ന്യൂദല്‍ഹി : അതിര്‍ത്തി പ്രദേശമായ ലഡാക്ക് ഗല്‍വാന്‍ താഴ്വരയില് ചൈന മാസങ്ങള്‍ക്കു മുന്നേ തന്നെ ചൈന പ്രദേശത്ത് ഇടപെടലുജകള് നടത്തിയതായി സൂചന. ഉപഗ്രഹ ചിത്ര റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച് വ്യക്തമാക്കുന്നത്. ഇതുപ്രകാരം ഗല്‍വാനിലൂടെ ഒഴുകുന്ന നദിയുടെ ഒഴുക്കു തടസ്സപ്പെടുത്തി ഗതി മാറ്റാന്‍ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ലഡാക്കില്‍ ഇന്ത്യ- ചൈന സംഘര്‍ഷം നടന്ന സ്ഥലത്തു നിന്നും ഒരു കിലോമീറ്റര്‍ മാത്രം ദൂരെ നദിയുടെ ഒഴുക്കു തടയാന്‍ ശ്രമം നടത്തുന്നത്. നിയന്ത്രണ രേഖയില്‍ ചൈനയുടെ ഭാഗത്തായാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് നദിയുടെ ഒഴുക്കു തടസപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ബുള്‍ഡോസര്‍ കാണപ്പെട്ട സ്ഥലത്ത് നദിയുടെ ഒഴുക്ക് ഗതി മാറുന്നതായും ഒഴുക്കിനും തടസ്സം വന്നതായും കാണപ്പെടുന്നുണ്ട്.
പ്ലാനറ്റ് ലാബ്സ് എടുത്ത ചിത്രങ്ങളാണ് ചൈനയുടെ ഇടപെടല്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. മലയുടെ ഭാഗങ്ങള്‍ ഇടിച്ച് പാതകളുടെ വീതി കൂട്ടുകയും മണ്ണ് നീക്കുകയും ചെയ്തിട്ടുള്ളതായി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
നിയന്ത്രണ രേഖയില്‍ ഇരുവശങ്ങളിലും നിരവധി വാഹനങ്ങള്‍ ദൃശ്യങ്ങളില്‍ കാണാം. ഇന്ത്യയുടെ ഭാഗത്ത് 30-40 വാഹനങ്ങളാണുള്ളതെങ്കില് ചൈനയുടെ ഭാഗത്ത് നൂറിലധികം വാഹനങ്ങളുണ്ട്. ഇതും മേഖലയില്‍ ചൈന അസാധാരണമായ ഇടപെടല്‍ നടത്തിയിരുന്നു എന്നതിന്റെ സൂചനയാണ്. നിയന്ത്രണ രേഖയില്‍ ഇന്ത്യയുടെ ഭാഗത്ത് ചൈന നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ അവശിഷ്ടങ്ങള്‍ സാറ്റലൈറ്റ് ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ ഒരാഴ്ച മുന്‍പുള്ള ദൃശ്യങ്ങളില്‍ ഇവയില്ല. ഇതിനര്‍ത്ഥം ചൈന അടുത്ത ദിവസങ്ങളില്‍ നിര്‍മിച്ചവയാണ് ഇത് എന്നാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഇന്ത്യ- ചൈന സൈനിക ചര്‍ച്ചകള്‍ ഇന്നും തുടരും. ഗല്‍വാന്‍ അതിര്‍ത്തിയില്‍ വെച്ചാണ് ഇരുസേനയുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുക. ഗല്‍വാന്‍ മേഖലയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കടുത്ത് വെച്ചാണ് ഇന്ത്യയുടെയും ചൈനയുടെയും മേജര്‍ ജനറല്‍മാര്‍ കൂടിക്കാഴ്ച നടത്തുക. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലെ ധാരണ പ്രകാരമാണിത്. വ്യാഴാഴ്ച നടന്ന ചര്‍ച്ചയില്‍ നേരിയ പുരോഗതി ഉണ്ടെന്നും ഇന്ത്യന്‍ സേനാവൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വ്വകക്ഷിയോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: