കോഴിക്കോട്: അതീവ പരിസ്ഥിതി ലോല മേഖലയായ കോടഞ്ചേരിയിലെ അനധികൃത കരിങ്കല്‍ക്വാറി ജീവന് ഭീഷണിയാകുന്നു. നിരന്നപാറ അമ്മായിക്കാട് ഐഎച്ച്ഡിപി കോളനിക്ക് സമീപത്തുള്ള കരിങ്കല്‍ ക്വാറിയാണ് പ്രദേശത്തെ വീട്ടുകാരുടെ ജീവന് ഭീഷണിയാകുന്നത്. ചട്ടങ്ങള്‍ ലംഘിച്ച് സിപിഎം ഒത്താശയോടെയാണ് ക്വാറി പ്രവര്‍ത്തനം തുടങ്ങിയത്.
സ്ഫോടകവസ്തു ഉപയോഗിച്ച് കല്ല് പൊട്ടിക്കുന്നതോടെ കോളനിയിലെ പല വീടുകള്‍ക്കും കേടുപാടുകളുണ്ടായി. ചുമരുകള്‍ക്ക് വിള്ളലുകളുണ്ടായി. അപകടാവസ്ഥയിലായ കോളനി ബിജെപി സംഘം സന്ദര്‍ശിച്ചു.
കോളനി നിവാസികളുടെ ജീവനും വീടിനും ഭീഷണിയായ കരിങ്കല്‍ ക്വാറി ഉടന്‍ അടച്ചുപൂട്ടണമെന്ന് സ്ഥലം സന്ദര്‍ശിച്ച ബിജെപി ഉത്തരമേഖല പ്രസിഡണ്ട് ടി.പി. ജയചന്ദ്രന് ആവശ്യപ്പെട്ടു. മന്ത്രി ടി.പി. രാമകൃഷ്ണന്റെയും സിപിഎമ്മിലെ ഉന്നത നേതാക്കളുടെയും അറിവോടുകൂടിയാണ് ഈ ക്വാറി പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ നേത്യത്വത്തിലുള്ള കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും സിപിഎമ്മിന്റെയും അവിശുദ്ധ ബന്ധത്തിനുദാഹരണമാണ് ഈ ക്വാറി.
റംഹ്മത്ത് സിദ്ധിഖ് , ഹാജറ ഇബ്രാഹിം തൈക്കാട്ട്, തിരുവങ്ങൂര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ക്വാറി തോട്ടം മേഖലയിലാണ്. ക്വാറി അടച്ചുപൂട്ടാത്ത പക്ഷം ബിജെപി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് ടി. ദേവദാസ്, തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് സി.ടി. ജയപ്രകാശ്, ബിനു അടുക്കാട്ടില്‍, മനു സുന്ദര്‍, എം.ടി. സുധീര്‍, പ്രേമന് കല്ലു പറമ്പില്‍, സതീഷ് മേലേപ്പുറത്ത് തുടങ്ങിയവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: