കണ്ണൂര്‍: കൊവിഡ് 19 വ്യാപനം തടയുന്നതിനായി കണ്ണൂര്‍ കോര്‍പ്പറേഷനിലെ ഒരു ഭാഗം അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ടി.വി. സുഭാഷ് ഉത്തരവായി. സമ്പര്‍ക്കം മൂലം കോവിഡ് 19 ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. കോര്‍പറേഷന്റെ 5, 11, 45, 46, 47, 48, 49, 50, 51, 52, 53 എന്നീ ഡിവിഷനുകളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളാണ് അടച്ചിടുക.
കണ്ണൂര്‍ നഗരത്തില്‍ നിന്നും തലശ്ശേരി ഭാഗത്തേക്ക് താണ വരെയും തളിപ്പറമ്പ് ഭാഗത്തേക്ക് പള്ളിക്കുന്ന് വരെയും ചാലോട് ഭാഗത്തേക്ക് കുഴിക്കുന്ന് വരെയും ജില്ലാ ആശുപത്രി ഭാഗത്തേക്ക് പ്രഭാത് ജങ്ഷന് വരെയും കക്കാട് ഭാഗത്തേക്ക് കോര്‍ജാന്‍ സ്കൂള്‍ വരെയും തായത്തെരു ഭാഗത്തേക്ക് റെയില്‍വെ അണ്ടര്‍ പാസ് വരെയുമുള്ള പ്രദേശങ്ങളാണ് അടച്ചിടുക.
ഇവിടെ മെഡിക്കല്‍ ഷോപ്പ് ഒഴികെയുള്ള സ്ഥാപനങ്ങള്‍ തുറക്കുന്നതിന് വിലക്കുണ്ടാകും. കൊറോണ പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചുമതലകളില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍, ഓഫീസുകള്‍ എന്നിവയെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പിഎസ്സി പരീക്ഷ, ഇന്റര്‍വ്യൂ, എസ്എസ്എല്‍സി മൂല്യ നിര്‍ണയ ക്യാമ്പ് എന്നിവയുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുള്ള അധ്യാപകര്‍, ജീവനക്കാര്‍, യൂണിവേഴ്സിറ്റിയിലെ പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുമായി ബന്ധപ്പെട്ട ജീവനക്കാര്‍ എന്നിവരെയും നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ദേശീയപാത വഴിയുള്ള ഗതാഗതത്തിനും തടസ്സമുണ്ടാകില്ല.
ജില്ലാകലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗത്തിന്റേതാണ് തീരുമാനം.
നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിനാവശ്യമായ പ്രായോഗിക ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എഡിഎം ഇ.പി. മേഴ്സിയുടെ അധ്യക്ഷതയില്‍ കോര്പ്പറേഷന് പ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗവും ചേര്‍ന്നിരുന്നു. ഡെപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ്, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന്മാരായ അഡ്വ. ടി ഒ മോഹനന്, അഡ്വ. പി. ഇന്ദിര, ഡിവൈഎസ്പി പി.പി. സദാനന്ദന്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇതിനു പുറമെ, വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാടായി-6, കോട്ടയം മലബാര്‍-11, വേങ്ങാട്-12 എന്നീ വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണായും ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. പാട്യം പഞ്ചായത്തിലെ 13-ാം വാര്‍ഡ് കണ്ടെയിന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: