പത്തനംതിട്ട: ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ ജനങ്ങൾക്കൊപ്പം ജില്ലാപോലീസ് ഉണ്ടായിരുന്നു. ഭക്ഷണം, വസ്ത്രം, ജീവൻരക്ഷാ ഔഷധങ്ങൾ തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും ജനങ്ങൾ പൊലീസിനെ ആശ്രയിച്ചു. ജനമൈത്രി പോലീസ് വിളിപ്പുറത്ത് സേവന സന്നദ്ധരായിനിന്നു. ഏറ്റവും ഒടുവിൽ ഇ വിദ്യാരംഭം എന്നപേരിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് വേണ്ട സൗകര്യങ്ങളില്ലാത്ത കുട്ടികൾക്ക് സഹായവുമായും ജില്ലാപോലീസ് രംഗത്തെത്തി. നിർധന, ദുർബല വിഭാഗങ്ങളിൽപെട്ട കുട്ടികളെ കണ്ടെത്തി ജനകീയ കൂട്ടായ്മയിലൂടെ അവർക്ക് സഹായമെത്തിച്ചു വരുകയാണ് ജനമൈത്രി പോലീസ്.
കഴിഞ്ഞ ദിവസം ജില്ലാ പോലീസ് മേധാവി കെ.ജി. സൈമൺ നേരിട്ട് വീട്ടിലെത്തി ടെലിവിഷൻ നൽകിയിരുന്നു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നാട്ടുകാരുടെ സഹകരണത്തോടെ ടിവിയും മറ്റും നൽകി വരുന്നു. കോന്നിയിലെ ജനമൈത്രി പോലീസാണ് ഈ മേഖലയിൽ കൂടുതൽ സേവനം ചെയ്ത്. ‘സ്വപ്നങ്ങൾക്ക് ഒരു കൈത്താങ്ങ് ‘എന്നു പേരിട്ട പദ്ധതിപ്രകാരം ഏഴ് ടെലിവിഷനുകൾ ഇതുവരെ വിതരണം ചെയ്തു. ടിവി ചലഞ്ചിൽ കോന്നി ഏഴുമൺ പ്ലാന്റേഷനിലെ 20 ഓളം കുട്ടികൾക്ക് പ്രയോജനപ്പെടുംവിധം ടിവി നൽകിയതാണ് ഏറ്റവും ഒടുവിലത്തേത്. തോപ്പിൽ മിച്ചഭൂമിയിലെ 30 വിദ്യാർഥികൾക്കും ഇത്തരത്തിൽ കോന്നി ജനമൈത്രി പോലീസ് സഹായങ്ങളെത്തിച്ചു.
പത്തനംതിട്ട ജില്ലാ പോലീസ് ടെലികമ്യൂണിക്കേഷൻ വിഭാഗം പോലീസ് ഇൻസ്പെക്ടർ പ്രസാദിന്റെ നേതൃത്വത്തിൽ ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയ കേബിൾ സൗകര്യം ഏർപ്പെടുത്തി. ഒരുകുട്ടിക്കു പോലും ഓൺലൈൻ വിദ്യാഭ്യാസം മുടങ്ങരുത് എന്ന ലക്ഷ്യത്തോടെയാണ് ജനങ്ങളുടെകൂടി സഹകരണത്തോടെ ഈ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ജില്ലാപോലീസ് മേധാവി കെ.ജി. സൈമൺ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: