തൊടുപുഴ: ജില്ലയില്‍ ആറുപേര്‍ക്ക് ഇന്നലെ കൊറോ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് അറിയിച്ചു. ഇതില്‍ മൂന്ന് പേര് വിദേശത്ത് നിന്നും മറ്റുള്ളവര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. ആര്‍ക്കും രോഗമുക്തിയില്ല. ഇതുവരെ 69 പേര് രോഗ ബാധിതരായി. 34 പേര് രോഗമുക്തി നേടി.
രണ്ടുപേരെ തൊടുപുഴ ജില്ലാ ആശുപത്രിയിലും നാലുപേരെ ഇടുക്കി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഇടുക്കി ജില്ലക്കാരായ 35പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇവരില്‍ ഒരാള്‍ വീതം കോട്ടയത്തും മലപ്പുറത്തുമാണ് ചികിത്സയില്‍ കഴിയുന്നത്.
ഈ മാസം അഞ്ചിന് ഭര്‍ത്താവിനൊപ്പം ചെന്നൈയില്‍ നിന്നെത്തിയ 51കാരിയായ കരുണാപുരം പുഷ്പക്കണ്ടം സ്വദേശിനി ആണ് ആദ്യ രോഗി. കുമളി ചെക്ക് പോസ്റ്റിലെത്തിയ ഇവര്‍ മകന്റെ കാറിലാണ് വീട്ടിലെത്തിയത്. 15ന് സ്രവപരിശോധന നടത്തി. രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇവരുടെ ഭര്‍ത്താവിന്റെയും മക്കളുടെയും പരിശോധനാഫലം ഇന്ന് ലഭിക്കും.
രണ്ടാമത്തെ രോഗിയായ അടിമാലി ആനവിരട്ടി സ്വദേശിയായ 36-കാരനും കഴിഞ്ഞ അഞ്ചിനാണ് ഖത്തറില്‍നിന്ന് വന്നത്. മൂലമറ്റത്തെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലായിരുന്ന് മൂന്നുദിവസം താമസിച്ചിരുന്നത്. എട്ടിന് വീട്ടിലെത്തി. അപ്പോഴേക്കും വീട്ടിലുള്ളവരെ മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു. 16ന് സ്രവപരിശോധന നടത്തി.
മൂന്നാമത്തെ രോഗി കുവൈത്തില്‍ നിന്ന് 13-നാണ് വണ്ടന്മേട് കൊച്ചറ സ്വദേശിയായ 37കാരന് എത്തിയത്. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തിന്റെ സ്രവം 16ന് പരിശോധനയ്ക്കായി ശേഖരിച്ചു. വീട്ടിലുണ്ടായിരുന്നവരുമായി യുവാവ് യാതൊരുവിധ സമ്പര്‍ക്കവും പുലര്‍ത്തിയിരുന്നില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
നാലാമത്തെ രോഗി കട്ടപ്പന വെള്ളയാംകുടി സ്വദേശിയായ മുപ്പത്തിരണ്ടുകാരനും 13ന് തന്നെ കുവൈറ്റില്‍ നിന്ന് എത്തിയിരുന്നു. വണ്ടിപ്പെരിയാറ്റിലെ സര്‍ക്കാര്‍ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണം കാണിച്ചതിനേ തുടര്‍ന്ന് 16-ന് ആശുപത്രിയിലേക്ക് മാറ്റുകയും സ്രവപരിശോധന നടത്തുകയുമായിരുന്നു.
അഞ്ചാമത്തെ രോഗി ഉടുമ്പന്നൂര്‍ സ്വദേശിയായ 56കാരന് ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗമാണ് എത്തിയത്. ഇദ്ദേഹം മണക്കാടുള്ള സര്‍ക്കാര്‍ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവം ശേഖരിച്ചത് 16ന് ആണ്.
അവസാന രോഗിയായ തൊടുപുഴ ചെപ്പുകുളം സ്വദേശിയായ 44കാരന് ഹരിയാനയില്‍നിന്ന് വിമാനമാര്ഗമാണെത്തിയത്. 15നെത്തിയ ഇദ്ദേഹത്തെ രോഗലക്ഷണം കാണിച്ചതിനെത്തുടര്‍ന്ന് അന്നുതന്നെ തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 16ന് സ്രവം പരിശോധനയ്ക്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: