അമേരിക്കയിലും കാനഡയിലുമായി പ്രവര്‍ത്തിക്കുന്ന നായര്‍ സംഘടനകളുടെ കൂട്ടായ്മയായ നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക (എന്‍എസ്എസ്ഒഎന്‍എ) പ്രവര്‍ത്തനത്തില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.അമേരിക്കയിലെയും കേരളത്തിലെയും നായര്‍ സമുദായ അംഗങ്ങള്‍ തമ്മില്‍ സംഘടിതമായ ബന്ധം സ്ഥാപിക്കുക. എന്നിട്ട് ആ സംവിധാനം ഉപയോഗപ്പെടുത്തി സ്ഥിരമായ പ്രയോജനകരമായ പദ്ധതികള്‍ നടപ്പിലാക്കുക. അമേരിക്കയിലെ സമുദായ അംഗങ്ങള്‍ക്ക്, പ്രത്യേകിച്ചും കുട്ടികള്‍ക്ക്, പാരമ്പര്യത്തിലും ആചാരങ്ങളിലും താല്പര്യം ഉണ്ടാക്കിയെടുക്കുക. ജീവകാരുണ്യ സഹായങ്ങളൊരുക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങള്‍ക്കും വേണ്ട മാര്‍ഗ്ഗ നിര്‍ദേശങ്ങളും സൗകര്യങ്ങളും ഒരുക്കുക. കേരളത്തിലെയും അമേരിക്കയിലെയും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരസ്പരം സഹകരിക്കുവാന്‍ അവസരങ്ങള്‍ ഒരുക്കുക. അര്‍ഹരായ കുട്ടികള്‍ക്ക് സ്ക്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുക, അമേരിക്കയിലെ കുട്ടികളില്‍ മലയാള ഭാഷയും ഹൈന്ദവ സംസ്കാരവും വളര്‍ത്താന്‍ സഹായിക്കുക, സമുദായത്തിലുള്ള ബിസിനസ്സ് ചെയ്യുന്നവര്‍ക്കും നിക്ഷേപകര്‍ക്കും ഉപഭോക്താക്കള്‍ക്കും പരസ്പര സഹായത്തോടെ വിദേശ ഇടപാടുകളില്‍ വളര്‍ച്ച നേടാന്‍ അവസരമൊരുക്കുക. തുടങ്ങിയവ ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന സംഘടന അതിനുതകുന്ന പദ്ധതികളും പരിപാടികളുമാണ് പോയ വര്‍ഷങ്ങളില്‍ സംഘടിപ്പിച്ചത്.രണ്ടു വര്‍ഷമായി സംഘടനയക്ക് നേതൃത്വം നല്‍കുന്നത് യുവാവായ സുനില്‍ നായരാണ്.
നോര്‍ത്ത് അമേരിക്കയിലെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെയും നായര്‍ കുടുംബങ്ങളെ ബന്ധിപ്പിക്കുന്നതിനും സാമൂഹികവും സാംസ്കാരികവുമായ ജീവിതം മെച്ചപ്പെടുത്തുന്നതിനും എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്ക നടത്തിയ ഇടപെടലുകളും സംഘടനയുടെ പ്രസക്തിയും വിശദീകരിക്കുകയാണ് സുനില്‍ നായര്‍
എന്‍എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സംഘടനാ സംവിധാനവും പ്രവര്‍ത്തനവും
അമേരിക്കയിലെയും കാനഡയിലെയും പ്രധാന നഗരങ്ങളിലെല്ലാം നായര്‍ സംഘടനകളുണ്ട്. പ്രാദേശികമായി രൂപം കൊണ്ടവയും നായര്‍ സര്‍വീസ് സൊസൈറ്റി എന്നോ അതിനോട് സാമ്യമുള്ളതോ ആയ പേരുകളില്‍ രജിസ്റ്റര്‍ ചെയ്തവയാണ്. പേര് എന്തായാലും അവയെല്ലാം എന്‍.എസ്സ് .എസ്സ്. എന്ന പേരില്‍ തന്നെയാണ് തദ്ദേശീയമായി അറിയപ്പെടുന്നത്. ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍ ഡിസി, ഹൂസ്റ്റണ്‍, ഡാലസ്, കലിഫോര്‍ണിയ, ഷിക്കാഗോ, ടൊറന്റോ, ഫിലാഡല്‍ഫിയ, മിനസോട്ട, എഡ്മിന്റന്‍, ന്യൂജഴ്സി തുടങ്ങി എല്ലാ പ്രധാന നഗരങ്ങളിലും എന്‍.എസ്സ് .എസ്സ്. പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നു. ഈ സംഘടനകളെ യോജിപ്പിക്കുന്ന ദേശീയ സംഘടനയാണ് നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക .
അമേരിക്കന്‍ ഭൂഖണ്ഡത്തിലെ നായര്‍ കുടുബംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ദ്വൈവാര്‍ഷിക കണ്‍വന്‍ഷനുകള്‍ ഉള്‍പ്പെടെ വിവിധ പരിപാടികളാണ് സംഘടന ഏറ്റെടുത്ത് നടത്തുന്നത്.. കണ്‍വന്‍ഷനോടുബന്ധിച്ച നടത്തുന്ന വിവിധ പരിപാടികള്‍ ഭാരതീയ സംസ്ക്കാരത്തിന്റെ മഹത്വവും പാരമ്പര്യവും ഭാവി തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന തരത്തില്‍ സംഘടിപ്പിക്കുന്നതിന് അതത് കാലത്തെ ഭാരവാഹികള്‍ ശ്രദ്ധിച്ചിരുന്നു. മറ്റ് മലയാളി സംഘടനകള്ക്ക മാതൃകയാക്കാവുന്ന കണ്‍വന്‍ഷനുകളായി മുന്‍ കണ്‍വന്‍ഷനുകള്‍ മാറി.
വിവര സാങ്കേതിക വിദ്യ വിരല്‍തുമ്പില്‍ നില്ക്കുന്ന അമേരിക്കയില്‍ സാമുദായിക സംഘടനകള്‍ അര്‍ത്ഥശൂന്യമല്ലേ
ഒരാള്‍ തന്റെ കുലത്തിലും വംശത്തിലും രാഷ്ട്രത്തിലും ഒക്കെ അഭിമാനം കൊള്ളുന്നതില്‍ തെറ്റൊന്നുമില്ല. അവനുള്‍പ്പെടുന്ന സമൂഹത്തിന് ഗുണമേ ഉണ്ടാകു. ചെറിയ ലോകത്തില്‍ നിന്നേ ഒരാള്‍ക്ക് വലിയ ലോകത്തെക്കുറിച്ച് ചിന്തിക്കാനാകു. നാടു നന്നാക്കാനിറങ്ങും മുമ്പ് സ്വന്തം വീട് ശരിയാക്കണം എന്നായിരുന്നു ഇത്തരമൊരു ചോദ്യത്തോട് സമുദായാചാര്യന്‍ മന്നത്തു പത്മനാഭന് ഒരിക്കല്‍ പറഞ്ഞത്. പല ദേശങ്ങളില്‍ കുടിയേറി പാര്‍ത്തവരാണ് അമേരിക്കയിലെ ജനങ്ങള്‍.. ജന്മദേശം, വംശം, ഭാഷ, മതം, ജാതി എന്നിവയെല്ലാം അടിസ്ഥാനമാക്കി പതിനായിരക്കണക്കിന് സംഘടനകളും അവിടെയുണ്ട്. അവയെല്ലാം ചേര്‍ന്നു ആ രാജ്യത്തിന്റെ സാമൂഹ്യ വ്യവസ്ഥയില്‍ ഉണ്ടാക്കുന്ന പുരോഗതി വളരെ വലുതാണ്. വിവിധ തരത്തിലുള്ള സംഘടനകള്‍ക്ക് പരസ്പരം മനസ്സിലാക്കാനും, പൊതുവായ വിഷയങ്ങളിന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാനുമുള്ള അവസരങ്ങളുമുണ്ട്. എല്ലാ രാജ്യങ്ങളിലെയും വിവിധ തരം സംസ്കാരങ്ങളും ഭാഷകളും ആഘോഷങ്ങളും കലാരൂപങ്ങളും ഭക്ഷണ രീതികളും എല്ലാം ആസ്വദിക്കാന്‍ അവയില്‍ താല്പര്യമുള്ള എല്ലാവര്ക്കും അവസരം ലഭിക്കുന്നു
പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തനത്തെ വിലയിരുത്തുമ്പോള്‍
നോര്‍ത്ത് അമേരിക്കയില്‍ പുതിയ നായര്‍ അസോസിയേഷനുകള്‍ രൂപീകരിക്കുന്നതിലാണ് ശ്രദ്ധേകേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിനായി നോര്‍ത്ത് അമേരിക്കയിലെ കമ്മ്യൂണിറ്റി അംഗങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. സമൂഹത്തില്‍ വിവാഹ സഹായം ആവശ്യമുള്ളവര്‍ക്കു സംഘടന സഹായം നല്കുന്നു. നായര്‍ സമൂഹത്തിലെ അര്‍ഹരായ അംഗങ്ങള്‍ക്കായി ചാരിറ്റി പ്രവര്‍ത്തനങ്ങളും അക്കാദമിക്, കരിയര്‍, ബിസിനസ് മേഖലകളില്‍ മാര്നിര്ദ്ദേശങ്ങളും നല്കിവരുന്നു. സ്ത്രീകളുടെയും യുവാക്കളുടെയും പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും നേതൃത്വഗുണങ്ങള്‍ വളര്‍ത്തുകയും ചെയ്യുന്നു.
പുതുതായി അമേരിക്കയിലേക്കു കുടിയേറുന്ന കുടുംബങ്ങളെ സഹായിക്കാന്‍ ശ്രമിക്കുന്നുണ്ട്. യാതൊരു മുന്പരിചയവുമില്ലാതെ അമേരിക്കയില്‍ എത്തുന്നവര്‍ക്ക് തനിച്ചല്ല എന്ന ധൈര്യം നല്‍കാനാണ് ഈ സംഘടന പരിശ്രമിക്കുന്നത്.ചാരിറ്റി, വിവാഹ സേവനങ്ങള്‍, വടക്കേ അമേരിക്കയിലെ നായര്‍ അസോസിയേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അംഗങ്ങളെ അറിയിക്കുന്നതിനായി പ്രതിമാസ വാര്‍ത്താക്കുറിപ്പുകള്‍ വിതരണം ചെയ്യുന്നുണ്ട്. നോര്‍ത്ത് അമേരിക്കയില്‍ വിവാഹത്തിനു ശ്രമിക്കുന്ന കുടുംബങ്ങളെ സജീവമായി സഹായിക്കുന്നു.
പ്രാദേശിക നായര്‍ അസോസിയേഷനുകള്‍ ചാരിറ്റി പരിപാടികള്‍, പ്രതിമാസ ഭജനകള്‍, മതപരമായ ഉത്സവങ്ങള്‍, ഓണം-വിഷു ആഘോഷങ്ങള്‍, കുടുംബ യോഗങ്ങള്‍, വിനോദയാത്ര എന്നിവ നടക്കുന്നുണ്ട്. അമേരിക്കയില്‍ മരണം നടന്നാല്‍ മരണാനന്തര ചടങ്ങുകള്‍ക്കു നേതൃത്വം കൊടുക്കും. നിലവില്‍, കുടുംബ-വിവാഹ കൗണ്‍സിലിംഗ്, ശിശുക്ഷേമം, ചൈല്‍ഡ് ഗൈഡന്‍സ്, വാര്‍ധക്യ സേവനങ്ങള്‍, അടിയന്തര സാമ്പത്തിക സഹായം എന്നിവയില്‍ എന്‍എസ്എസ്ഒഎന്‍എ സഹായങ്ങള്‍ നല്കിവരുന്നു. അമേരിക്കയില്‍ താമസിക്കുമ്പോഴും യുവതലമുറ സാംസ്കാരിക സ്വത്വം നിലനിര്‍ത്തുന്നതിലും സംഘടനയുടെ പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നതിലും അഭിമാനമുണ്ട്. പാരമ്പര്യങ്ങളെയും സാംസ്കാരിക സ്വത്വത്തെയും പരിരക്ഷിക്കുന്നതിനും നായര്‍ സമുദായത്തിന്റെ സമ്പന്നമായ പൈതൃകം അടുത്ത തലമുറകള്‍ക്കായി നിലനിര്‍ത്താനുമാണ് പരിശ്രമിച്ചത്.
കേരളത്തില്‍ ഏതു രീതിയിലൊക്കെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നു
അമേരിക്കയിലെ സാമുദായക പ്രവര്‍ത്തനത്തിനൊപ്പം നാട്ടിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സംഘടന സജീവമാണ്. 2018- ല്‍ ഉണ്ടായ പ്രളയസമയത്ത് സംഘടനാ പ്രവര്‍ത്തകര്‍ ദുരിതാശ്വാസ സഹായവുമായി നേരിട്ടെത്തി.വീടുനഷ്ടപ്പെട്ട സമുദായ അംഗങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്കി. അര്‍ഹരായ കുടുംബങ്ങള്‍ക്കു ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും സാമ്പത്തിക സഹായങ്ങള്‍ നല്കി.
സമുദായത്തിലെ പ്രമുഖഅംഗങ്ങളെ പരിചയപ്പെടുത്തുന്നതിനും എന്‍എസ്എസ്ഒഎന്‍എ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കന്നതിനുമായി തിരുവനന്തപുരത്ത് അവാര്‍ഡ് നൈറ്റ് സംഘടിപ്പിച്ചിരുന്നു. അശ്വതി തിരുനാള്‍ തമ്പുരാട്ടിയായിരുന്നു മുഖ്യാതിഥി. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള നായര്‍ സമുദായാംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. സാംസ്ക്കാരിക പരിപാടികളും നടത്തി.
ഗ്ലോബല്‍ നായര്‍ സംഗമം
2020 ജൂലൈയില്‍ ന്യൂയോര്‍ക്കിലെ മാരിയറ്റ് ഹോട്ടലില്‍ ഗ്ലോബല്‍ നായര്‍ സംഗമം നടക്കാന്‍ ഒരുങ്ങുകയായിരുന്നു.സംഗമത്തില്‍ 1000 ത്തോളം ആളുകളെ പ്രതീക്ഷിച്ചിരുന്നു.ബിസിനസ്സ് സെമിനാറുകള്‍, മാട്രിമോണിയല്‍ സേവനം, അക്കാദമിക് മാര്‍ഗ്ഗനിര്‍ദ്ദേശം, എല്ലാത്തരം ശാസ്ത്രീയ സംഗീതവും നൃത്തങ്ങളും, നൊസ്റ്റാള്‍ജിക് ഭക്ഷ്യമേളകള്‍, വനിതാ ശാക്തീകരണം, യുവജന പ്രവര്‍ത്തനങ്ങള്‍, സീനിയര്‍ ഫോറങ്ങള്‍ തുടങ്ങിയവ നടത്താന്‍ പദ്ധതിയിടുന്നു.കെ എസ് ചിത്രയുടെ ഉള്‍പ്പെടെ കലാപരിപാടികളും നിശ്ചയിച്ചിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെയ്ക്കേണ്ടി വന്നു
സുനില്‍ നായര്‍
നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റായ സുനില്‍ നായര്‍ സ്ഥാപക ജനറല്‍ സെക്രട്ടറിയാണ്. ന്യൂയോര്‍ക്കില്‍ താമസിക്കുന്ന സുനില്‍ രണ്ടു തവണ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്.നായര്‍ ബെനവലന്റ് അസോസിയേഷന് ഓഫ് ന്യൂയോര്‍ക്ക് മുന്‍ പ്രസിഡന്റും ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമാണ് . തിരുവനന്തപുരം സ്വദേശി
സുരേഷ് നായര്‍(സെക്രട്ടറി), ഹരിലാല്‍ നായര്‍(ട്രഷറര്‍), സിനു നായര്‍(വൈസ് പ്രസിഡന്റ്), മോഹന്‍ കുന്നംകലത്ത്(ജോയിന്റ് സെക്രട്ടറി),സുരേഷ് നായര്‍(ജോയിന്റ് ട്രഷറര്‍.) ഡോ. ശ്രീകുമാരി നായര്‍, അപ്പുകുട്ടന്‍ പിള്ള, കിരണ്‍ പിള്ള, ജയപ്രകാശ് നായര്‍, പ്രദീപ് പിള്ള,ജയന് മുളങ്ങാട്, ബീന നായര്‍, നാരായണന് നായര്‍, സന്തോഷ് നായര്‍, ഉണ്ണികൃഷ്ണന് നായര്‍, സുരേഷ് അച്യുതന് നായര്‍, ജയകുമാര്‍ പിള്ള, പ്രസാദ് പിള്ള, മനോജ് പിള്ള, അരവിന്ദ് പിള്ള, വിമല്‍ നായര്‍(ഡയറക്ടര്‍ ബോര്‍ഡ്) എംഎന്‍സി നായര്‍, സുരേഷ് പണിക്കര്‍, ബാല മേനോന്( ഉപദേശക സമിതി) എന്നിവരടങ്ങിയ ദേശീയ നേതൃത്വമാണ് സംഘടനയെ നയിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: