ന്യൂദല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ 20 ജവാന്മാര് വീരമൃത്യു വരിച്ചതിന് പിന്നാലെ ചൈനയുമായുള്ള വ്യാപാര ബന്ധങ്ങളും കേന്ദ്രസര്‍ക്കാര്‍ പുഃന പരിശോധിക്കുന്നു. ഇതിന്റെ ആദ്യഭാഗമായി ചൈനീസ് കമ്പനിയുമായുള്ള 471 കോടിയുടെ പദ്ധതി കരാര്‍ ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കി.
കാണ്‍പൂര്‍-ദീന് ദയാല്‍ ഉപാധ്യായ റെയില്‍വേ സെക്ഷന്റെ 417 കിലോമീറ്റര്‍ സിഗ്നലിങും ടെലികോം കരാറുമാണ് റെയില്‍വേ അവസാനിപ്പിച്ചത്. ബീജീങ് നാഷണല്‍ റെയില്‍വേ റിസര്‍ച്ച് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്നല്‍ ഗ്രൂപ്പുമായിട്ടായിരുന്നു റെയില്‍വേ കരാര്‍ ഉണ്ടാക്കിയിരുന്നത്. എന്നാല്‍, ഇന്നു രാവിലെ ഈ കരാര്‍ ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കുകയായിരുന്നു.
2016ലാണ് ചൈന കമ്പനിയുമായി റെയില്‍വേ കരാര്‍ ഒപ്പിട്ടത്. നാല് വര്‍ഷം പിന്നിട്ടിട്ടും പദ്ധതിയുടെ 20 ശതമാനം പ്രവര്‍ത്തനമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ലോകബാങ്ക് ഫണ്ട് ഉപയോഗിച്ചാണ് പദ്ധതിയുടെ നിര്‍മാണങ്ങള്‍ നടത്തിയിരുന്നത്. ഭാരതത്തില്‍ ചൈനീസ് കമ്പനികളെ ബഹിഷ്കരണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്ന് വന്നിരുന്നതിനിടെയാണ് റെയില്‍വേയുടെ ഈ തീരുമാനമെന്നുള്ളതും ശ്രദ്ധേയമാണ്.
അതേസമയം, ബിഎസ്എന്‍എല്‍ 4 ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാനായി ചൈനീസ് നിര്‍മിത ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടതില്ലെന്ന നിലപാടുമായി ടെലികോം വകുപ്പും രംഗത്തെത്തിയിട്ടുണ്ട്. സുരക്ഷാ പ്രശ്നങ്ങളുണ്ടെങ്കില്‍ ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിക്കരുതെന്ന് ബിഎസ്എന്‍എല്ലിന് കര്‍ശന നിര്‍ദേശം നല്കാന് മന്ത്രാലയം തീരുമാനിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതുമായി ബന്ധപ്പെട്ട ടെണ്ടര്‍ പുനഃപരിശോധിക്കാനും ടെലികോം വകുപ്പ് തീരുമാനിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ചൈനീസ് നിര്‍മിത ഉപകരണങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവ ചൈനീസ് കമ്പനിയായ വാവെയുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ബിഎസ്എന്‍എല്‍ സെഡ്ടിഇയുമായിട്ടാണ് സഹകരിച്ചു പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: