രാമനാട്ടുകര: രാമനാട്ടുകരയില്‍ ഗോഡൗണില്‍ തീപ്പിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. സി.കെ.എസ് റെക്സിന് ആന്റ് ഫര്‍ണിഷിംഗ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണ്‍ ആയി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് ഇന്നലെ രാവിലെ ഏഴോടെ തീപ്പിടിത്തം ഉണ്ടായത്.
അപ്ഹോള്‍സ്റ്ററി വര്‍ക്കുകള്‍ക്ക് ഉപയോഗിക്കുന്ന റെക്സിന്, ഫോം, പശ, എന്നിവ സൂക്ഷിച്ച കെട്ടിടത്തിലാണ് തീപിടിച്ചത്. 40 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ ഉണ്ടായ അഗ്നിബാധയായതിനാലും കെട്ടിടത്തിന്റെ മുറികള്‍ ഇടുങ്ങിയതായതും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി.
മീഞ്ചന്തയില്‍ നിന്ന് സ്റ്റേഷന് ഓഫീസര്‍ പി.വി. വിശ്വാസിന്റെ നേതൃത്വത്തില്‍ എത്തിയ മൂന്ന് ഫയര്‍ യൂണിറ്റുകള്‍ രണ്ടു മണിക്കൂര്‍ സമയം പ്രവര്‍ത്തിച്ചാണ് തീ പൂര്‍ണ്ണമായും അണച്ചത്. അസി. സ്റ്റേഷന് ഓഫീസര്‍ പി.കെ. ബിജു, സീനിയര്‍ ഫയര്‍ ആന്റ് റസ്ക്യൂ ഓഫീസര്‍ ഇ. ശിഹാബുദ്ധീന്‍, സി. ദിനേശ് കുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
ചെറുകാട്ടില്‍ വീട്ടില്‍ സി.കെ. സന്ദീപിന്റേതാണ് സ്ഥാപനം. രാമചന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. മീഞ്ചന്ത അഗ്നിശമന സേനാംഗങ്ങള്‍ക്ക് പുറമെ സിഡിവി കോ- ഓര്‍ഡിനേറ്റര്‍ ശരത്തിന്റെ നേതൃത്വത്തില്‍ സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: