത്മശ്രീ ജേതാവുമാണ് ഇരുപത്തെട്ട് പ്രശസ്ത നോവലുകമുടെ കര്‍ത്താവായ ഡോ. എസ്.എല്‍ ഭൈരപ്പ. എന്നാല്‍ കേരളത്തില്‍ ഈ എഴുത്തുകാരന്‍ വിലക്കപ്പെട്ടവനായിരുന്നു. ഉറുദു ഉള്‍പ്പെടെയുള്ള പ്രധാന ഇന്ത്യന്‍ ഭാഷകളിലേക്കു കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടും കേരളത്തിലത് ഉണ്ടായില്ല. ദാതു എന്ന കൃതിക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും, മന്ദ്ര എന്ന കൃതിയിലൂടെ സരസ്വതി സമ്മാനത്തിനും അര്‍ഹനായ ഈ എഴുത്തുകാരനെ കേരളത്തിലെ പ്രസാധകര്‍ അവഗണിച്ചതിനു പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ട്.  

അദ്ദേഹത്തിന്റെ പ്രശസ്ത കൃതിയായ ‘ആവരണ’യുടെ ഇംഗ്ലീഷ് പതിപ്പ് വായിച്ച ഒരു എഴുത്തുകാരി ആ കൃതി മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്ത് കേരളത്തിലെ ഒട്ടുമിക്ക പ്രസാധകരെയും സമീപിച്ചു. അവരാരുംതന്നെ പ്രസിദ്ധീകരണമേറ്റെടുക്കാന്‍ തയ്യാറായില്ല. പത്ത് വര്‍ഷമായി ഈ കൃതി  മലയാളത്തില്‍ ഇറങ്ങാതിരിക്കാന്‍ വേണ്ട ശ്രമങ്ങള്‍ പരിസമാപ്തിയെത്തിയ സമയമായിരുന്നു, അത്. പക്ഷേ, അപ്രതീക്ഷിതമായി വിവര്‍ത്തക ഒരു പ്രസാധക സ്ഥാപനത്തെ സമീപിക്കുകയും വ്യാജമതേതര ബുദ്ധിജീവികളെ  നിരാശപ്പെടുത്തിക്കൊണ്ട് ആ കൃതി വെളിച്ചം കാണുകയും ചെയ്തു.  അധിനിവേശങ്ങള്‍ക്കിരയായ ജനതയോടും അവരുടെ സംസ്‌കാരത്തിനോടുള്ള അവഹേളനവും ആക്ഷേപവും തുറന്നു കാട്ടുന്നു എന്നതായിരുന്നു ഈ നോവലിന്റെ പരിഭാഷ മലയാളത്തില്‍ ഉണ്ടാകാതിരുന്നതിന്റെ പ്രധാന കാരണം. നിശ്ശബ്ദരാക്കപ്പെടുന്ന മഹാഭൂരിപക്ഷത്തിന്റെ കണ്ണുനീരിന്റെ ഉപ്പുരസം നോവലില്‍  പകര്‍ത്തി എന്നതായിരുന്നു നോവലിസ്റ്റ് ചെയ്ത കുറ്റം.  ഇതൊന്നും ഒറ്റപ്പെട്ട കാര്യങ്ങളുമല്ല. ഇതേപോലെ നിരവധി സംഭവങ്ങള്‍ മലയാള പ്രസിദ്ധീകരണ രംഗത്തുണ്ട്.

കേരള സാഹിത്യ അക്കാദമിയും രചനകളെ തമസ്‌ക്കരിക്കുന്നതില്‍ ഒട്ടും പുറകിലല്ല. അക്കാദമി പ്രസിദ്ധീകരിക്കാന്‍ നിശ്ചയിച്ച ഒരു  കൃതിയുടെ അനുബന്ധമായി ഡോ. സുകുമാര്‍ അഴിക്കോടുമായി എഴുത്തുകാരന്‍ നടത്തിയ സുദീര്‍ഘമായ സംഭാഷണം  ചേര്‍ത്തിരുന്നു. അതില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയെ അഴീക്കോട് പ്രശംസിച്ചിരുന്നു. ഇക്കാരണത്താല്‍ അവതാരിക എഴുതാമെന്നേറ്റ, മുമ്പ് സാംസ്‌ക്കാരിക മന്ത്രിയായിരുന്ന രാഷ്‌ട്രീയ നേതാവ്  അതില്‍നിന്ന് ഒഴിഞ്ഞുമാറുകയും  അക്കാദമി  പുസ്തകം പ്രസിദ്ധീകരണത്തില്‍ നിന്ന് പിന്‍മാറുകയും ചെയ്തു. സുകുമാര്‍ അഴീക്കോട് പിന്നീട് താനങ്ങനെ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് തടിയൂരുകയുമുണ്ടായി. അക്കാദമിക സ്ഥാപനങ്ങള്‍ കൊണ്ട് സാധാരണ ഒരെഴുത്തുകാരന് പ്രയോജനമൊന്നുമില്ല എന്നും ഈ സംഭവം ഉദാഹരിക്കുന്നുണ്ട്.  

പത്രങ്ങളുടെ പക്ഷപാതം, തങ്ങള്‍ക്കിഷ്ടമില്ലാത്ത എഴുത്തുകാരുടെ സൃഷ്ടികള്‍  തമസ്‌ക്കരിക്കുന്ന സാഹിത്യ മാസികകളുടെ  അസഹിഷ്ണുത എന്നിവയെല്ലാംതന്നെ തുറന്നു കാട്ടപ്പെടേണ്ടതുണ്ട്.  നന്നായി കവിതയെഴുതുന്ന  ഒരു പത്രപ്രവര്‍ത്തകനോട്   ഇടതുപക്ഷ രാഷ്‌ട്രീയം പിന്തുടരാത്തതിനാല്‍ സൃഷ്ടികള്‍ പ്രസിദ്ധികരിക്കില്ല എന്ന് ഒരു പ്രമുഖ സാഹിത്യ വാരികയിലെ  പത്രാധിപര്‍ ആക്രോശിച്ച സംഭവവുമുണ്ടായിട്ടുണ്ട്.  

എഴുത്തുകാരുടെ ജാതിയും മതവും നോക്കി വിലയിരുത്തി രചനകള്‍ പ്രസിദ്ധീകരിക്കുന്നവരായി കേരളത്തിലെ സാഹിത്യ പ്രസിദ്ധീകരണക്കാര്‍. പുതിയ എഴുത്തുകാരെ സംബന്ധിച്ച് കൈയ്യില്‍ പണമുണ്ടെങ്കിലേ എത്ര മികച്ച പുസ്തകവും പ്രസിദ്ധീകരിക്കാനാവൂ എന്ന അവസ്ഥയുമുണ്ട്. മണ്‍മറഞ്ഞ എഴുത്തുകാരുടെ ഏതൊക്കെ കൃതികള്‍ പുനഃപ്രസിദ്ധീകരിക്കണം എന്ന് പ്രസാധകര്‍ തീരുമാനിക്കുംവിധമായി ഈ അപചയം. കെ. ദാമോദരന്റെ ‘ഇന്ത്യയുടെ ആത്മാവ്’ എന്ന പ്രസിദ്ധ ഗ്രന്ഥം ഭാരതീയ പാരമ്പര്യത്തെക്കുറിച്ച് പറയുന്നു എന്ന കാരണത്താല്‍ പുതിയ പതിപ്പിറക്കാതെ പ്രസാധക സ്ഥാപനം മാറ്റിവച്ചിരിക്കുകയാണ്.  

എന്‍.ഇ ബാലറാമിന്റെ ചില കൃതികളുടെ  അവസ്ഥയും വേറിട്ടതല്ല. വ്യാസദര്‍ശനത്തിലേയ്‌ക്കു മിഴിതുറക്കുന്ന പ്രൊഫ. തുറവുര്‍ വിശ്വംഭരന്‍ രചിച്ച ‘മഹാഭാരതപര്യടനം-ഒരു പുനര്‍വായന’ എന്ന ഗ്രന്ഥം ഒന്നാം പതിപ്പ് ഇറക്കിയതിനുശേഷം പ്രസാധക സ്ഥാപനം പുതിയ പതിപ്പ് ഇറക്കാതെ മാറ്റിവച്ചിരിക്കുകയാണ്. എല്ലാ വിഭാഗം വായനക്കാര്‍ക്കും ഉപയോഗപ്രദമായി തീരേണ്ട കൃതി അജണ്ടകള്‍ക്കനുസരിച്ച് മറവിയില്ലാകുന്ന പൊതുസമൂഹത്തോട് ചെയ്യുന്ന  ക്രൂരതയാണ്. യശഃശരീരനായ കവി വയലാര്‍ രാമവര്‍മ്മ  മുമ്പ് പൊക്രൂസ്റ്റസ് എന്ന കവിതയില്‍ എഴുതിയത് കേരളത്തിലെ സാംസ്‌കാരികരംഗത്തെ  സംബന്ധിച്ച് സത്യമായി ഭവിച്ചിരിക്കുന്നു.  

‘അവന്റെ കട്ടിലിനേക്കാള്‍ വലുതാണവരുടെ

ഉടലുകളെങ്കില്‍

അരിഞ്ഞു ദൂരെത്തള്ളും കത്തിക്കവരുടെ കയ്യും കാലും  

അവന്റെ കട്ടിലിനേക്കാള്‍ ചെറുതാണവരുടെ

ഉടലുകളെങ്കില്‍

അടിച്ചു നീട്ടും ചുറ്റിക കൊണ്ടവനവരുടെ കയ്യും  

കാലും.’

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by