തിരുവനന്തപുരം: പാങ്ങപ്പാറ ഹെല്‍ത്ത് സെന്റര്‍ കെട്ടിട സമുച്ചയം ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൊറോണ കെയര്‍ സെന്ററുകള്‍ക്ക് കെട്ടിടങ്ങള്‍ ഇല്ലാതിരിക്കെയാണ് ഇങ്ങനെയൊരു കെട്ടിടസമുച്ചയം ആര്‍ക്കും ഉപകാരമില്ലാതെ അടച്ചിട്ടിരിക്കുന്നത്. ഏതാണ്ട് 2.5 കോടി രൂപ ചെലവില്‍ നിര്‍മിച്ച പാങ്ങപ്പാറ ഹെല്‍ത്ത് സെന്ററിന്റെ പുതിയ ബ്ലോക്ക് രാഷ്ട്രീയക്കാരുടെ തമ്മിലടി കാരണമാണ് ഉദ്ഘാടനം നടത്താതെ പൂട്ടിയിട്ടിരിക്കുന്നത്.
പ്രതിമാസം 25,000 ല്‍ പരം ആളുകള്‍ക്ക് ഉപകാരപ്രദമായ ആശുപത്രിയാണ് അധികൃതര്‍ അവഗണിക്കുന്നത്. ഈ ആശുപത്രിയെ താലൂക്ക് നിലവാരത്തില്‍ ഉയര്‍ത്തുവാനുള്ള ഭൗതികസാഹചര്യവും നിലവിലുണ്ട്. മെഡിക്കല്‍ കോളേജിലെ തിരക്ക് കുറക്കാന്‍ താലൂക്ക് നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്ന ആവശ്യവും ദീര്‍ഘനാളായി ഉയരുന്നു. എന്നാല്‍ ഈ ഹെല്‍ത്ത് സെന്ററിനെ കേവലം മെഡിക്കല്‍ കോളേജിന്റെ ട്രെയിനിങ് സെന്റര്‍ ആയി മാത്രമാണ് ഉപയോഗിക്കുന്നത്. കൊറോണ കാലത്ത് രോഗികളുടെ നിരീക്ഷണ കേന്ദ്രം ആക്കുവാന് പോലും ആരോഗ്യവകുപ്പ് തയാറാകുന്നില്ല.
കോടികള്‍ ചെലവിട്ട ഈ ആശുപത്രി കെട്ടിടസമുച്ചയം അടിയന്തര പ്രാധാന്യത്തോടെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഹെല്‍ത്ത് സെന്ററിനോടുള്ള അധികാരികളുടെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചു ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപി കഴക്കൂട്ടം നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ആര്.എസ്. രാജീവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: