ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ പണ്ടുമുതലേ പ്രശ്നങ്ങളുണ്ടെങ്കിലും അവയെല്ലാം സൈനിക തലത്തിലും നയതന്ത്ര തലത്തിലും പരിഹരിക്കപ്പെടുന്നതാണ് പതിവ്. അടിസ്ഥാനപരമായി അതിര്‍ത്തി പ്രത്യേകം വരച്ചുമാറ്റിയിട്ടില്ലാത്തതും വേലി സ്ഥാപിച്ചിട്ടില്ലാത്തതുമാണ് ചൈന മുതലെടുക്കുന്നത്. അവര്‍ക്ക് അവകാശവാദമുള്ള സ്ഥലങ്ങളെല്ലാം കയ്യടക്കിയശേഷം വീണ്ടും നമ്മുടെ ഭൂമി നിര്‍ബാധം പിടിച്ചെടുക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്.
ഈ ലക്ഷ്യത്തോടെ ചൈന നീങ്ങുന്ന സ്ഥലത്തെല്ലാം സര്‍വശക്തിയുമുപയോഗിച്ച് തടയുകയാണ് ഇന്ത്യന്‍ സൈനികര്‍ ചെയ്യുന്നത്. ചൈനയുടെ എല്ലാ തരത്തിലുള്ള സൈനിക നടപടികള്‍ക്കും കനത്ത തിരിച്ചടി നല്‍കാനുള്ള കരുത്ത് പുതിയ കാലത്തെ ഇന്ത്യ നേടിയിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്റെ മുന്നേറ്റത്തിലും കാര്യശേഷിയിലും ചൈനയ്ക്ക് വലിയ രീതിയില്‍ അസഹിഷ്ണുതയുണ്ട്.
എല്ലാ കാലത്തും ചില്ലറ പ്രശ്നങ്ങള്‍ അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളവുമായി ഉണ്ടാകാറുണ്ട്. എന്നാല്‍ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി അതിര്‍ത്തിയില്‍ വളരെ ക്രൂരമായ ആക്രമണമാണ് ഇന്ത്യന്‍ പട്ടാളത്തിന് നേരെയുണ്ടായത്. അവരുടെ ആക്രമണത്തിന് തീക്ഷ്ണത വര്‍ധിച്ചിരിക്കുന്നു. ലഡാക്കിലെ നാല് തന്ത്രപ്രധാന പ്രദേശങ്ങളില്‍ ഇടിച്ചുകയറി ആധിപത്യം സ്ഥാപിക്കാനാണ് ചൈനയുടെ നീക്കം.
ഇതിനായി അവരുടെ സൈനികശേഷി മുന്‍കാലത്തേക്കാള്‍ വര്‍ധിപ്പിക്കുന്നതാണ് കണ്ടത്. നേരിട്ട് ഒരു യുദ്ധത്തിന് ചൈന തയ്യാറാവില്ലെന്നുതന്നെയാണ് വിശ്വസിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള ഒരു യുദ്ധം ആലോചിക്കാനേ പറ്റില്ല. ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി ചൈനയ്ക്കെതിരെ തിരിഞ്ഞ ഈ വേളയില്‍ തങ്ങളുടെ മേല്‍ക്കോയ്മ സ്ഥാപിക്കാനും കരുത്തില്‍ ശോഷണം സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കാനുമാണ് അവരുടെ ശ്രമം.
സൈനികപരമായ ചര്‍ച്ചകളിലൂടെ മുന്‍കാലത്തേക്കാള്‍ ഭംഗിയായി പ്രശ്നം പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ഇപ്പോഴും കരുതുന്നത്. സമുദ്രനിരപ്പില്‍ നിന്നും 15000 അടി ഉയരത്തില്‍ മൈനസ് മുപ്പത് ഡിഗ്രി സെല്‍ഷ്യസ് തണുപ്പില്‍ ജോലി ചെയ്യുന്നതിന്റെ കാഠിന്യം പറഞ്ഞറിയിക്കാനാവില്ല.
അങ്ങനെ കാവല്‍ജോലിയിലുണ്ടായിരുന്ന ഇന്ത്യന്‍ സൈനികരെയാണ് ചൈനീസ് പട്ടാളം ആക്രമിച്ചത്. ആഗോളതലത്തില്‍ മുഖം മങ്ങിയ ചൈനയുടെ, മാധ്യമശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമായും ഇതിനെ കാണുന്നതില്‍ തെറ്റില്ല. ചൈനയുടെ ഭാഗത്തുനിന്നും ഔദ്യോഗികമായി യാതൊരു വിവരവുമില്ല. എത്ര പട്ടാളക്കാര്‍ മരിച്ചെന്നോ എന്താണ് നീക്കമെന്നോ ഒന്നും പറയുന്നില്ല. അവരുടെ മാധ്യമമായ ഗ്ലോബല്ടൈംസിനെ വിശ്വസിക്കാമെങ്കില്‍ നിരവധി ചൈനീസ് പട്ടാളക്കാര്‍ ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ മാധ്യമങ്ങളും ഇത് ശരിവയ്ക്കുന്നു.
ഇന്ത്യയും ചൈനയും യുദ്ധത്തിലേക്ക് നീങ്ങാന്‍ സാധ്യത വിരളമാണ്. നയതന്ത്രതലത്തില്‍ പ്രശ്നപരിഹാരമുണ്ടാക്കാന്‍ ഇപ്പോഴും സാധ്യതകള്‍ അടഞ്ഞിട്ടില്ല. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ തലയിടാതിരിക്കുകയാണ് ചൈനയ്ക്ക് നല്ലത്. ഗല്‍വാന്‍ താഴ്വരയാകെ പ്രത്യേകത നിറഞ്ഞതാണ്. 1962ലാണ് ചൈനയുമായി ഏറ്റവും അവസാനം യുദ്ധമുണ്ടായത്. ചൈനീസ് അതിര്‍ത്തിയിലേക്ക് മികച്ച റോഡുകള്‍ വേണമെന്നത് ഇന്ത്യയുടെ ആഭ്യന്തര ആവശ്യമാണ്. അത് നിറവേറ്റുകയും ചെയ്തു.
ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനമെന്നത് നരേന്ദ്രമോദി സര്‍ക്കാരിന്റെ സുപ്രധാന നയവുമാണ്. അതില്‍ വെല്ലുവിളികള്‍ കാണുകയാണ് ചൈന. ലോകത്തെ ഏറ്റവും വലിയ സൂപ്പര്‍പവര്‍ തങ്ങളാണെന്ന് സ്ഥാപിക്കാനായി ചൈന നടത്തുന്ന ഈ കുത്സിത ശ്രമത്തെ രാഷ്ട്രം ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: