ആധുനികശാസ്ത്രത്തിന്റെ തമോഗര്‍ത്തങ്ങളും ഘനദ്രവ്യങ്ങളും ഘനതാരങ്ങളും നീഹാരികകളും (നെബുലകള്‍: വാതകങ്ങളുടെയും പൊടിപടലങ്ങളുടെയും ലോകം) നക്ഷത്രങ്ങളും നക്ഷത്രവ്യൂഹങ്ങളും മനുഷ്യനുള്‍പ്പെടെയുള്ള പ്രാണിവര്ഗങ്ങളുമെല്ലാമെല്ലാം നിലനില്‍ക്കുന്നത് ഒരു കപാലത്തില്‍ (തലയോട്ടി, ഏഴു തുളകളുള്ള ഓട്ടക്കലം) ആണെന്ന് നാം എല്ലായ്പ്പോഴും ഓര്ത്തുവെയ്ക്കേണ്ടിയിരിക്കുന്നു. മഹാവിസ്ഫോടനം മുതല്‍ അണുവിസ്ഫോടനം വരെയുള്ള വലുതും ചെറുതുമായ സകല സംഭവങ്ങളും അവിടെത്തന്നെ നടക്കുന്നു.
ശാസ്ത്രജ്ഞന്റെ മനക്കണ്ണ് തലയോട്ടിക്കകത്തെ മസ്തിഷ്കം എന്ന വിശേഷദ്രവ്യപിണ്ഡത്തിലാണ്. അതിലേക്കുള്ള പോക്കുവരവുകള്‍ കപാലത്തിലെ ഏഴു തുളകളിലൂടെ (കണ്ണ് രണ്ട്, ചെവി രണ്ട്, നാസാവക്ത്രരന്ധ്രങ്ങള്, ഗളദ്വാരം) പ്രവേശിക്കുന്ന ജൈവനാഡീതന്തുക്കള്വഴിയാകുന്നു. മസ്തിഷ്കപ്രവര്‍ത്തനത്തിന്റെ ശാസ്ത്രമാണ് ന്യൂറോളജി എന്നറിയപ്പെടുന്ന നാഡീവിജ്ഞാനം. ഗണിതക്രിയകളും മസ്തിഷ്കത്തില്‍ നടക്കുന്നുണ്ട്. ഇവയെല്ലാം കാണുന്നത് മറ്റൊരു ശാസ്ത്രജ്ഞന്റെ മനക്കണ്ണുകൊണ്ടാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക!
മേല്പറഞ്ഞവയ്ക്കപ്പുറം ആധുനികശാസ്ത്രത്തിലുള്ളത് വിവേകശൂന്യങ്ങളായ, പ്രയോഗങ്ങള്‍ക്കുവേണ്ടി മാത്രമുള്ള പ്രയോഗങ്ങളാണ്. വ്യഷ്ടി സമഷ്ടി ഭേദമില്ലാതെ ആരെയും നിത്യസൗഖ്യത്തിലേക്കുയര്ത്താന് അവയെക്കൊണ്ടാകില്ല. ആ ചുമതലകൂടി ശാസ്ത്രങ്ങള്‍ക്കുണ്ട്. ശിവപ്രാപ്തിയാണ് ശാസ്ത്രങ്ങളുടെ അന്തിമലക്ഷ്യം. ആദ്ധ്യാത്മികതയ്ക്കു സ്ഥാനമില്ലാത്ത ദേവാസുരലോകമാകരുത് ശാസ്ത്രലോകം. പുറത്തല്ല, അകത്താണ് സംസ്കരണം വേണ്ടത്.
യോഗിയുടെ ലോകം ചിദാകാശത്തിലും, ജ്ഞാനിയുടെ ലോകം ദഹര(ചെറിയ) ആകാശത്തിലും, ഭക്തന്റേത് തുറന്ന മനസ്സിലും (ഹൃദയം) നിലനില്ക്കുന്നു. മുപ്പത്തിമുക്കോടി ദേവതാസ്ഥാനങ്ങളും (പ്രകൃതി തത്വങ്ങള്‍), എണ്ണിയാലൊടുങ്ങാത്ത ബ്രഹ്മാണ്ഡങ്ങളും, അനന്തമജ്ഞാതമവര്ണ്ണനീയപ്രപഞ്ചങ്ങളും, പുല്‍ക്കൊടി മുതല്‍ ബ്രഹ്മാവു വരെയുള്ള എല്ലാ ജീവജാലങ്ങളും, സമസ്തസങ്കല്പവികല്പങ്ങളും അവിടെത്തന്നെ.
ഒറ്റനോട്ടത്തില്‍ വിചിത്രങ്ങളും കടകവിരുദ്ധങ്ങളുമെന്നു തോന്നിക്കുന്ന പാശ്ചാത്യ-പൗരസ്ത്യ ശാസ്ത്രങ്ങളിലെ ചേരുവകള്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ഒരുപോലെ വാര്ത്തുവെച്ചതായി കാണപ്പെടുന്നത് ആകസ്മികമല്ല. കാഴ്ചപ്പാടുകള്‍പോലും പലതല്ല. പലതെന്ന് തോന്നിക്കുകയാണ്. ബാഹ്യപ്രപഞ്ചത്തിലായാലും, മനുഷ്യമസ്തിഷ്കത്തിലായാലും, ചിദാകാശ-ദഹരാകാശങ്ങളിലായാലും, ഭക്തന്റെ ഹൃദയകമലത്തിലായാലും ദൃശ്യങ്ങള്‍ പലതല്ല. അവ ഒരേയൊരു സദ്വസ്തുവിന്റെ പ്രതിരൂപങ്ങള്‍(വിവര്‍ത്തങ്ങള്‍) ആണല്ലോ. ആശയവിനിമയത്തിന്റെ രീതികള്ക്കാധാരമായ ദ്വന്ദ്വഭാവനകള്പോലും ഒരുപോലെത്തന്നെ. മസ്തിഷ്കങ്ങളിലും ഇടതു-വലതു വിഭജനമുണ്ട്.
ദൃശ്യങ്ങളെ മറികടന്നുവേണം ഏകദ്രഷ്ടാവായ മംഗളശിവനെ പ്രാപിക്കാനെന്നത് നമ്മുടെ ആദ്ധ്യാത്മികശാസ്ത്രങ്ങളുടെ അടിസ്ഥാനതത്വമാണ്. സമകാലിക ആധുനിക ശാസ്ത്രങ്ങളാകട്ടെ, നാഡീതന്തുക്കളുടെ ആവരണവും കപാലവും നിശ്ചയിക്കുന്ന പരിധിയിലും, ദൃശ്യങ്ങളായ മസ്തിഷ്ക കോശങ്ങളുടെ പരിമിതിയിലും കുടുങ്ങിക്കിടക്കുന്നു. നാഡീകോശങ്ങള്‍ കൈകാര്യം ചെയ്യുന്നത് വിവരങ്ങളെയാണ്. അവ പ്രാഥമിക അനുഭവത്തിന്റെ തലത്തിലല്ല.
ഭാരതീയശാസ്ത്രങ്ങളിലെ വിവേകം മാര്ഗദര്ശകമാക്കിക്കൊണ്ട് മസ്തിഷ്കഗ്രന്ഥി ഭേദിക്കാതെ ആധുനികലോകത്തിന് ശിവപ്രാപ്തി നേടാനാകില്ല. അദൃശ്യശിവം എന്ന പ്രാഥമികാനുഭവം സര്‍വത്ര സാക്ഷാത്കൃതമാകട്ടെ. ഭാരതത്തിന്റെ ദൈവീസമ്പത്തി പാശ്ചാത്യശാസ്ത്രത്തിന്റെ ആസുരീസമ്പത്തിക്കു മറുമരുന്നായിത്തീരട്ടെ. സര്‍വലോകങ്ങള്‍ക്കും മംഗളം ഭവിക്കുമാറാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: