തിരുവനന്തപുരം: വില്ലേജ് ഓഫീസര്‍മാരുടെ ശമ്പളം വെട്ടിക്കുറച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വില്ലേജ് ഓഫീസര്‍മാരുടെ ജോലിഭാരവും ഉത്തരവാദിത്തങ്ങളും സമഗ്രമായി പഠിച്ചതിനു ശേഷം 2014ല്‍ പത്താം ശമ്പള കമ്മീഷന് നിര്‍ണയിച്ച ശമ്പളമാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ വെട്ടിക്കുറയ്ക്കുന്നത്.
എന്നാല്‍, ഇവര്‍ക്ക് മാത്രം പ്രത്യേക ശമ്പള സ്കെയില്‍ അനുവദിക്കുന്നത് ഭരണപരമായ പ്രശ്നങ്ങളുണ്ടാക്കുമെന്ന കണ്ടെത്തലാണ് ശമ്പളം വെട്ടിക്കുറയ്ക്കാന്‍ കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ശമ്പള സ്കെയില്‍ പുനര്‍ നിശ്ചയിച്ച് ധന വകുപ്പാണ് ഉത്തരവിറക്കിയത്. ജൂലൈ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
പത്താം ശമ്പളക്കമ്മീഷന് തീരുമാനപ്രകാരം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചപ്പോഴായിരുന്നു വില്ലേജ് ഓഫീസര്‍മാര്‍ക്ക് പുതിയ സ്കെയില്‍ നിലവില്‍ വന്നത്. 29,200-62,400 എന്നതായിരുന്നു ശമ്പള സ്കെയില്‍. റവന്യൂ വകുപ്പിലെ ഹെഡ് ക്ലാര്‍ക്കുമാരാണ് പലപ്പോഴും വില്ലേജ് ഓഫീസര്‍മാരായി നിയമിതരാവാറുള്ളത്.
ഇവര്‍ പലപ്പോഴും പഴയ പോസ്റ്റുകളിലേക്ക് തിരികെ പോവാറുമുണ്ട്. ഹെഡ് ക്ലാര്‍ക്ക് തസ്തികയേക്കാള്‍ ഉയര്‍ന്ന ശമ്പളമാണ് വില്ലേജ് ഓഫീസര്‍ക്ക് നല്‍കുന്നത്. അതിനാല്‍, ഇനി മുതല്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് മാത്രം പ്രത്യേക ശമ്പളസ്കെയില്‍ അനുവദിക്കേണ്ടന്നാണ് തീരുമാനം. 27,800-59,400 എന്നതായിരിക്കും പുതിയ സ്കെയില്‍.
സമരത്തിനൊരുങ്ങി എന്‍ജിഒ സംഘ്
ജീവനക്കാര്‍ക്ക് നേരെ ഇടത് സര്‍ക്കാര്‍ നടത്തുന്ന വെല്ലുവിളികളുടെ തുര്‍ച്ചയാണ് നടപടിയെന്ന് എന്‍ജിഒ സംഘ്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി രാപ്പകലില്ലാതെ പണിയെടുക്കുന്ന വില്ലേജ് ഓഫീസര്‍മാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള ഏകപക്ഷീയമായ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പ്രളയ കാലത്തും കൊറോണ കാലത്തും മറ്റെല്ലാ ദുരന്തമുഖത്തും മാതൃകാപരമായി സേവനമനുഷ്ഠിക്കുകയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടില്‍ ഏകോപിപ്പിക്കുകയും ചെയ്യുന്ന ഭാരിച്ച ഉത്തരവാദിത്വം വഹിക്കുന്നവരാണ് വില്ലേജ് ഓഫീസര്‍മാര്‍.
എല്ലാ കാലത്തും വാങ്ങുന്ന ശമ്പളത്തിന്റെ പതിന്മടങ്ങ് ജോലി ചെയ്യേണ്ടി വരുന്ന വില്ലേജ് ഓഫീസര്‍മാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം അടിയന്തരമായി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് സി. സുരേഷ് കുമാറും ജനറല്‍ സെക്രട്ടറി ടി.എന്‍. രമേശും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: