ഇടുക്കി: ലോക്ക് ഡൗണ്‍ സമയത്ത് അടച്ചിട്ട വ്യാപാര സ്ഥാപനങ്ങളുടെ ഒരു മാസത്തെ വാടക ഒഴുവാക്കി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം പാഴ് വാക്കായി. പതിവ് പോലെ മുഖ്യമന്ത്രി പറഞ്ഞത് വിഴുങ്ങിയപ്പോള്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങള്‍ നിര്‍ബന്ധിച്ച് പണം വാങ്ങുന്നതായുള്ള പരാതി ശക്തമാണ്.
കൊറോണയുടെ പശ്ചാത്തലത്തില്‍ നടന്ന ആദ്യ സമയത്തെ പത്ര സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യം അറിയിച്ചത്. സ്വകാര്യ കെട്ടിട ഉടമകളും ഇതിന് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. നിരവധി കെട്ടിട ഉടമകള്‍ ഇതിന് തയ്യാറായെങ്കിലും സര്‍ക്കാര്‍ ഇതിന് തയ്യാറായിട്ടില്ല.
തൊടുപുഴ മുനിസിപ്പാലിറ്റി പണം അടക്കണമെന്ന് തങ്ങളുടെ വാടക കെട്ടിടത്തിലെ ആളുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രസ്താവന അറിഞ്ഞെങ്കിലും ഇത് സംബന്ധിച്ച ഔദ്യോഗികമായ യാതൊരു അറിയിപ്പും വന്നിട്ടില്ലെന്നും പിഴ മാത്രമാണ് ഒഴുവാക്കിയതെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇതോടെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ കീഴിലുള്ള കെട്ടിടങ്ങളുടെ വാടക നിര്‍ബന്ധ പൂര്‍വം വാങ്ങിക്കുകയാണ്.
നിലവിലെ ഉത്തരവില്‍ വാടക ഒഴുവാക്കി നല്കുന്ന യാതൊരു സൂചനങ്ങളും നല്‍കിയിട്ടില്ല. അര്‍ബന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നതിങ്ങനെ: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക കുടിശിക പിഴ ഒഴുവാക്കി അടക്കുന്നതിനുള്ള സമയം ജൂലൈ എഴ് വരെ ദീര്‍ഘിപ്പിച്ചതായാണ്. തങ്ങള്‍ക്ക് വാടക ഒഴുവാക്കുന്നതിന് തടസമില്ലെങ്കിലും സര്‍ക്കാര്‍ നിഷ്കര്‍ഷിക്കാതെ ചെയ്യാനാകില്ലെന്നാണ് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: