കൊച്ചി : അഭിമന്യു വധക്കേസ് പ്രതി കൊറോണ വൈറസ് രാജ്യത്ത് പടരാന്‍ തുടങ്ങിയ ഭീതിയില്‍ കീഴടങ്ങിയാതാണെന്ന് പോലീസ്. അഭിമന്യുവിന്റെ കൊലപാതകത്തിന് ശേഷം പ്രതി സഹല്‍ ഹംസ പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായത്തോടെ കര്‍ണ്ണാടകയിലേക്ക് ഒളിച്ചു കടക്കുകയായിരുന്നു. രണ്ട് വര്‍ഷത്തോളമായി കേരള പോലീസ് ഇയാള്‍ക്കുവേണ്ടി തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ ആയിരുന്നില്ല.
എന്നാല്‍ കര്‍ണ്ണാടകത്തില്‍ കൊറോണ പടര്‍ന്നു വ്യാപിക്കാന്‍ തുടങ്ങിയതോടെ നിവൃത്തിയില്ലാതെ സഹല്‍ കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു. ഒളിവില്‍ കഴിയവേ വൈറസ് ബാധയേറ്റാല്‍ ചികിത്സ തേടാന്‍ സാധിക്കില്ല ഇതാണ് സഹലിനെ നിയമത്തിന് മുന്നില്‍ കീഴടങ്ങാന്‍ പ്രേരിപ്പിച്ചത്.
കേരളത്തിലെത്തി കോടതിയില്‍ ഹാജരായാല്‍ നിയമ പരിരക്ഷയുടെ ഭാഗമായുള്ള വൈദ്യ സഹായവും ലഭിക്കുന്നതാണ്. ഇതെല്ലാം കണക്കിലെടുത്താണ് സഹല്‍ നീക്കം നടത്തിയത്. കര്‍ണ്ണാടകയില്‍നിന്ന് റോഡ്മാര്‍ഗം വീട്ടിലെത്തിയാണ് ഇയാള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിക്ക് മുമ്പാകെ ഹാജരായത്.
സഹലിന്റെ അറസ്റ്റോടെ കേസില്‍ നേരിട്ട് പങ്കാളികളായ എല്ലാ പ്രതികളും അറസ്റ്റിലായി. പോപ്പുലര്‍ ഫ്രണ്ട്-കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ 16 പേരാണ് പ്രതികള്‍. അഭിമന്യുവിന്റെ സുഹൃത്ത് അര്‍ജുനെ കുത്തിയ മുഹമ്മദ് ഷഹിം കഴിഞ്ഞ നവംബറില്‍ കീഴടങ്ങിയിരുന്നു. അഭിമന്യുവിനെ കുത്താന്‍ പിടിച്ചുനിര്‍ത്തിക്കൊടുത്ത വി.എന്‍. ഷിഫാസ്(23) ഉള്‍പ്പെടെ പലരും നേരത്തേ കീഴടങ്ങുകയായിരുന്നു. ഈ മാസം 25-ന് കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് ഇയാള്‍ കീഴടങ്ങിയത്.
കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത സഹലിനെ എറണാകുളം എസിപി കെ. ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ ഏറ്റുവാങ്ങി. കൊറോണ പരിശോധനയ്ക്കായി പ്രതിയെ ആലുവ താലൂക്ക് ആശുപത്രിയിലെത്തിച്ചു. ശേഷം കുറ്റവാളികളെ താമസിപ്പിക്കുന്ന കൊരട്ടിയിലെ കേന്ദ്രത്തിലേക്കുമാറ്റിയിരിക്കുകയാണ്.
കൊറോണ പരിശോധനാ ഫലം വരുന്നത് വരെ ഇവിടെയാകും സഹലിനെ താമസിപ്പിക്കുക. ഫലം പോസിറ്റീവാണെങ്കില്‍ എറണാകുളം മെഡിക്കല്‍കോളേജിലേക്കും നെഗറ്റീവെങ്കില്‍ ജയിലിലേക്കും മാറ്റും. രോഗമില്ലെന്നു തെളിഞ്ഞാല്‍ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് എസിപി എസ്ടി സുരേഷ് കുമാര്‍ പറഞ്ഞു. 1,500 പേജ് കുറ്റപത്രമാണ് അഭിമന്യൂ കേസില്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. കൂടാതെ അഭിമന്യുവിനെ കുത്താന്‍ ഉപയോഗിച്ച മൂര്‍ച്ചയേറിയ ആയുധം കണ്ടെടുത്തിട്ടില്ല. ഇതിനായി സഹലിനെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: