ബെംഗളൂരു: രോഗലക്ഷണമില്ലാത്തവരെ നിരീക്ഷിക്കാനും ചികിത്സിക്കാനുമായി സംസ്ഥാനത്ത് കൊറോണ കെയര്‍ സെന്ററുകള്‍ ആരംഭിക്കുമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ.കെ. സുധാകര്‍ പറഞ്ഞു.
വിവിധ ഘട്ടങ്ങളിലുള്ള കൊറോണ രോഗികള്‍ക്ക് ആവശ്യമായ ചികിത്സയും പരിചരണവും സംബന്ധിച്ച് മേല്‍നോട്ടം നല്‍കാനായി വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. ബെംഗളൂരു നഗരത്തിലെ കൊറോണ കെയര്‍ സെന്ററുകളില്‍ 20000 കിടക്കകള്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്താന്‍ ബിബിഎംപി കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇത് ആശുപത്രികളിലെ തിരക്ക് കുറയ്ക്കാനും ആവശ്യമുള്ളവര്‍ക്ക് കിടക്ക ലഭ്യമാകുമെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്ന് സുധാകര്‍ പറഞ്ഞു. സംസ്ഥാനത്തെ ചികിത്സാ നടപടികളെ കുറിച്ചും മറ്റു സംസ്ഥാനങ്ങള്‍ സ്വീകരിച്ച ഫലപ്രദമായ ചികിത്സാ രീതികളെ കുറിച്ചും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും മന്ത്രി ചര്‍ച്ച നടത്തി.
വൈറസിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിനൊപ്പം പങ്കെടുക്കാന്‍ സ്വകാര്യ ആശുപത്രികളോട് മന്ത്രി ആവശ്യപ്പെട്ടു. കൊറോണ രോഗികളെ ചികിത്സിക്കാന്‍ വിസമ്മതിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്കി.
കൊറോണ കേസുകളുടെ ചികിത്സക്കായി സംവരണം ചെയ്യേണ്ട കിടക്കകളുടെ എണ്ണം, ഐസിയു സൗകര്യങ്ങള്‍, വെന്റിലേറ്ററുകള്‍ എന്നിവ സംബന്ധിച്ച് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: