Categories: Kerala

പ്രവാസികളോടുള്ള വെല്ലുവിളി കടുപ്പിച്ച് പിണറായി;ചാര്‍ട്ടേഡ് വിമാനങ്ങളില്‍ മാത്രമല്ല വന്ദേഭാരത് മിഷനില്‍ നാട്ടിലെത്താനും കോവിഡ് പരിശോധന നിര്‍ബന്ധം

Published by

തിരുവനന്തപുരം: പ്രതിഷേധം ശക്തമായിട്ടും പ്രവാസികളോടുള്ള വെല്ലുവിളി കൂടുതല്‍ രൂക്ഷമാക്കി പിണറായി സര്‍ക്കാര്‍. നേരത്തേ, ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തുന്നവര്‍ക്ക് കോവിഡ് പരിശോധന സര്‍ട്ടിഫിക്കെറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ പാവങ്ങളായ പ്രവാസികള്‍ക്ക് ആശ്രയമായ വന്ദേഭാരത് മിഷന്‍ വഴി നാട്ടിലെത്താനും സമാനമായ സര്‍ട്ടിഫിക്കെറ്റ് നിര്‍ബന്ധമാക്കി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഇതോടെ വിദേശത്ത് നിന്ന് വരുന്ന എല്ലാ വിമാനങ്ങളില്‍ വരുന്നവര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാകുകയാണ്.

ഒരു വിമാനത്തില്‍ കൊവിഡുള്ളവരും ഇല്ലാത്തവരും ഒന്നിച്ച് വരുമ്പോഴുള്ള രോഗവ്യാപനസാധ്യത ഒഴിവാക്കാന്‍ ഇതാണ് ഏറ്റവും നല്ല മാര്‍ഗമെന്ന് വിലയിരുത്തിയാണ് സംസ്ഥാനസര്‍ക്കാര്‍ നീക്കം. ഇതിനെതിരെ പ്രവാസികളില്‍ നിന്നു വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിദേശരാജ്യങ്ങളില്‍ കോവിഡ് പരിശോധനയ്‌ക്കു വന്‍തുകയാണ് ആശുപത്രികള്‍ ഈനക്കുന്നത്. ജോലി നഷ്ടപ്പെട്ട് എത്തരത്തില്‍ എങ്കിലും നാട്ടിലെത്താന്‍ കഷ്ടപ്പെടുന്ന പ്രവാസികളോടുള്ള കൊടുംക്രൂരതയാണ് ഇപ്പോള്‍ സംസ്ഥാനസര്‍ക്കാര്‍ കാട്ടുന്നത്.  

പല പ്രധാനപ്രവാസിസംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. പല വിദേശരാജ്യങ്ങളിലും ഇപ്പോള്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ നടക്കുന്നില്ല. മാത്രമല്ല, ടെസ്റ്റുകള്‍ നടക്കുന്ന ഇടങ്ങളില്‍ ഓരോ ടെസ്റ്റിനും ഏതാണ്ട് എണ്ണായിരം രൂപ മുതല്‍ മുകളിലേക്കാണ് ചാര്‍ജ് ഈടാക്കുന്നത്. എന്തായാലും പരിശോധനാഫലം നിര്‍ബന്ധമാണെന്ന നിലപാടിലുറച്ച് സര്‍ക്കാര്‍ മുന്നോട്ടുനീങ്ങുമ്പോള്‍ പ്രതിപക്ഷം സമരത്തിനൊരുങ്ങുകയാണ്. 

പ്രവാസികളെ കൊണ്ടുവരുന്നത് കൊറോണ ബാധയില്ലെന്ന് ഉറപ്പ് വരുത്തിയശേഷം മാത്രം മതിയെന്ന ആവശ്യവുമായി പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു.. പ്രവാസികളുടെ വരവിനെ പൂര്‍ണമായും തടയുന്ന ആവശ്യങ്ങളാണ് കത്തില്‍. കേന്ദ്രസര്‍ക്കാരിനെതിരെ മാര്‍ച്ച് 12 ന് പാസാക്കിയ നിയമസഭാ പ്രമേയത്തിനും വാഗ്ദാനങ്ങള്‍ക്കും കടകവിരുദ്ധമാണ് കത്ത്. ഉത്തരവാദിത്വം മുഴുവന്‍ കേന്ദ്രസര്‍ക്കാരിന്റെ ചുമലില്‍ കെട്ടിവയ്‌ക്കാനുള്ള ഗൂഢശ്രമം കത്തിനു പിന്നിലുണ്ട്.  

പ്രവാസികളെ കൊണ്ടു വരുന്നതിനു മുമ്പ് വിദേശത്ത് കൊറോണ ടെസ്റ്റ് നടത്താനുള്ള സൗകര്യം എംബസികള്‍ മുഖേന ഒരുക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. പ്രവാസികള്‍ ഉള്ള രാജ്യങ്ങളില്‍ ടെസ്റ്റ് കിറ്റുകളുടെ ലഭ്യത കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് വരുത്തണം. സ്വന്തം നിലയ്‌ക്ക് ടെസ്റ്റ് നടത്തുവാന്‍ സാഹചര്യമില്ലാത്ത പ്രവാസികളെ സൗജന്യമായി ടെസ്റ്റ് ചെയ്യുവാന്‍ എംബസികളെ ചുമതലപ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. പിസിആര്‍ ടെസ്റ്റ് നടത്തുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ റാപിഡ് ടെസ്റ്റിനുള്ള സൗകര്യങ്ങള്‍ ഉറപ്പു വരുത്തണം. കൊറോണ പോസിറ്റീവായവരും രോഗമില്ലാത്തവരും ഒരുമിച്ചു യാത്ര ചെയ്യുന്നത് ഒഴിവാക്കണം. രോഗമുള്ളവര്‍ക്ക് പ്രത്യേക ഫ്ളൈറ്റ് ഏര്‍പ്പെടുത്തണമെന്നുള്ള അപ്രായോഗിക ആവശ്യവും കത്തിലുണ്ടായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by