കൊല്ലം: വിപണിയില്‍ ഗുണനിലവാരമില്ലാത്ത സാനിറ്റൈസറുകള്‍ സുലഭമെന്ന് ആക്ഷേപം. കോവിഡ് 19 പ്രതിരോധത്തിന് മാസ്കും സാനിറ്റൈസറും ഫലപ്രദമാണെന്ന ആരോഗ്യവിഭാഗത്തിന്റെ അറിയിപ്പിനെ തുടര്‍ന്ന് ജനങ്ങളുടെ നിത്യോപയോഗ സാധനങ്ങളില്‍ ഇവ രണ്ടും വ്യാപകമായി. സാനിറ്റൈസര്‍ ഉപയോഗിച്ചുള്ള അണുനശീകരണം ഫലപ്രദമായതോടെ ഗുണനിലവാരമില്ലാത്ത സാനിറ്റൈസറുകള്‍ മാര്‍ക്കറ്റുകളില്‍ വ്യാപകമായിരിക്കുകയാണ്. ഔഷധനിര്‍മാണമോ അനുബന്ധ ഉത്പന്നങ്ങളോ നിര്‍മിച്ച് പരിചയമില്ലാത്ത കമ്പനികള്‍പോലും നിലവില്‍ സാനിറ്റൈസറുകള്‍ നിര്‍മിക്കുന്നതായാണ് വിവരം.
കേരളത്തിനു പുറത്തുനിന്നാണ് ഇത്തരത്തിലുള്ള സാനിറ്റൈസറുകള്‍ എത്തുന്നത്. ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള സംവിധാനങ്ങളുടെ അപര്യാപ്തയാണ് ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്നം. സംസ്ഥാനത്ത് നാല്പതോളം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുïെങ്കിലും ഇവയെല്ലാം ലൈസന്‍സ് നേടിയവയാണ്. കൂടാതെ സ്പിരിറ്റ് ലഭ്യതയ്ക്ക് കടുത്ത നിയന്ത്രണമുള്ളതും കേരളത്തില്‍ അനധികൃത കമ്പനികളുടെ വളര്‍ച്ചയ്ക്ക് തടസ്സമായി. സാനിറ്റൈസറുകളുടെ ഗുണനിലവാരം സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തം. ചില സാനിറ്റൈസറുകള്‍ ഉപയോഗിച്ച് കൈ കഴുകുമ്പോള്‍ കൈക്ക് നീറ്റലനുഭവപ്പെടുന്നതായും തൊലി ഇളകുന്നതായും ഉപഭോക്താക്കളില്‍ നിന്ന് പരാതിയുണ്ട്.
ലൈസന്‍സ് ഇല്ലാത്തതും അമിതവില ഈടാക്കുന്നതുമായ സംഭവങ്ങളില്‍ നടപടികളെടുക്കുന്നുവെന്ന് ജില്ലാ ഡ്രഗ്സ് കണ്ട്രോള് ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു. സാനിറ്റൈസറിലെ ചില ഘടകങ്ങള്‍ ചിലരില്‍ അലര്‍ജിയുണ്ടാക്കാനിടയുണ്ട്. എന്നാല്‍, പൂര്‍ണമായും സാനിറ്റൈസറുകള്‍ അലര്‍ജിയുള്ളവയാണെന്നു പറയാനാകില്ല. ഗ്ലിസറിന്‍ ഉപയോഗിച്ച് നിര്‍മിച്ചവയും തൊലിക്ക് ഹാനികരമാകില്ല. സാനിറ്റൈസറിന്റെ അമിത അളവിലുള്ള ഉപയോഗം പൊള്ളല്‍പോലെയുള്ള അസ്വസ്ഥതയുണ്ടാക്കും. അലര്‍ജിയെ തുടര്‍ന്ന് എക്സിമ എന്ന അവസ്ഥയിലേക്ക് എത്താം. ശരീരത്തില്‍ ചൊറിച്ചില്‍, ചുവന്ന് തടിക്കല്‍ എന്നിവ അനുഭവപ്പെട്ടാല്‍ ഡോക്ടറെ കാണണം. കഴിവതും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ കഴുകാന്‍ ശ്രമിക്കണം. ഇവ ലഭ്യമല്ലാത്ത സാഹചര്യത്തില്‍മാത്രം സാനിറ്റൈസര്‍ ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പും നിഷ്കര്‍ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: