പാലക്കാട്: ആറങ്ങോട്ടുകുളമ്പിനെ വിറപ്പിച്ചിരുന്ന കാട്ടാനകളെ കാടുകയറ്റി. ബുധനാഴ്ച്ച പകല്‍ പതിനൊന്നരയോടെ ഊറോലിയില്‍ നിന്നോടിച്ച് രണ്ട് കൊമ്പന്മാരെ പന്നിമട റെയില്‍വേ ട്രക്കും മുറിച്ചു കടത്തി അയ്യപ്പന് മലക്കപ്പുറത്തേക്കാണ് കയറ്റിവിട്ടത്.
ഇതോടെ ജനവാസമേഖലയിലിറങ്ങി വ്യാപകനാശനഷ്ടമുണ്ടാക്കിയ നാല് കൊമ്പന്മാരെയുമാണ് തുരത്തിയത്. ചൊവാഴ്ച്ച കയറ്റിവിട്ടു കൊമ്പന് തിരികെയെത്തിയിരുന്നു. കുങ്കിയാനകളും വനംവകുപ്പ് ജീവനക്കാരും ഒന്നിച്ചാണ് അവസാനത്തെ ആനയെയും ഓടിച്ചത്. എളമ്പ്രകാട് നിന്ന് വാച്ചര്‍മാരും ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരും അടങ്ങുന്ന സംഘം പടക്കംപൊട്ടിച്ച് ഓടിച്ച് ആനയെ ഊരോലിയില്‍ നിലയുറപ്പിച്ചിരുന്ന കുങ്കികളുടെ അടുത്തെത്തിച്ച് കാടുകയറ്റുകയായിരുന്നു.
കോടനാട് നീലകണ്ഠന്, കോന്നി സുരേന്ദ്രന്, അഗസ്ത്യന് എന്നീ കുങ്കിയാനകള്‍ ഇന്നു മുതല്‍ അരുകുടി, കൊട്ടേക്കാട്, എളമ്പ്രകാട്, ആറങ്ങോട്ടുകുളമ്പ്, ഊരോലി, പന്നിമട, തേക്ക് പ്ലാന്റേഷന് എന്നിവിടങ്ങളില്‍ പട്രോളിങ് നടത്തും. കാടുകയറിയ കാട്ടാനകള്‍ തിരികെയിറങ്ങാന്‍ സാധ്യതയുള്ളതിനാല്‍ രാത്രിയില്‍ വനംവകുപ്പിന്റെ പട്രോളിങും ഉണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: