കോഴഞ്ചേരി: ആശാ വർക്കർക്ക് കോവിഡ് ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ് ആരോഗ്യ പ്രവർത്തകർ. മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ ആശാവർക്കറും കുടുംബശ്രീ പ്രവർത്തകയുമായ യുവതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ഇത് എങ്ങനെ ഉണ്ടായി എന്ന് കണ്ടെത്താൻ കഴിയാത്തത് ഏറെ ആശങ്കക്ക് കാരണമാവുന്നു.
ആശാ പ്രവർത്തകയുമായി വേദി പങ്കിട്ട ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം, പഞ്ചായത്ത് പ്രസിഡന്റ് ലതാ വിക്രമൻ ഉൾപ്പടെ 99 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്. എന്നാൽ ആശാ വർക്കർ കുടുംബശ്രീ പ്രവർത്തക കൂടി ആയതിനാൽ നിരവധി കുടുംബശ്രീ അംഗങ്ങളുമായി അടുത്തിടപഴകി എന്ന് പറയുന്നു. ഈ സാഹചര്യത്തിൽ മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ 90 കുടുംബശ്രീകളിലെ ആയിരത്തി എണ്ണൂറോളം പേർക്കും പരിശോധന ആവശ്യമാണന്ന് ബ്ലോക്ക്് പഞ്ചായത്ത് പ്രസിഡന്റ് ഡിഎംഒയോട് ആവശ്യപ്പെട്ടു.
ഇതിനിടെ സമ്പർക്കത്തിലായ പഞ്ചായത്ത് ജീവനക്കാർ ഇപ്പോൾ പഞ്ചായത്ത് ഓഫീസിൽ തന്നെയാണ് കഴിയുന്നത്. വീട്ടിൽ പോവാൻ നിവൃത്തിയില്ലാത്തതും വീട്ടുകാരുമായി സമ്പർക്ക സാഹചര്യം ഒഴിവാക്കാനുമാണ് താമസം ഓഫീസിൽ തന്നെയാക്കിയത്.കോവിഡ് ഭീതി കാരണം മല്ലപ്പുഴശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ചികിത്സക്കായി ആരും എത്തുന്നില്ല. സർക്കാർ ഓഫീസുകളിലും ആളനക്കമില്ല. ആശാവർക്കറുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചതോടെ ആ സ്ഥാപനങ്ങളിലും ആളുകൾ എത്തുന്നില്ല
ജൂൺ 16നാണ് 42 കാരിയായ ആശാ വർക്കർക്ക് രോഗം സ്ഥിരീകരിച്ചത്. ജൂൺ രണ്ടിന് മല്ലപ്പുഴശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ രാവിലെ എട്ടു മുതൽ വൈകിട്ട് മൂന്നു വരെ ഒപിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. ജൂൺ എട്ടിന് തെക്കേമല സെൻട്രൽ ബാങ്ക് ബ്രാഞ്ചിൽ രാവിലെ 11 മുതൽ 11.30 വരെ സന്ദർശിച്ചിരുന്നു. ജൂൺ 10ന് റാന്നിയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു. ജൂൺ 12ന് രാവിലെ ആറന്മുള കമ്മ്യൂണിറ്റി കിച്ചണിലും രാവിലെ 11 മുതൽ 12 വരെ കോഴഞ്ചേരി മെഡിവിഷൻ ലാബിലും എത്തിയിരുന്നു. ജൂൺ 13ന് രാവിലെ 10 മുതൽ 12 വരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും പോയിരുന്നുവെന്നാണ് റൂട്ടുമാപ്പിൽ പറയുന്നത്. എന്നാൽ ഇവർ ഒട്ടേറെ പേരുമായി സമ്പർക്കം പുലർത്തിയതിനാലും ഉറവിടം കണ്ടെത്താൻ ആവാത്തതിനാലും മല്ലപ്പുഴശ്ശേരിയിലും പരിസരങ്ങളിലും റാൻഡം പരിശോധന അനിവാര്യമാണ്.
11 പേർക്ക് കൂടി കോവിഡ്
പത്തനംതിട്ട: ജില്ലയിൽ 11 പേർക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. നിലവിൽ ജില്ലയിൽ 107 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 104 പേർ ജില്ലയിലും, മൂന്നു പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതുവരെ 160 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാലു പേർ രോഗവിമുക്തരായി. ജില്ലയിൽ ചികിത്സയിൽ ഉണ്ടായിരുന്ന മൂന്നു പേരും, കോട്ടയം ജില്ലയിൽ ചികിത്സയിൽ ഉണ്ടായിരുന്ന ഒരാൾക്കുമാണ് രോഗം ഭേദമായത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 52 ആയി. സ്വകാര്യ ആശുപത്രികളിൽ 12 പേർ ഐസൊലേഷനിലുണ്ട്. ജില്ലയിൽ ആകെ 125 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിലാണ്. പുതിയതായി 20 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ 567 കോൺടാക്ടുകൾ നിരീക്ഷണത്തിലുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 3381 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 1168 പേരും നിലവിൽ നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: