ന്യൂദല്‍ഹി: അതിര്‍ത്തി തര്‍ക്കത്തില്‍ 20 ജവാന്മാര് വീരമൃത്യു വരിച്ചതോടെ ചൈനക്കെതിരെ നിലപാട് ശക്തമാക്കി ഇന്ത്യ. കിഴക്കന്‍ ലഡാക്കിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ കരസേന കൂടുതല്‍ ശക്തമാക്കി. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലുള്ള പണികള്‍ക്ക് വേഗം കൂട്ടാന്‍ ജാര്‍ഖണ്ഡില്‍ നിന്ന് 1700 തൊഴിലാളികളെകൂടി സൈന്യം എത്തിച്ചു. അതിര്‍ത്തിയിലെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് ചൈനയുടെ ആവശ്യം ഉന്നയിച്ചത്. എന്നാല്‍, ഇതു തള്ളിയാണ് യുദ്ധകാലടിസ്ഥാനത്തില്‍ നിര്‍മാണം ഇന്ത്യന്‍സൈന്യം മുന്നോട്ട് കൊണ്ടു പോകുന്നത്. സൈനിക ട്രക്കുകളിലാണ് തൊഴിലാളികളെ അതിര്‍ത്തിയില്‍ എത്തിച്ചിച്ചിരിക്കുന്നത്.
അതിര്‍ത്തിയിലെ റോഡുകളിലെ അറ്റകുറ്റപണികളാണ് സൈന്യം ഇപ്പോള്‍ പൂര്ത്തികരിച്ചുകൊണ്ടിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാരമുള്ള ട്രക്കുകള്‍ ഓടിച്ച് റോഡുകളുടെ ഉറപ്പ് സൈന്യം കഴിഞ്ഞ ദിവസം പരീക്ഷിച്ചിരുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള യുദ്ധോപകരണങ്ങള്‍ എത്തിക്കുന്നതിനാണ് ഇത്തരമൊരു പരീക്ഷണം നടത്തിയതെന്നാണ് സൈനിക വൃത്തങ്ങള്‍ നല്കുന്ന സൂചന.
അതിര്‍ത്തിയിലെ തല്‍സ്ഥിതി 15ന് വൈകിട്ടും രാത്രിയുമായി ലംഘിക്കാന്‍ ചൈനീസ് സൈന്യം ശ്രമം നടത്തിയതാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യയുടെ ഭാഗത്ത് മാത്രമാണ് ഇന്ത്യ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും സൈന്യം വ്യക്തമാക്കി. അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം ഉണ്ടാവുകയാണെങ്കില്‍ അതിവേഗം സൈനിക നീക്കം നടത്താനാവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ കിഴക്കന്‍ ലഡാക്കില്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: