തിരുവനന്തപുരം: സംസ്ഥാനത്ത് 2013 ല്‍ നടപ്പിലാക്കിയ പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിച്ച് കേരളം രാജ്യത്തിനാകെ മാതൃകയായി തീരണമെന്ന് പങ്കാളിത്ത പെന്ഷന് പുനഃപരിശോധനാ സമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ ഫെറ്റോ ആവശ്യപ്പെട്ടു.
പങ്കാളിത്ത പെന്ഷന് പദ്ധതി വലിയ പരാജയമാണെന്ന് ഇതിനകം തെളിയിക്കപ്പെട്ടുകഴിഞ്ഞു. പങ്കാളിത്ത പെന്‍ഷന്റെ ഭാഗമായി സര്‍വീസില്‍ നിന്ന് റിട്ടയര്‍ ചെയ്തവര്‍ക്ക് നാമമാത്രമായ പെന്ഷന് മാത്രമാണ് ലഭിക്കുന്നത്. സമിതി ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ചോദ്യാവലി തികഞ്ഞ അസംബന്ധമാണെന്ന് ചര്‍ച്ചയില്‍ ഫെറ്റോ ആരോപിച്ചു. പങ്കാളിത്ത പെന്ഷന് നിലനിറുത്തുകയെന്ന വ്യക്തമായ ഉദ്ദേശ്യത്തോടെയാണ് ചോദ്യാവലി തയ്യാറാക്കപ്പെട്ടത്.
ഇടതുസര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമെന്ന നിലയില്‍ മറ്റെല്ലാ സാങ്കേതികത്വവും മാറ്റിവച്ച് സ്റ്റാറ്റിയൂട്ടറി പെന്ഷന് മുഴുവന്‍ ജീവനക്കാര്‍ക്കും നടപ്പിലാക്കണമെന്ന ശുപാര്‍ശയാണ് സമിതി നല്‍കേണ്ടതെന്നും ഫെറ്റോ നേതാക്കള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മുഴുവന്‍ ജീവനക്കാരുടെയും അധ്യാപകരുടെയും അഭിപ്രായം വകുപ്പുതലത്തില്‍ എടുക്കണമെന്നും ഫെറ്റോ ആവശ്യപ്പെട്ടു.
ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എം. ശിവദാസ്, ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍, എന്‍ജിഒ സംഘ് ജനറല്‍ സെക്രട്ടറി ടി.എന്‍. രമേശ്, കെജിഒ സംഘ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബി. മനു സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി ടി.ഐ. അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: