ദേലംപാടി: ദേലംപാടി പഞ്ചായത്തിലെ ദേലംപാടിയിലേക്കുള്ള വനപാത ഉപാധികളോടെ ഗതാഗത യോഗ്യമാക്കാന്‍ അനുമതി. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി.കെ. അനൂപ് കുമാറാണ് അനുമതി നല്‍കിയത്. റിസര്‍വ്വ് വനത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ദേലമ്പാടി പഞ്ചായത്തിലെ ദേലമ്പാടി വില്ലേജിലുള്ളവര്‍ നിലവില്‍ കര്‍ണ്ണാടക സംസ്ഥാനത്തിന്റെ അധീനതയിലുള്ള റോഡ് വഴിയാണ് പ്രധാന കേന്ദ്രങ്ങളിലേക്കും തിരിച്ചു വീട്ടിലെത്താനും ഉപയോഗിക്കുന്നത്.
മഴക്കാലത്ത് വെള്ളം കവിഞ്ഞ് ഒഴുകുന്ന പള്ളത്തൂര് പാലം 7.50 കോടി ഉപയോഗിച്ച് പുതുക്കി പണിയു പദ്ധതി അന്തിമഘട്ടത്തിലാണ്. പരപ്പ-മയ്യള ഫോറസ്റ്റ് റോഡ് ഗതാഗത യോഗ്യമാക്കാന്‍ വനം വകുപ്പിന്റെ അനുമതി ലഭിക്കാത്തത് മഴക്കാലങ്ങളില്‍ ഈ വഴിയുള്ള ഗതാഗതം ദുര്‍ഘടമാക്കിയിരുന്നു. ഈ റോഡിന് വനം വകുപ്പിന്റെ അനുമതി ലഭിക്കുന്നതിനായുള്ള കാത്തിരിപ്പായിരുന്നു ഇക്കാലമത്രയും.
ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയുമായി ദേലംപാടിയെ ബന്ധിപ്പിക്കുന്ന പരപ്പ-മയ്യള റോഡിന്റെ വനപ്രദേശത്തുവരുന്ന 1700 മീറ്ററോളം മണ്‍പാത നന്നാക്കുന്നതിനാണ് അനുമതി ലഭിച്ചത്. റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതോടെ ഈ ഭാഗത്തെ 1500 ഓളം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. വര്‍ഷങ്ങളായുള്ള ദേലമ്പാടി പ്രദേശവാസികളുടെ കാത്തിരിപ്പിനും യാത്രാദുരിതത്തിനുമാണ് ഇതോടെ വിരാമമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: